കൊച്ചി: ഐഎസ്ആർഒ ചാരക്കേസില്‍ പ്രധാന സാക്ഷികളായ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരുടെ മൊഴിയെടുക്കാന്‍ സിബിഐ സംഘം വിദേശത്തേക്ക് പോകുന്നു. ഇരുവരുമായി അഭിമുഖം നടത്താൻ അന്വേഷണ സംഘം മാലിയിലേക്കും ശ്രീലങ്കയിലേക്കും പോകും. മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസ്സനും കേസിൽ ക്രൂരമായി ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നവരാണ്.
സിബിഐ ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അവരെ കാണാൻ പോകുന്നത്. ഫൗസിയ ഹസൻ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസം. മൊഴിയെടുക്കാൻ രണ്ട് ദിവസം വേണ്ടിവരുമെന്ന് ഇരുവരെയും അറിയിച്ചിട്ടുണ്ട്.
അടുത്ത മാസം മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ മാസം 19ന് മാലിയിലും 21ന് കൊളംബോയിലും മൊഴിയെടുക്കാനായി എത്തുമെന്ന് സിബിഐ സംഘം മറീയം റഷീദയേയും ഫൗസിയ ഹസനേയും അറിയിച്ചിരുന്നു. എന്നാൽ കൊറോണയെത്തുടർന്ന് ശ്രീലങ്കയിൽ ലോക്ഡൗൺ കടുപ്പിച്ചതോടെയാണ് നടപടി മാറ്റിവെച്ചത്.
ആദ്യം മാലിയിൽ പോയി മറിയം റഷീദയെ കണ്ടശേഷമാകും ശ്രീലങ്കയിലേക്ക് പോവുക. തങ്ങളെ ഉപദ്രവിച്ച എസ് വിജയൻ അടക്കമുളള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ മൊഴി നൽകുമെന്ന് ഫൗസിയ ഹസൻ പറഞ്ഞു.
ഇരുവരേയും ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കാന്‍ സിബിഐ ആദ്യം ശ്രമിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഫൗസിയ ഹസൻ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news