‘റാംജി റാവു സ്പീക്കിംഗില്‍’ ഇന്നസെന്റിന്റെ മുണ്ടഴിഞ്ഞതുപോലെ ബംഗളൂരു നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ മുണ്ടഴിഞ്ഞു വീണു

ബെംഗളൂരു: പ്രശസ്ത മലയാള സിനിമ ‘റാംജി റാവു സ്പീക്കിംഗില്‍’ ഇന്നസന്റ്-മുകേഷ്-സായികുമാര്‍ രംഗത്ത് ഇന്നസന്റിന്റെ മുണ്ടഴിഞ്ഞ് നിലത്തു വീണ രംഗത്തെ ഓര്‍മ്മപ്പെടുത്തി, ബംഗളൂരു നിയമസഭയും നാടകീയമായ രംഗത്തിന് സാക്ഷിയായി.

കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കാണ് അബദ്ധം പിണഞ്ഞത്. നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുണ്ട് അഴിഞ്ഞു താഴെ വീണതറിയാതെ അദ്ദേഹം തന്റെ പ്രസംഗം തുടർന്നു. പിന്‍സീറ്റില്‍ ഇരുന്നിരുന്ന സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാർ സിദ്ധരാമയ്യയുടെ അടുത്തെത്തി ചെവിയിൽ മന്ത്രിച്ചു…. “മുണ്ട്….മുണ്ട്…!!”

യാതൊന്നുമറിയാത്ത പോലെ “ഓകെ” എന്നു പറഞ്ഞ് അദ്ദേഹം മുണ്ടെടുത്തുടുത്ത് പ്രസംഗം തുടര്‍ന്നു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. മൈസൂര്‍ കൂട്ട ബലാത്സംഗത്തില്‍ പൊലീസ് നടപടികളെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. കൊറോണാനന്തരം 4-5 കിലോ ശരീരഭാരം കൂടി, വയറുചാടി. അതുകൊണ്ടാണ് മുണ്ടഴിഞ്ഞുപോയതെന്ന് സിദ്ധരാമയ്യ സഭയില്‍ പറഞ്ഞു. ഇതു കേട്ട് സ്പീക്കര്‍ അടക്കമുള്ളവര്‍ക്ക് ചിരിയടക്കാനായില്ല.

അതേസമയം, ശിവകുമാർ ചെവിയിൽ പറഞ്ഞത് പ്രസിദ്ധീകരിച്ചത് കോൺഗ്രസിനെ ചൊടിപ്പിച്ചു. പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് ശിവകുമാർ ചെവിയിൽ മന്ത്രിച്ചത്. പക്ഷേ, സിദ്ധരാമയ്യയാകട്ടേ നിയമസഭയിൽ എല്ലാവരോടും പറഞ്ഞു. ഇത് ബിജെപിയ്ക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കിയെന്ന് കോൺഗ്രസ് എംഎൽഎ രമേശ് കുമാർ ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment