പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കെ റെയിൽ പദ്ധതി കേരളത്തെ നെടുകെ മുറിക്കും; പദ്ധതി അപ്രായോഗികമാണെന്ന് യുഡിഎഫ് ഉപസമിതി

കെ റെയിൽ പദ്ധതി അപ്രായോഗികമാണെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുകയും കേരളത്തെ നെടുകെ വെട്ടി മുറിക്കുകയും ചെയ്യും. തന്നെയുമല്ല, ഈ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് എം കെ മുനീർ അദ്ധ്യക്ഷനായ സമിതി യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകി. വ്യാഴാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും.

കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറുമെന്ന് സംസ്ഥാന സർക്കാര്‍ പറയുന്ന കെ റെയിൽ ഉണ്ടാക്കുന്ന അപകടങ്ങൾ യുഡിഎഫ് ഉപസമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തെ രണ്ടായി വേര്‍തിരിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതെന്നതും ശ്രദ്ധേയമാണ്.

കെ റെയിൽ യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് യുഡിഎഫ് ഉപസമിതി റിപ്പോർട്ട് പുറത്തുവരുന്നത്. അതിവേഗ പാത ഒരുക്കുന്നതിന്, പരന്ന പ്രതലത്തിൽ 4 മീറ്റർ ഉയരത്തിലും ചതുപ്പിൽ 10 മീറ്റർ ഉയരത്തിലും ട്രാക്ക് നിർമ്മിക്കേണ്ടതുണ്ട്. ഈ നടപടി കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിനെയും ഇത് ബാധിക്കും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും.

ഇത്രയും ചെലവിൽ നിർമ്മിക്കുന്ന റെയിലുകൾ സ്റ്റാൻഡേർഡ് ഗേജ് ആയതിനാൽ മറ്റ് ട്രെയിനുകൾക്ക് ഓടാൻ കഴിയില്ല. നിലവിലുള്ള റെയിൽവേ ലൈനുകളുടെ നവീകരണവും കുറഞ്ഞ ചെലവിൽ എയർ കണക്റ്റിവിറ്റിയും ഉപസമിതി നിർദ്ദേശിച്ച ബദലുകളാണ്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയില്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി യാഥാര്‍ഥ്യമായാല്‍ നാല് മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര ചെയ്യാനാവുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നത്. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഏജന്‍സിയെ വെച്ചിരുന്നു. പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഉപസമിതി റിപ്പോര്‍ട്ടില്‍ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമതീരുമാനമെടുക്കും. റിപ്പോര്‍ട്ട് അതേ പടി അംഗീകരിച്ച്‌ എതിര്‍ക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്താല്‍ വികസന വിരോധികള്‍ എന്ന വിമര്‍ശനം ഉയരുമോ എന്ന ആലോചന മുന്നണി നേതൃത്വത്തിനുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment