പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി

വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വൈകീട്ട് 6:00 മണിക്ക് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലർച്ചെ 3.30 ന്) വാഷിംഗ്ടൺ ഡിസിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് എയർബേസില്‍ എത്തി. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനതാവളം വിട്ടത്.

ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ധുവിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ഇന്ത്യക്കാർ ഇന്ത്യൻ പതാക ഉയർത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യൻ പ്രവാസികൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

വ്യോമതാവളത്തിൽ നിന്ന് അദ്ദേഹം പെൻസിൽവാനിയ അവന്യൂവിലെ ഹോട്ടൽ വില്ലാർഡിലേക്ക് പോകും.

ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുക. വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ജോ ബിഡനുമായി ആദ്യത്തെ വ്യക്തിപരമായ ഉഭയകക്ഷി ചർച്ചകൾ നടത്തുക, തുടർന്ന് ക്വാഡ് നേതാക്കളുടെ ഉച്ചകോടി നടക്കും.

വ്യാഴാഴ്ച പ്രധാനമന്ത്രി മോദി അഞ്ച് പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും – ക്വാൽകോം, അഡോബ്, ഫസ്റ്റ് സോളാർ, ജനറൽ ആറ്റോമിക്സ്, ബ്ലാക്ക്സ്റ്റോൺ തുടങ്ങിയവയാണത്. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ (ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെ) വില്ലാർഡ് ഹോട്ടലിൽ അദ്ദേഹം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ–യുഎസ് തന്ത്രപ്രധാന ബന്ധവും ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞു. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎൻ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തുന്നുണ്ട്. യുഎസിലെ ബിസിനസ് സ്ഥാപനങ്ങളുമായും ചർച്ചയുണ്ടാകും.

ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശന വേളയില്‍ സംസാരിക്കും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി നാളെ ചർച്ച നടത്തുന്നുണ്ട്. ക്വാഡ് യോഗത്തിനു പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായി പ്രത്യേകം ചർച്ച നടത്തും. അഫ്ഗാനിസ്ഥാനിൽ യുഎസ് ഇടപെടൽ തുടരുന്നതു സംബന്ധിച്ച് ഇന്ത്യയുടെ അഭിപ്രായം ഉഭയകക്ഷി ചർച്ചയിൽ അവതരിപ്പിക്കും.

പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കൻ സന്ദർശനമാണിത്. 2019ൽ ഹൂസ്‌റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാനാണ് അവസാനമായി നരേന്ദ്രമോദി യുഎസ്‌ സന്ദർശിച്ചത്. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തിരുന്നു. ജോ ബൈഡനുമായി വിർച്വൽ കൂടിക്കാഴ്‌ചകളും ഫോൺ സംഭാഷണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News