6 മാസത്തേക്ക് സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടു കൊടുക്കണം; പീഡന കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതിയുടെ വിചിത്ര നിബന്ധന

പട്ന: രണ്ടായിരം സ്ത്രീകളുടെ വസ്ത്രങ്ങള്‍ ആറു മാസത്തേക്ക് അലക്കി ഇസ്തിരിയിട്ടുകൊടുക്കണമെന്ന് പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വിധി. ബീഹാറിലെ മധുബാനി ജില്ലയിലെ ഒരു കോടതിയാണ് ബലാത്സംഗത്തിന് ശ്രമിച്ച പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് ഈ വിചിത്ര വ്യവസ്ഥ ചുമത്തിയത്.

ഹഞ്ചാർപുർ അഡീഷണൽ സെഷൻസ് ജഡ്ജ് അവിനാഷ് കുമാറാണ് ലൗകാഹ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമവാസിയായ ലാലൻ കുമാറിന് ജാമ്യം നൽകുന്നതിന് ഈ വിചിത്ര നിബന്ധന നൽകിയത്.

ഏപ്രിൽ 17 -ന് രാത്രിയിൽ തന്റെ ഗ്രാമത്തിലെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ലാലൻ ശ്രമിച്ചു. ഒരു ദിവസത്തിന് ശേഷം എഫ്‌ഐആർ ഫയൽ ചെയ്യുകയും ഏപ്രിൽ 19 -ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പരശുറാം മിശ്ര പറഞ്ഞു.

“ഞങ്ങൾ എഡിജെ കോടതിയിൽ ഒരു ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിന്റെ വിചാരണയ്ക്കിടെ, ജയിലിലെ നല്ല പെരുമാറ്റവും കോടതിയിലെ ക്ഷമാപണവും കണക്കിലെടുത്ത്, 2,000 സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടു കൊടുക്കാമെന്ന വ്യവസ്ഥയിൽ എന്റെ കക്ഷിക്ക് ജാമ്യം നൽകി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമത്തലവന്‍ നസീമ ഖാത്തൂന്‍ പ്രതിയുടെ ദൈനം‌ദിന സൗജന്യ സേവനത്തെക്കുറിച്ച് ഒരു രജിസ്റ്റര്‍ സൂക്ഷിക്കാൻ കോടതി ജാമ്യത്തിന്റെ പകർപ്പും അയച്ചിട്ടുണ്ട്. ഡിറ്റർജന്റ് പൗഡർ, സോപ്പ്, തേപ്പു പെട്ടി എന്നിവ ലാലന്‍ കുമാര്‍ തന്നെ വാങ്ങണമെന്നും വിധിയില്‍ പറയുന്നു.

“ഇത് കോടതിയുടെ മികച്ച തീരുമാനമാണ്. ഇത് സ്ത്രീകളെ ബഹുമാനിക്കുന്നതിനും സ്ത്രീ വിരുദ്ധ സ്വഭാവമുള്ള പുരുഷന്മാരുടെ മനസ്സിൽ കുറ്റബോധം സൃഷ്ടിക്കുന്നതിനും ഒരു സന്ദേശം നൽകും,” നസീമ ഖാത്തൂന്‍ പറഞ്ഞു.

“കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള പ്രതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഞാൻ വ്യക്തിപരമായി നിരീക്ഷിക്കും. ഞങ്ങളുടെ ഗ്രാമത്തിൽ 425 സ്ത്രീകളുണ്ട്. 2,000 പേരുടെ വസ്ത്രങ്ങള്‍ കഴുകല്‍ പൂര്‍ത്തിയാകുന്നതുവരെ ഓരോ സ്ത്രീയും മാറിമാറി വസ്ത്രങ്ങൾ നൽകും,” അവർ കൂട്ടിച്ചേർത്തു.

ലാലന്‍ തന്റെ കര്‍ത്തവ്യം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെന്ന ഖാത്തൂന്റെ റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിക്കണം. തുടർന്ന് കോടതി അവരില്‍ നിന്നും പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നും സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment