ഗോവയില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് മറാത്തി നടി ഈശ്വരി ദേശ്പാണ്ഡേയും സുഹൃത്തും മരിച്ചു

ഗോവയിലെ ആർപോറ ഗ്രാമത്തിനടുത്തുള്ള ബാഗ-കലാൻഗൂട്ട് റൂട്ടിലെ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണ് മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും (25) സുഹൃത്ത് ശുഭം ഡെഡ്ജും (28) മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണത്തിന് ശേഷം സെപ്തംബര്‍ പതിനഞ്ചിനാണ് ഇരുവരും അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയത്. റിപ്പോർട്ടുകൾ അനുസരിച്ച്, ആർപോറ ഗ്രാമത്തിന് സമീപം ഇടുങ്ങിയ റോഡിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. വളരെ ശക്തമായ ഒഴുക്കിലേക്ക് വീണയുടന്‍ കാര്‍ ലോക്കായതോടെ പുറത്തിറങ്ങാന്‍ കഴിയാതെ നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.

അമിത വേഗതയില്‍ എത്തിയ കാര്‍ ബാഗ-കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറിന്റെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും ഉള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

ഈശ്വരിയും ശുഭമും തമ്മിൽ വർഷങ്ങളായി പരസ്പരം അറിയാവുന്നവരാണ്. ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിക്കെയാണ് അപകടം.

ഈ അപകടം എല്ലാവരെയും ഞെട്ടിച്ചു. ഈശ്വരി പൂനെയിലെ കിർക്കത്വാടി നിവാസിയാണ്. ശുഭം നന്ദേഡ് നഗര പ്രദേശത്താണ് താമസിച്ചിരുന്നത്.

നടി മറാത്തി, ഹിന്ദി ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, സിനിമയുടെ റിലീസിന് മുമ്പുള്ള ചില ജോലികൾ ഇനിയും ചെയ്യാനുണ്ടായിരുന്നു. ഈശ്വരിക്ക് കുട്ടിക്കാലം മുതൽ ഒരു നടിയാകാനായിരുന്നു ആഗ്രഹമെന്ന് കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു.

ഈ സംഭവം അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലുണ്ടാക്കി. മരണം സ്ഥിരീകരിച്ചതിനു ശേഷം ഇരുവരുടേയും കുടുംബാംഗങ്ങളെ ഗോവ പോലീസ് വിവരം അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാവിലെ 7 മണിയോടെ അഗ്നിശമന സേന മൃതദേഹങ്ങളും കാറും കണ്ടെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment