“നിങ്ങളാണെന്നെ കമ്മ്യൂണിസ്റ്റാക്കിയത്”; കെ സുധാകരനേയും വി ഡി സതീശനേയും കടന്നാക്രമിച്ച് കെ പി അനില്‍കുമാര്‍

കോഴിക്കോട്: തനിക്ക് മനഃസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞത് സിപി‌എമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് ഈയ്യിടെ വിട്ടുപോന്ന മുന്‍ കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ. കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് ശാന്തമായി ഉറങ്ങാൻ കഴിഞ്ഞു എന്നും, അതിനുമുമ്പ് എവിടെ നിന്നാണ് കുത്ത് കിട്ടുന്നതെന്ന് അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജീവൻ ഭയന്നതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും അനില്‍കുമാര്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സിപിഎമ്മിന്റെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ മുരളീധരനും വി ഡി സതീശനും അടക്കം കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളെ വരെ അനില്‍കുമാര്‍ വിമര്‍ശിച്ചു. കെ സുധാകരനെതിരെ വന്‍ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. രാജ്യത്ത് മതനിരപേക്ഷത നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്ന് അദ്ദേഹം യോഗത്തിൽ അവകാശപ്പെട്ടു.

‘താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. സുധാകരൻ, സതീശൻ, വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് അല്ല. നേരത്തെ പാർട്ടി വിടേണ്ടതായിരുന്നു. എന്നെ കമ്മ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദി. സൈബർ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായത്. താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെയാണിത്. രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ പാർട്ടി വിട്ടത്.’

‘കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തു ചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെ, ചതിയുടെ ഉദാഹരണമാണ്.

കെ.മുരളീധരൻ ഒരു മാലിന്യമാണെന്ന് തിരിച്ചറിയാൻ ഇനി അധിക സമയം എടുക്കില്ല. മുരളീധരൻ ഇതുവരെ എത്ര പാർട്ടികൾ മാറിയിട്ടുണ്ട്? മുരളിയാണ് എൻസിപി വഴി എകെജി സെന്ററിൽ എത്താൻ ശ്രമിച്ചത്. മാലിന്യം സ്വീകരിക്കാമായിരുന്നുവെങ്കിൽ മുരളിയെ സ്വീകരിക്കുമായിരുന്നു. ആരാണ് എകെജി സെന്ററിന് മുന്നിൽ ഭിക്ഷാ പാത്രവുമായി നിൽക്കുന്നത്? ‘ അനില്‍കുമാര്‍ ചോദിച്ചു.

‘അദ്ദേഹം സോളാർ കേസിൽ പ്രതിയല്ല എന്നതാണ് കോൺഗ്രസിന്റെ യോഗ്യത. ഹൈക്കമാന്റിലെ ചിലരുടെ ഇടപെടലോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് ഇ-മെയിൽ അയച്ചത്. ചെന്നിത്തലയ്ക്ക് പാർലമെന്ററി പാർട്ടിയിൽ 11 വോട്ടുകൾ ഉണ്ടായിരുന്നു. കോൺഗ്രസ് നശിക്കാതിരിക്കാൻ സതീശനും സുധാകരനും അവരുടെ അഹങ്കാരം കുറയ്ക്കണമെന്ന് അനിൽ കുമാർ മുന്നറിയിപ്പ് നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment