പ്രശസ്തൻ (ചെറുകഥ): അബൂതി

ഒന്നു പ്രശസ്തനാവണം. നാലാള്‌ നമ്മെ പറ്റി നല്ലത് പറയണം. പത്താള് കണ്ടാല്‍ തിരിച്ചറിയണം!

ജന്മനക്ഷത്രത്തിന്റെ ദൃഷ്ടിദോഷം കാരണമായല്ലാതെ, എനിക്കങ്ങനെ ഒരു ചിന്ത ശൈശവദശയിലുണ്ടാവേണ്ട യാതൊരു കാര്യവുമില്ല. അങ്ങിനെയൊരു ചിന്താഫലമോ, പ്രാർത്ഥനാഫലമോ ആയല്ലാതെ, ബാല്യകാലേ തന്നെ പ്രശസ്തനാവാൻ, ഞാൻ വേറൊരു കാരണവും കാണുന്നുമില്ല.

സത്യത്തിൽ സ്വകുടുംബത്തിൽ പോലും ഞാൻ വളരെ അപ്രസ്കക്തനായിരുന്നൊരു കാലമുണ്ടായിരുന്നു. അതിൻറെ കാരണം ചേട്ടനായിരുന്നു. കൂടെ എന്റെ കൈയ്യിലിരിപ്പും. ചേട്ടൻ മിടുക്കനായിരുന്നു. യോഗ്യൻ. നന്നായി പഠിക്കും, സത്യസന്ധൻ, അനുസരണ ശീലമുള്ളവൻ. പോരാത്തതിന് കഠിനാധ്വാനിയും, അതും പോരാത്തതിന് സുന്ദരനും. അവനും ഞാനും ഒരുമിച്ച് നിന്നാൽ ചെന്തെങ്ങിൽ നിന്നും പറിച്ച ഇളനീരിന്റെ അരികിൽ കൊട്ടത്തേങ്ങ വച്ച പോലെ കാണുന്നോർക്ക് അയ്യേ എന്ന് തോന്നിപ്പോവും.

“അന്നെക്കൊണ്ട് തോറ്റു” എന്ന് എത്രയോ വട്ടം ഉമ്മ തന്നെ പറഞ്ഞിരിക്കുന്നു. സ്വതവേ കള്ളം പറയാൻ വലിയ മടിയില്ലാത്ത, പറയുന്ന കളവുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വല്ല്യ ബോധമില്ലാത്ത ഞാൻ, നിരുപദ്രവകരമായ പല കളവുകളും പറഞ്ഞ് സ്വന്തം വീട്ടിലും കൂട്ടുകാർക്കിടയിലും ആളാവാൻ ശ്രമിക്കാറുണ്ടായിരുന്നു. പാടത്തൊരു നീർക്കോലിയെ കണ്ടാൽ, ഞാൻ പറയും മൂർഖൻ പാമ്പിനെ കണ്ടെന്ന്. ചേരയെക്കണ്ടാൽ പറയും പെരുമ്പാമ്പിനെ കണ്ടെന്ന്. പെരുച്ചാഴിയെ കണ്ടതിന് കഴുതപ്പുലിയെ കണ്ടെന്ന് വച്ച് കാച്ചിയത് കൂട്ടുകാരോടായിരുന്നു. ആ വകയിൽ പള്ളിക്കൂടത്തിലുണ്ടായ പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. കാട്ടുതീ പോലെ കുട്ടികൾക്കിടയിൽ വാർത്ത പരന്നു. സ്‌ക്കൂളിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ കഴുതപ്പുലിയുണ്ടെന്ന്. കുട്ടികളൊക്കെ പേടിച്ചു. കൂട്ടത്തിലൊരു പെങ്കൊച്ച് ഏതോ ഇലയനങ്ങിയപ്പോൾ പേടിച്ചു നിലവിളിച്ച് നാശകോടാലിയാക്കി. അന്ന് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ, എന്റെ കാൽതുടകളിൽ നിക്കറിന്റെ താഴെ, അണ്ണാറക്കണ്ണന്റെ മുതുകിലുള്ള പോലെ മൂന്ന് നെടുങ്കൻ വരകളുണ്ടായിരുന്നു. നല്ല ചുവന്നുതുടുത്തത്.

കടയിൽ പോയാൽ പറഞ്ഞ അളവിൽ നിന്നും ഇച്ചിരിയോളം അളവ് കുറച്ച് സാധനങ്ങൾ വാങ്ങിക്കുകയും, ബാക്കി പൈസയ്ക്ക് മിഠായി വാങ്ങിക്കുകയും ചെയ്യും. എന്റെ സ്വഭാവദൂഷ്യം എന്നെക്കാൾ നന്നായി വീട്ടുകാർക്കറിയാവുന്നതുകൊണ്ടും, കണക്കിൽ ഞാൻ വളരെ പിന്നിലായത് കൊണ്ടും കള്ളത്തരം കൈയ്യോടെ പിടികൂടുകയും, ആ വകയിൽ ആയുർവേദ വിധി പോലെ നൂറ്റൊന്നാവർത്തി വീടിന് ചുറ്റും ഓട്ടപ്രദക്ഷിണവുമുണ്ടാവും.

ഇത്തരം ശനിദശകളൊക്കെ എങ്ങിനെ മാറുമെന്നാലോചിച്ച്, എങ്ങിനെയെങ്കിലും ഒന്ന് വലുതായിക്കിട്ടിയാൽ മതിയായിരുന്നു എന്നാഗ്രഹിച്ച് നടക്കുന്ന ആ സമയത്തെപ്പോഴോ, കളഞ്ഞു കിട്ടിയ മോഹമാണ് ഒന്ന് പ്രശസ്തനാവണമെന്ന്.

“ഓനാളൊരു വെറും മൊയ്ന്തല്ല” എന്ന്‌ അറ്റ്‌ ലീസ്റ്റ്‌ നാട്ടിലെ പരബ്രഹ്മ കീടങ്ങളെങ്കിലും പറയണം. അത്രമാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ.

എന്തെല്ലാം ചെയ്തുനോക്കി. കിം ഫലം നഹി. മണ്ടവരയുണ്ടോ മണ്ടി നടന്നാല്‍ മായുന്നു?

ചെറുപ്പം മുതലേ ചുണ്ടിലൊരു മൂളിപ്പാട്ടുണ്ടാവും. റേഡിയോയിലെ പാട്ട് കേട്ട് ശീലിച്ചതാണ്. കടയിൽ നിന്നും രണ്ടു രൂപ കൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്ന പാട്ടുപുസ്തകം വാങ്ങി അതിൽ കാണുന്ന പാട്ടുകൾ സ്വന്തമായി സംഗീതം നൽകി പാടാൻ മാത്രം സംഗീതാജ്ഞാനവും, കേട്ടിരിക്കുന്ന ആരും കോരിത്തരിച്ചു പോവുന്ന ആലാപന ശുദ്ധിയും എനിക്കുണ്ടായിരുന്നു. ഒരു ദിവസം സംഗീതാദ്ധ്യാപകന്റെ മുമ്പിലെത്തി ആഗ്രഹം പറഞ്ഞു. “ച്ച് പാട്ട് പഠിക്കണം. ച്ച് പാടണം.’

പാട്ടു പാടാനുള്ള വാസനയുണ്ടോ എന്നറിയാന്‍ അദ്ദേഹം എന്നെക്കൊണ്ടൊന്നു പാടിച്ചു. അത് കേട്ട്‌ അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയിലെ കഥാപാത്രത്തെ പോലെ ഒരിരുത്തമിരുന്നു. കുറെ നേരം അങ്ങിനെയിരുന്ന അദ്ദേഹം അവസാനം പറഞ്ഞു.

“മോനെ. മോനിപ്പോ തന്നെ നന്നായിട്ടൊക്കെ പാടുന്നുണ്ട്‌. അതോണ്ട്‌, മോന്‍ പോയി വല്ല പോലീസിലും ചേര്‌. നിന്റെ പാട്ട്‌ അങ്ങേയറ്റം വയലന്റായൊരു ജനക്കൂട്ടത്തെ മൊത്തം പിരിച്ചുവിടാന്‍ പര്യാപ്‌തമാണ്‌.”

അങ്ങിനെയിരിക്കെ ഒരു ദിനം വീട്ടിലൊരു സംഭവം നടന്നു. മേശവലിപ്പിൽ നിന്നുമൊരു സ്വർണ്ണാഭരണം, ചെറിയ എന്തോ ഒന്ന്, ഒരു കമ്മലിന്റെ തൊങ്ങൽ ആണെന്ന് തോന്നുന്നു, കാണാതായി. വീടാകെ തിരഞ്ഞു. കിട്ടിയില്ല. ആസ്ഥാന കുരുത്തം കെട്ടവൻ ഞാനാകയാൽ വീട്ടിലുള്ളോർ എല്ലാരും കൂടി വട്ടത്തിൽ നിന്ന് എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. ചാത്തനെന്ത് മഅശറ എന്ന മട്ടിൽ, എനിക്കെന്ത് സ്വർണ്ണം? ചോദ്യം ചെയ്യൽ സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ പറഞ്ഞു.

“ഞാനതെടുത്ത് സ്‌കൂളിലെ ഒരു കുട്ടിക്ക് കൊടുത്തു.”

ജാതകദോഷം ഫലിക്കാൻ നേരിയ കൈക്രിയ വേണ്ടി വന്നു എന്ന് പണ്ടാരോ പറഞ്ഞ പോലെയായി കാര്യങ്ങൾ. “ഏത് കുട്ടിക്കാണ്?” എന്ന ചോദ്യത്തിൽ ഞാഞ്ഞൂൽ പോലുള്ള വല്ലവരുടെയും പേര് പറഞ്ഞാൽ മതിയായിരുന്നു എന്ന് എനിക്ക് പിന്നീടെപ്പോഴും തോന്നാറുണ്ട്. ഞാൻ പറഞ്ഞത് “മേലീലെ ശരീഫ്” എന്നാണ്. പനങ്കുറ്റി പോലെ ശരീരമുള്ളൊരു ജഗജില്ലിയാണ് ഈ ചെക്കൻ.

അന്ന് അടിയുടെ പെരുന്നാളായിരുന്നു. പൂച്ച കാറുന്ന പോലുള്ള എന്റെ നിലവിളി ആ രാത്രിയിൽ ശുഭപന്തുവരാളി രാഗത്തിൽ വീട്ടിൽ നിന്നും ഉയർന്നു കേട്ടിട്ടും, അയൽവാസികൾ കാര്യമൊന്നും അന്വേഷിച്ചില്ല. അത്തരം രാഗവിസ്താരങ്ങൾ പുട്ടിന് പീരയെന്ന പോലെ ഇടയ്ക്കിടയ്ക്ക് എൻറെ വീട്ടിൽ നിന്നും കേൾക്കാറുള്ളതാണല്ലോ? അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

പിറ്റേന്ന് സ്‌കൂളിൽ പോയപ്പോൾ വീട്ടിൽ നിന്നും ഉഗ്രശാസന. അവൻറെ കൈയ്യിൽ നിന്നും അതും വാങ്ങിച്ചോണ്ടിങ്ങോട്ട് വന്നാൽ മതി. ഇല്ലെങ്കിൽ കൊല്ലും. അന്ന് മുതൽ കുറെ ദിവസങ്ങൾക്ക് എൻറെ കാര്യം മഹാ കഷ്ടമായിരുന്നു.

സ്‌കൂളിൽ ചെന്ന് ചേട്ടൻ ശരീഫിനോട് സംഗതി ചോദിച്ചു. മനസ്സാ വാചാ അറിയാത്ത കാര്യമായതോണ്ട് അവൻ പ്രശ്നമുണ്ടാക്കി. സ്‌കൂളിലാകെ ബഹളം. അദ്ധ്യാപകരടക്കം എല്ലാവരും കരുതിയത് ഞാൻ വീട്ടിൽ നിന്നും ഏതാണ്ട് പത്ത് പവൻ വരുന്ന സ്വർണ്ണമാല മോഷ്‌ടിച്ചോണ്ട് വന്ന് ആ ചെക്കന് കൊടുത്തു എന്നാണ്. ഗതികേട് ശരീഫിനും ഉണ്ടായി. അവൻ കൂട്ട് കള്ളനായി. അവൻറെ വീട്ടുകാർ തൊണ്ടി മുതൽ ഒളിപ്പിച്ചവരായി. കുരുത്തക്കേടിൽ അവനെൻറെ അപ്പൂപ്പനായിട്ട് വരും എന്നുള്ളത് കൊണ്ട് അവൻ പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല. അങ്ങിനെ ആകെ പ്രശ്നമായി.

എനിക്ക് ഒളിച്ചോടിയാലോ എന്ന് തോന്നി. ധൈര്യം വന്നില്ല. വീട്ടിലേക്ക് ചെന്നാൽ സ്വർണ്ണം കിട്ടിയോ എന്ന ചോദ്യത്തിനുള്ള എൻറെ മറുപടി ദയനീയമായ നോട്ടമായിരുന്നു. യാതൊരു പിശുക്കുമില്ലാതെ തല്ല് കിട്ടും. തല്ല് കിട്ടും എന്നറിയുന്നതുകൊണ്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ, വീട് കാണുന്നതിന്റെ മുൻപേ കണ്ണിൽ വെള്ളം നിറയാൻ തുടങ്ങുമായിരുന്നു.

സ്‌കൂളിലെ കാര്യമാണ് അതിനേക്കാൾ കഷ്ടം. എന്നെക്കാൾ കുരുത്തം കെട്ടവൻ മാത്രമല്ല ഷെറീഫ്, നല്ല കായബലമുള്ളവനും, കുറെ സിൽബന്തികൾ കൂടെയുള്ളവനുമായിരുന്നു. ദിവസവും അവന്റെ കൈയ്യിൽ നിന്നും ഈ വകയിൽ സാമാന്യം മോശമല്ലാത്ത രീതിയിൽ ചവിട്ടും കുത്തും വാങ്ങിച്ചുകൂട്ടി. അങ്ങിനെ സ്കൂളിലും വീട്ടിലും എനിക്ക് തല്ല് തന്നെ തല്ല്. ഏത് മാരണം പിടിച്ച സമയത്താണാവോ എനിക്കങ്ങിനെയൊരു കള്ളം പറയാൻ തോന്നിയത്?

പിന്നീടെത്രയോ തവണ വീട്ടിൽ ഞാൻ പറഞ്ഞു. ഞാനെടുത്തിട്ടില്ല. ഞാനത് കണ്ടിട്ടില്ല. ഞാനന്ന് വെറുതെ പറഞ്ഞതാണ്. ആര് കേൾക്കാൻ? ആര് വിശ്വസിക്കാൻ? അപ്പോഴേക്കും അവർക്ക് ഞാനൊരു നുണയനും കള്ളനുമായിരുന്നു. അവസാനം, തല്ലിത്തല്ലി മടുത്തിട്ടാവണം വീട്ടുകാർ സ്വർണ്ണം വേണ്ടെന്ന് വച്ചു. സ്‌കൂളിൽ വച്ച് മിനി ടീച്ചർ ഷെരീഫിനെ, ഇനിയുമെന്ന ഉപദ്രവിച്ചാൽ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയതിൽ പിന്നെ അവന്റെ വക ദേഹോപദ്രമില്ലാതെ കഴിയാമെന്നായി.

പക്ഷെ നാട്ടിലാകെയും, സ്‌കൂളിൽ പ്രത്യേകിച്ചും ഞാൻ പ്രശസ്തനായി. സ്വന്തം വീട്ടിൽ നിന്നും വളരെ വിലപിടിപ്പുള്ള സ്വർണ്ണാഭരണമെടുത്ത് കൂട്ടുകാരന് സമ്മാനം നല്‍കിയവനായി. നാട്ടിലെ മുതിർന്ന പെണ്ണുങ്ങളൊക്കെ എന്നെക്കാണുമ്പോൾ, മൂക്കത്ത് വിരൽ വച്ച് കഥകൾ പറഞ്ഞു. മോഷ്ടാവാണ് എന്ന ഖ്യാതി പരന്നതോടെ അയല്പക്കത്തെയോ കുടുംബങ്ങളുടെയോ വീടുകളിൽ ചെന്നാൽ, ഒന്ന് രണ്ടുപേരുടെ ജോലിയെന്ന് പറയുന്നത് എന്നെ നിരീക്ഷിക്കുക എന്നതായി.

സ്‌കൂളിലേക്ക് പുതുതായി വന്ന മേരി ടീച്ചറോട് മിനി ടീച്ചർ ഒരിക്കൽ എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. “ഈ ചെക്കൻ കാണുന്ന പോലെയൊന്നുമല്ല. വെളഞ്ഞ വിത്താണ്. അവന്റെ ബാപ്പ ഫോറിനിൽ നിന്നും കൊണ്ട് വന്നൊരു സ്വർണ്ണബിസ്കറ്റ്‌ ഇവിടത്തെയൊരു കുട്ടിക്ക് സമ്മാനം കൊടുത്തോനാ.”

സുന്ദരിയായ മേരി ടീച്ചർ എന്നെ അത്ഭുതത്തോടെ നോക്കിയ ആ വേളയിൽ, പേടി കാരണം എനിക്കുണ്ടായ സംശയം ഞാനവരോട് ചോദിച്ചില്ല. ഈ സ്വർണ്ണ ബിസ്കറ്റ്‌ ചായയിൽ മുക്കിത്തിന്നാൻ പറ്റുമോ എന്നതായിരുന്നു ആ സംശയം. ഒരു നാലാം ക്ലാസ്‌കാരൻ അങ്ങനെയല്ലാതെ വേറെന്ത് സംശയിക്കും.

ശുഭം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment