കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ പരാമസിലെ സാടിൽറിവർ പാർക്കിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഓണാഘോഷം വൻ വിജയമായി. വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം മാവേലിതമ്പുരാനെ ചെണ്ട മേളത്തിന്റെയും, താലപ്പൊലിയേന്തിയ തരുണീമണികളുടേയും സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായി വേദിയിലേക്ക് ആനയിച്ചു ഓണാഘോഷങ്ങൾക്ക് വർണശബളമായ തുടക്കം കുറിച്ചു.

ഓണഘോഷച്ചടങ്ങുകളുടെ ഭാഗമായി കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ഓണസന്ദേശം നൽകി സംസാരിച്ചു , ഫോമാ വിപി പ്രദീപ് നായർ, മുൻ ട്രഷറർ ഷിനു ജോസഫ്, ആർവിപി ബൈജു വർഗീസ്, വ്യവസായ പ്രമുഖൻ ദിലീപ് വർഗീസ് , മിത്രാസ് രാജൻ, മിത്രാസ് ഷിറാസ് , ജെയിംസ് ജോസഫ്, ഡോ ജേക്കബ് തോമസ് , ജോസ് പുന്നൂസ് എന്നിവരുൾപ്പെടെ അനേകം വിശിഷ്ട അതിഥികൾ യോഗത്തിൽ സന്നിഹിതരായിരുന്നു .

ഓണാഘോഷത്തിന്റെ ഭാഗമായി ജസ്‌നയും സംഘവും അവതരിപ്പിച്ച തിരുവാതിരകളി അതീവ ഹൃദ്യമായി. പ്രമുഖ ഗായകരായ ജെംസൺ കുര്യാക്കോസ്, റോഷിൻ മാമൻ, ശ്രീദേവി എന്നിവർ തനതായ ശൈലിയിൽ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു ചടങ്ങുകൾക്ക് മാറ്റു കൂട്ടി. മാവേലിത്തമ്പുരാനായി അപ്പു പിള്ള തിളങ്ങി.

കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സമ്മാനദാനവും ചടങ്ങിന്റെ ഭാഗമായി നിർവഹിച്ചു, മലയാളം സ്കൂൾ അക്കാദമി ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ്, പ്രിൻസിപ്പൽ എബി തരിയൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾക്ക് ബോബി തോമസും, ഹരികുമാർ രാജനും നേതൃത്വം നൽകി.

ഗൃഹാതുരത്വം വിളിച്ചോതിയ അത്തപൂക്കളത്തിന്റെയും, അലങ്കരിച്ച ഊഞ്ഞാലിന്റെയും വർണപ്പകിട്ടിൽ കൊണ്ടാടിയ ഈ ഓണാഘോഷപരിപാടിയിൽ അജു തരിയൻ , മഞ്ജു പുളിക്കൽ എന്നിവർ എം സി ചുമതല നിറവേറ്റി.

കേരള സമാജം ഓഫ് ന്യൂജേഴ്‌സി സെക്രട്ടറി നിധീഷ് തോമസ് ഓണാഘോഷച്ചടങ്ങിൽ സംബന്ധിച്ച എല്ലവർക്കും നന്ദി പ്രകാശിച്ചു കൊണ്ട് വോട്ട് ഓഫ് താങ്ക്സ് നിർവഹിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment