അഖാര പരിഷത്ത് തലവൻ നരേന്ദ്ര ഗിരിയെ പ്രയാഗ് രാജില്‍ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

അഖിൽ ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയെ തിങ്കളാഴ്ച വൈകുന്നേരം ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ ഭാഗാംബരി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 72-കാരനായ അദ്ദേഹം ഉച്ചഭക്ഷണത്തിന് ശേഷം തന്റെ മുറിയിലേക്ക് പോയതാണെന്നും, വൈകുന്നേരം ശിഷ്യന്മാർ വാതിലിൽ മുട്ടിയിട്ടും സെൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല എന്ന് പോലീസ് പറഞ്ഞു.

ശിഷ്യന്മാർ വാതിൽ പൊളിച്ച് മുറിയിൽ പ്രവേശിച്ചപ്പോൾ സീലിംഗിൽ ഒരു നൈലോൺ കയറില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടു. പ്രഥമദൃഷ്ട്യാ ആത്മഹത്യയായാണെന്നാണ് യു പി പോലീസിന്റെ നിഗമനം.

“മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. മുറിയില്‍ നിന്ന് മഹന്ത് നരേന്ദ്ര ഗിരിയുടെ വില്‍‌പത്രവും ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, തന്നെ ബുദ്ധിമുട്ടിക്കുന്ന നിരവധി പേരുടെ പേരുകളും എഴുതിയിട്ടുണ്ട്,” പ്രയാഗ് രാജ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) കെപി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ അന്തസ്സോടെ ജീവിച്ചു, അപമാനത്തോടെ ജീവിക്കാൻ കഴിയില്ല, അതിനാലാണ് ഞാൻ എന്റെ ജീവൻ എടുക്കുന്നത്,” ഐജി കെപി സിംഗ് ആത്മഹത്യാ കത്ത് വായിച്ചു. 7-8 പേജുള്ള നീണ്ട കത്തിൽ, പല കാരണങ്ങളാൽ താൻ അസ്വസ്ഥനായിരുന്നുവെന്നും അങ്ങനെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും മഹന്ത് നരേന്ദ്ര ഗിരി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്‍റെ ശിഷ്യനായ ആനന്ദ് ഗിരി ആവശ്യപ്പെട്ടു.

ഉന്നത സ്വാധീനങ്ങളുള്ള വ്യക്തിയായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ യോഗി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. പൊടുന്നനെയാണ് മഹന്ത് നരേന്ദ്ര ഗിരി മരിച്ചതായി അറിയിപ്പ് ലഭിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ശിഷ്യര്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment