നവംബർ ഒന്നിന് സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളും തുറക്കും

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍ നവംബർ ഒന്നിന് തുറക്കുമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്ലാസുകൾ പുനരാരംഭിക്കും. ഓൺലൈൻ പഠന കാലയളവിൽ കുറച്ച ഫീസ് പുനഃസ്ഥാപിക്കേണ്ടിവരുമെന്നും അവര്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബി‌എസ്‌ഇ അധികൃതര്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

സിബിഎസ്‌ഇ സ്‌കൂളുകളില്‍ ഓരോ കുട്ടിക്കും ക്ലാസുകളില്‍ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്. പ്രൈമറി സ്‌കൂളുകളില്‍ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായി സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡണ്ട് ടിപിഎം ഇബ്രാഹിം ഖാന്‍ അറിയിച്ചു.

അതേസമയം നവംബര്‍ ഒന്ന് മുതല്‍ പ്രൈമറി ക്‌ളാസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ചെറിയ കുട്ടികൾക്ക് കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് അധ്യാപകർ പറയുന്നു. പല സ്കൂൾ മാനേജ്മെന്റുകളും ആദ്യം വലിയ ക്ലാസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.

Print Friendly, PDF & Email

Leave a Comment