കൂട് കൂട്ടാത്ത സ്വപ്നങ്ങൾ (കഥ – ഭാഗം ഒന്ന്): അബൂതി

നേർത്ത മഞ്ഞിൻറെ കമ്പളം പുതച്ച്, ഉണരാനൊരുങ്ങുന്ന താഴ്‌വര. കാൽമുട്ടിനോളം വളർന്ന സ്വർണപ്പുൽനാമ്പുകളിലെ മഞ്ഞുത്തുള്ളികൾ, ബാലസൂര്യപ്രഭയേറ്റ് മുത്തുകൾ പോലെ തിളങ്ങി.

നൂറ്! അല്ല! ആയിരം!! അതുമല്ല!! പതിനായിരക്കണക്കിന് മുത്തുകൾ!!!

ശുഭ്രവർണ്ണച്ചിറകുകൾ വീശിപ്പറക്കുന്ന ശലഭങ്ങൾ. സ്വർണ്ണചിറകുള്ള തുമ്പികൾ. കണ്ണാടിക്കായലിലെ കണ്ണീർ പോലെ ശുദ്ധമായ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന സ്വർണമീനുകൾ. ജലപുഷ്പങ്ങളെ വകഞ്ഞുമാറ്റി നീന്തുന്ന അരയന്നങ്ങൾ. കരയിൽ വരിവരിയായി നിൽക്കുന്ന രാജഹംസങ്ങൾ!

അവയ്ക്കിടയിൽ സ്വർണക്കൊമ്പുള്ള രണ്ടു കലമാൻ കിടാങ്ങൾ. അവ, ഹിമവർണ്ണവസ്ത്രം ധരിച്ചൊരു സ്ത്രീയുടെ അരികിൽ പരസ്പരം കൊമ്പുരുമ്മി കളിക്കുന്നു. ഉടലിലെങ്ങും ശലഭങ്ങൾ വന്നിരുന്ന, ആകാശകന്യക പോലുള്ള ആ സ്ത്രീയുടെ നീൾകൂന്തൽ, ചെറുതായി വീശുന്ന കാറ്റിൽ നൃത്തം വെക്കുന്നു. എന്തൊരു ചേതോഹരമായ കാഴ്ച!

ആ സ്ത്രീ അവനെ മാടി വിളിച്ചു. അവരുടെ പാൽ തുളുമ്പുന്ന പുഞ്ചിരി അവൻ കണ്ടു. അവൻറെ ചുണ്ടിൽ നിന്നൊരു നനഞ്ഞ വാക്ക് വീണുടഞ്ഞു.

“ഉമ്മ….”

അവൻ തൻറെ രണ്ടു കൈകളും നീട്ടിക്കൊണ്ട് അവരുടെ നേരെ ഓടിച്ചെന്നു. എന്നാൽ… പെട്ടെന്ന് മുന്നിലെ കാഴ്ചകൾ മാറിമറിഞ്ഞു.

പ്രശോഭിതമായ താഴ്വരയ്ക്ക് പകരം, മുന്നിലൊരു ഇരുണ്ട ഗുഹാകവാടമായി. ഭീതിപ്പെടുത്തുന്നൊരു ഗുഹാമുഖം!

അതിൻറെ മുൻപിൽ മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്നു. ചോരമണമുള്ള കാറ്റ്, ഗുഹയുടെ നിശ്വാസമെന്ന പോലെ മുഖം തഴുകുന്നു. അവിടെയൊരുണങ്ങിയ മരമുണ്ട്. നീരാളിയുടെ കൈകൾ പോലെ, വളഞ്ഞുപുളഞ്ഞ ധാരാളം ശിഖരങ്ങളുള്ളൊരു, കറുത്ത മരം. ആ ശിഖരങ്ങളിലുണ്ടായിരുന്ന, മഞ്ചാടിക്കണ്ണുകളുള്ള കഴുകന്മാർ, അവനെ ആർത്തിയോടെ നോക്കി.

പെട്ടെന്ന് ഗുഹയിൽ നിന്നൊരു ഭീകര സത്വം ഇറങ്ങി വന്നു. സ്ഫുലിംഗങ്ങലുതിരുന്ന കണ്ണുകൾ. ഇറച്ചിക്കടയിൽ തൂക്കിയിട്ട മാംസം പോലെ അറപ്പുളവാക്കുന്ന മൂക്ക്. വിശറി പോലെ വിടർന്നതും രോമാവൃതമായതുമായ ചെവികൾ. ജഢകുത്തിയ മുടി ചകിരി പോലെ തോന്നിച്ചു. കറുത്ത മാളം പോലെ തോന്നിക്കുന്ന വായയിൽ, രാകിമിനുക്കിയ കൂർത്ത പല്ലുകളും, അവയ്ക്കിടയിലൂടെ ചുവന്ന പാമ്പിനെ പോലെ ഇഴയുന്ന നാക്കും. ഒറ്റക്കാഴ്ച കൊണ്ട് തന്നെ ആരെയും നടുക്കുന്ന, ആ ഭീകര സത്വത്തിൻറെ വലതു കയ്യിലൊരു വടിയുണ്ട്. പേടിച്ചരണ്ട് ശില പോലെ നിൽക്കുന്ന അവനെ കണ്ടപ്പോൾ, അഷ്ടദിക്കുകളും നടുങ്ങുമാറുച്ചത്തിൽ അലറിക്കൊണ്ട്, ആ ഹീനജീവി, അവനെ ആഞ്ഞടിക്കാൻ തുടങ്ങി!

വേദനയാൽ പുളഞ്ഞുകൊണ്ടവൻ, ഒരു നിലവിളിയോടെ പായയിൽ നിന്നും ചാടിയെഴുന്നേറ്റു. മുന്നിൽ കരുണാംശയില്ലാത്ത കണ്ണുകളിൽ തീപൊരിയുമായി ബാപ്പ. പതിവ് പോലെ, പെരുവിരൽ വണ്ണമുള്ള മുളവടി കയ്യിലുണ്ട്. ഒരു ഭ്രാന്തൻ കാളക്കൂറ്റനെ പോലെ അയാൾ അമറി.

“പൊല്യാട്ച്ചിൻറെ മോനെ… കുണ്ടീക്ക് വെയിലടിച്ചാലേ ഇജ്ജെണീക്കൊള്ളൂ?” പിന്‍ക്കഴുത്തിന്‌ പിടിച്ചു മുന്നോട്ടൊരു തള്ളായിരുന്നു. “പോയി പയ്യിനെ കറക്കെടാ നായെ. പോത്ത്‌ പോലിവിടെ കെടന്നൊറങ്ങ്യാ, മുണ്‌ങ്ങാനുള്ളത്‌ അൻറെ തള്ള കൊണ്ടരൊ?”

തള്ളലിൻറെ ശക്‌തിയില്‍ മുന്നോട്ടാഞ്ഞ്‌ മുഖം ചുമരില്‍ ഇടിച്ചു. ഒരു നിമിഷത്തെ മരവിപ്പ്. വായയിൽ ഉപ്പു രസം നിറഞ്ഞു. ചുണ്ടൊന്നു തടവി നോക്കി. മേല്‍ചുണ്ട്‌ ചീര്‍ത്തിരിക്കുന്നു. രാവിൻറെ അവസാന യാമങ്ങളിലെ നേര്‍ത്ത കുളിരിൽ, അറിയാതെ പുതപ്പായി മാറിയ ഉടുമുണ്ട്‌, പായയിൽ ചുരുണ്ടുകൂടിക്കിടക്കുന്നു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ നടും പുറത്ത്‌ കൂടി പിന്നെയും കിട്ടി, ശക്‌തമായ ഒരടി. ഇത്തവണ വേദന കൊണ്ട്‌ അലറിക്കരഞ്ഞു പോയി. കരഞ്ഞുകൊണ്ട്‌ ബാപ്പാൻറെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ മുരണ്ടു കൊണ്ടൊരു ചോദ്യം.

“എന്ത്യേടാ നായെ… ചെറഞ്ഞ്‌ നോക്ക്ണത്‌? അനക്കെറ്റെ ഇന്നെ തല്ലണോ?” പിന്നെ ഒരലര്‍ച്ചയായിരുന്നു. “പോയി കന്നിനെ കറക്കെടാ… പൊല്യാട്ച്ചിൻറെ മോനെ.”

കറവപ്പാത്രവുമായി തൊഴുത്തിലേക്ക്‌ പോകുന്നതിന്നിടയില്‍, വീടിൻറെ മുന്നിലൂടെയുള്ള പഞ്ചായത്ത്‌ വഴിയിൽ മദ്രസയിലേക്ക്‌ പോകുന്ന കുട്ടികൾ കൂടി നല്‍ക്കുന്നത് കണ്ടു. അയാളുടെ അലർച്ചയും, അവൻറെ കരച്ചിലും കേട്ട് നിന്നതാണവർ. അവര്‍ക്കതൊരു പതിവു കാഴ്ച്ചയായിരുന്നു. അവനെ കണ്ടപ്പോള്‍ അവരൊക്കെ വേഗം മുന്നോട്ട്‌ നടന്നു. അവരുടെ കുഞ്ഞു മനസ്സുകൾ ഉരുകിയിരിക്കും. പാവം എന്ന്‌ മന്ത്രിച്ചിരിക്കും. അവരെയും, അവരുടെ പുസ്‌തകക്കെട്ടുകളേയും, അവന്‍ കൊതിയോടെ നോക്കി. കണ്ണുകളിൽ സങ്കടത്തിൻറെ ഉറവകള്‍ നിറഞ്ഞു. രണ്ടു നീർച്ചാലുകൾ ഭൂമിയിലൊരു ലക്ഷ്യം തേടിപ്പാഞ്ഞു. ഒന്നുരണ്ടു നിമിഷം അങ്ങിനെ നിന്നു. പിന്നെ പുറങ്കൈ കൊണ്ട് കണ്ണീർ തുടച്ച്, തൊഴുത്തിലേക്ക്‌ ചെന്നു. അവനെ കണ്ടപ്പോള്‍ പശു മെല്ലെ ഒന്നമറി. അവൻറെ കണ്ണുനീരണിഞ്ഞ മുഖമാണല്ലൊ, ഏറെ നാളായി അവളുടെ കണി!

യൗവ്വനത്തിൻറെ വസന്തവർണ്ണക്കാലത്ത്, ഉറ്റവരും ഉടയവരും അയാള്‍ക്കു വേണ്ടി കണ്ടെത്തിയതായിരുന്നു അവളെ. കാതര മിഴികളില്‍ സുറുമയിട്ട്‌, കുപ്പിവളയിട്ട കൈകളില്‍ മൈലാഞ്ചിയിട്ട്‌, പുള്ളിത്തട്ടം കൊണ്ട്‌ തലമറച്ച്‌, തട്ടത്തിൻറെ ഒരൽപ്പം കൊണ്ട് മുഖം മറച്ച്, നമ്രമുഖിയായി അവള്‍ വന്നു. ശരറാന്തല്‍ വിളക്കിൻറെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന വര്‍ണക്കടലാസുകള്‍ കൊണ്ടലങ്കരിച്ച, അകിൽ മണക്കുന്ന, അയാളുടെ മാനസമണിയറയിലേക്ക്‌.

ഹൃദയത്തിൻറെ തുടിമേളങ്ങൾക്കിടയിൽ, മൗനത്തിൻറെ വാചാലതയ്ക്കിടയിൽ, അയാൾ മെല്ലെയവളെ, മുല്ലപ്പൂക്കൾ വിതറിയ തല്പത്തിലിരുത്തി. ആദ്യമായി ആ മുഖമൊന്ന്‌ കാണാൻ, വിറക്കുന്ന കൈവിരലുകള്‍ നീട്ടി അവളുടെ താടി മെല്ലെ മുകളിലേക്കുയര്‍ത്തിയപ്പോള്‍ കണ്ടു. പേടിച്ച പേടമാനിൻറെ കണ്ണുകൾ. പുല്‍ച്ചാടിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന മനോഹരമായ കൃഷ്ണമണികള്‍. തെച്ചിപ്പഴം പോലെ ചുവന്ന, വിറയ്ക്കുന്ന ചുണ്ടുകള്‍. അയാളുടെ മനസ്സിലൊരു ഉന്മത്ത കോകിലം ആനന്ദഭൈരവി മൂളി. ഹൃദയാന്തരത്തിൽ പ്രണയവാഹിനിയൊഴുകി. കുഞ്ഞോളങ്ങള്‍ ഇളം കാറ്റിൻറെ കവിളില്‍ മുത്തി. പിന്നെയും പിന്നെയും രോമഹര്‍ഷങ്ങള്‍ക്കായി മനസ്സ്‌ കൊതിച്ചു കൊണ്ടേയിരുന്നു!

പ്രണയലഹരിയിൽ മത്തുപിടിച്ച മധുവിധു രാവുകളിലൊന്നില്‍, ജീവസാഗരത്തിലെ മാംസകമലത്തിലേക്കൊരു ജലബിന്ദു തെറിച്ചു വീണു. കൂമ്പിയടഞ്ഞ താമരയില്‍ അതൊരു തുടിക്കുന്ന മുത്തായി നില കൊണ്ടു. പശിമയുള്ള മാംസമണ്ണില്‍ നിന്നും രൂപമുള്ളൊരു ശില്‍പ്പമുയര്‍ന്നു വന്നു. മധുരമുള്ള മാതൃനോവിൻറെ അമർത്തിയ നിലവിളിയോടെ, ജീവൻറെ ഒരു കഷ്ണം, ജീവിത സാഗരത്തിൻറെ മറുകര തേടിത്തുഴഞ്ഞു. ആ പാല്‍പുഞ്ചിരിയില്‍ അയാളുടെ മുഖം പതിനാലാം രാവ് പോലെ പ്രശോഭിച്ചു!

മനുഷ്യമനസ്സുകള്‍ നിഗൂഢമായ കുളങ്ങള്‍ പോലെയാണ്‌. കലക്ക വെള്ളത്താല്‍ ആഴമോ അടിഭാഗമോ കാണാനാവാത്ത നിഗൂഢമായ കുളങ്ങള്‍ . അതിൻറെ ആഴങ്ങളില്‍ എന്തൊക്കെയാണൊളിപ്പിച്ചു വച്ചിരിക്കുന്നതെന്ന്‌ പ്രവചിക്കാനാവില്ല. ചിരിക്കുന്ന ചുണ്ടുകള്‍ക്കു പിറകില്‍ ഒളിഞ്ഞിരിക്കുന്ന ദംഷ്ട്രകളുണ്ടാകും. ആഞ്ഞു പുണരുമ്പോൾ, നാം തലചായ്ക്കുന്ന നെഞ്ചിനുള്ളിൽ വെറുപ്പിൻറെ പുകപടലങ്ങളുണ്ടാകും. സ്വന്തം മുഖം പ്രതിബിംബമായി കണ്ടാസ്വദിക്കവേ, പ്രതിബിംബത്തിൻറെ താഴെ ആഴങ്ങളില്‍, കുളിരില്‍, സുഖമായി കഴിയുന്ന അപരനെ കുറിച്ച്‌, നാമറിയില്ല.

മനസ്സാകുന്ന കുളത്തിൻറെ ആഴങ്ങളിലാരും കാണാതെ, അവൾ ഒരാളെ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അവളുടെ കാമകേളികളെല്ലാം, മനസ്സു കൊണ്ട്‌ അവനോടൊത്തായിരുന്നു. അയാളുടെ വിയര്‍പ്പുപ്പിൽ, അവൾ നുകർന്നത് അവൻറെ ചൊടികളായിരുന്നു. വിഷലിപ്തമായ മനസ്സു കൊണ്ട് നല്ലപാതിയുടെ പൊയ്മുഖമണിഞ്ഞവൾ, ചില രാവുകളിലതിൻറെ ഇരുളില്‍, അയാളുടെ സുഖസുഷുപ്‌ത വേളയിൽ, ജാരൻറെ നെഞ്ചിലെ ചൂട് പറ്റിക്കിടന്നു. അത്തരം രഹസ്യസമാഗമങ്ങളുടെ ആസ്വാദ്യ മേഘപടലങ്ങള്‍ക്കിടയില്‍, ഒരു പഞ്ഞിക്കെട്ട്‌ കണക്കെ, അവള്‍ പറന്നു നടന്നു. പക്ഷെ, അവളറിഞ്ഞില്ല. ജീവിതത്തിലെ എല്ലാ കട്ടുതീറ്റയ്ക്കും, ഒരതിർവരമ്പുണ്ടെന്ന്!

അവൻറെ ജനനത്തിൻറെ ശേഷം; കുടപിടിച്ചും, വിയര്‍ത്തും, കുളിര്‍ന്നും ദിനങ്ങളോടിക്കിതച്ചു. അവനൊന്നര വയസ്സായി. ഒരു ദിവസം, രാവിൻറെ അവസാന യാമങ്ങളിലൊന്നില്‍, അയാളുണര്‍ന്നത്‌ അവൻറെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടായിരുന്നു. തൻറെ പഞ്ഞിക്കിടക്കയില്‍ തന്നോടൊത്ത്‌ കിടന്നിരുന്ന ഭാര്യയെ ഒരു കൈ കൊണ്ടു തപ്പി നോക്കിയപ്പോള്‍ അയാള്‍ക്കവിടെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവൻറെ കരച്ചില്‍ അയാൾക്ക് അടുക്കളയിലേക്കുള്ള വഴി കാട്ടി. അവിടെ അയാൾ കണ്ടത്, തൻറെ വൃദ്ധമാതാവിൻറെ കൈകളില്‍ വിശന്നു കരയുന്ന കുഞ്ഞിനെയാണ്. നിറ കണ്ണുകളുമായി നോക്കി നില്‍ക്കുന്ന മാതാവിൻറെ മുഖത്തേക്കയാള്‍ ചോദ്യഭാവത്തില്‍ നോക്കി. ഇടറിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞു.

“പോയെടാ… ഓള്‌ പോയി. ഞാങ്കണ്ടു. ഓളും ഒരാളും കൂടി… ഇവിടെ.. ഈ വട്ക്കിണീല്‌…” നീണ്ട മൗനം. പിന്നെ മന്ത്രണം പോലെ. “പൊല്യാട്ച്ചി.”

ആ വൃദ്ധയുടെ ഹൃദയത്തിൽ നുരയ്ക്കുന്ന മുഴുവന്‍ വെറുപ്പും, ആ വാക്കുകളില്‍ ലയിച്ചിരുന്നു. ആ വീടിൻറെ മേല്‍ക്കൂരയിലേക്ക്‌ ഒരു വെള്ളിടി വെട്ടിയിറങ്ങി. അയാള്‍ക്ക്‌ ശരീരം തളര്‍ന്നു പോകുന്നത്‌ പോലെ തോന്നി. വീണു പോകാതിരിക്കാന്‍ വാതില്‍ പാളിയില്‍ അള്ളിപ്പിടിച്ചു. കണ്ണുകളിൽ ഇരുട്ട് മൂടി. അപമാനത്തിൻറെ, നിരാശയുടെ, വികൃത രൂപങ്ങൾ അയാളുടെ മുൻപിൽ തേറ്റ കാട്ടി അട്ടഹസിച്ചു നൃത്തം ചെയ്തു. ഓനെക്കൊണ്ട് ഓൾക്ക് ആക്കിക്കൊടുക്കാനായില്ലെന്ന നാട്ടുക്കൂട്ടത്തിൻറെ പരിഹാസ മുൾമുനകൾ, അയാളുടെ മനോദർപ്പണത്തിൽ തെളിഞ്ഞു വന്നു. പട്ടിയുടെ പത നുരയ്ക്കുന്ന തേറ്റ പോലെ, വൃത്തികെട്ടതാണല്ലോ പരിഹാസത്തിൻറെ മുഖമെന്ന്, ആ വിവശതയിലും അയാളോർത്തു. ആരോടെന്നില്ലാതെ അയാളുടെ മാതാവ് പിറുപിറുത്തു.

“ഇന്നെ കണ്ടപ്പോ… ഒന്നും പറ്യാന്‍ നിന്നില്ല. ഓളാ ആദ്യറങ്ങ്യേത്‌… ഇക്കണ്ട കാലം വരെ… ൻറെ കുട്ടിനെ… ആ പച്ചപൊല്യാട്ച്ചി പറ്റിക്ക്യേര്‍ന്നു. അൻറെ ചോരിം നീരും കുടിച്ച്‌… ഓളങ്ങ്‌ മിനുങ്ങി. ബലാല്‌.”

അയാളുടെ ഉള്ളില്‍ അപമാനത്തിൻറെയും നിരാശയുടേയും ഒരു ക്രൂരമൃഗം വന്യമായി ചുരമാന്താന്‍ തുടങ്ങി. വിശന്നു വലഞ്ഞ ഹിംസ്രമൃഗം തൻറെ ഇരയെ നോക്കുന്നതു പോലെ, അയാളാ കുഞ്ഞിനെ നോക്കി. “ഇവനെന്തിനാ ഇനിയിവിടെ…?” എന്നലറിക്കൊണ്ടയാള്‍ അവൻറെ നേരെ കൈകള്‍ നീട്ടി. ആ സാധുവൃദ്ധ അയാൾക്ക് പുറന്തിരിഞ്ഞു നിന്നു.

“അനക്കെന്താ… പിരാന്തായൊ? ഇതൻറെ കുട്ട്യാ. അൻറെ ബാപ്പാൻറെ മുറിച്ച മുറ്യാണിവൻ. ഈ കുട്ടിനെ ഇജ്ജ്‌ സംശയിക്കണ്ട.”

അയാളിലെ മനുഷ്യത്വത്തിൻറെ കണ്ഠനാഡിയറുത്താണവൾ പോയത്‌. ആ നെഞ്ചു കീറി നന്‍മയുടെ അവസാന തുള്ളി രക്‌തവും ചിന്തിക്കളഞ്ഞാണ്‌ അവള്‍ പോയത്‌. പിന്നീടൊരിക്കലും അയാള്‍ അവനെ സ്നേഹിച്ചിട്ടില്ല. അവനെ മാത്രമല്ല. ആരെയും!

അയാളുടെ മനസ്സില്‍ സദാസമയത്തും നുര പൊങ്ങിയത് വെറുപ്പ്‌ മാത്രമായിരുന്നു. അവളോട്! അവനോട്! ലോകത്തിനോട്! തന്നോട് തന്നെയും! അസഹ്യമായ വെറുപ്പും നിന്ദയും മാത്രം.

ആ വെറുപ്പും നിന്ദയും തനിക്കാവുന്നതു പോലെയൊക്കെ അവനോടയാള്‍ കാണിച്ചു. ആറു വയസ്സു വരെ തൻറെ മുത്തശ്ശിയുടെ കോന്തലത്തുമ്പില്‍ അവനഭയമുണ്ടായിരുന്നു. മണ്ണില്‍ നിന്നും വന്ന മനുഷ്യര്‍ മണ്ണിലേക്ക്‌ തന്നെ മടങ്ങും. മുത്തശ്ശിയും മടങ്ങി. ശേഷമവൻറെ ജീവിതം തേങ്ങലുകളും വിതുമ്പലുകലും നിലവിളികളും നിറഞ്ഞതായിരുന്നു.

അവനെ വേദനിപ്പിക്കാനും കാതു പൊട്ടുന്ന തെറി വിളിക്കാനും അയാള്‍ക്കൊരു കാരണം പോലും വേണ്ടായിരുന്നു. മുത്തശ്ശി മരിച്ചതോടെ അവൻറെ പഠിത്തം നിന്നു. ഒന്നാം ക്ലാസിൽ വച്ചു തന്നെ. പുലര്‍ച്ചെ ഉറങ്ങുന്ന അവനെ അയാള്‍ നിര്‍ദയം ഉണര്‍ത്തി. തളർന്നുറങ്ങുന്ന ആ പൈതൽ, ആദ്യത്തെ വിളിക്കുണര്‍ന്നിരുന്നില്ല. അപ്പോൾ അയാൾ അവനെ കയ്യില്‍ കിട്ടിയതു കൊണ്ട് തല്ലിയുണര്‍ത്തി. എന്നും നിലവിളിച്ചു കൊണ്ടവനുണര്‍ന്നു. ആദ്യമാദ്യം ചെറിയ ചെറിയ പണികള്‍ അവനെ എല്‍പ്പിച്ച അയാള്‍ പിന്നീട്‌ ഭാരമേറിയ പണികളും അവനെ ഏല്‍പ്പിക്കാന്‍ തുടങ്ങി. നാട്ടുകാരില്‍ വലിയൊരു വിഭാഗം അതിനെ എതിര്‍ത്തിട്ടും അയാളുടെ മനസ്സു മാത്രം അലിഞ്ഞില്ല. അവനെ പഠിക്കാൻ വിടാൻ പറഞ്ഞിട്ടും അയാളാരെയും അനുസരിച്ചില്ല. അവളാർക്കോ കൊടുത്തുണ്ടാക്കിയതിനെ ഞാനെന്തിന് നോക്കണം എന്നയാൾ തികഞ്ഞ വെറുപ്പോടെ തിരിച്ചു ചോദിച്ചു. വെറുപ്പിൻറെ ശൽക്കങ്ങളാൽ പൊതിഞ്ഞ അയാളുടെ മനസ്സൊരു കറുത്ത ശിലയായി മാറി.

എത്രതന്നെ ചവിട്ടിയരച്ചാലും, ആ കാൽക്കീഴിൽ തന്നെ ചുരുണ്ടുകൂടുന്ന ചില വിധേയ ജീവിതങ്ങളുണ്ട്. തന്നെ എത്ര തന്നെ വേദനിപ്പിച്ചിട്ടും, ചവിട്ടിയരച്ചിട്ടും, അയാളുടെ കാല്‍ച്ചുവട്ടില്‍ നിന്നും പോകാന്‍, എന്തോ, അവന്‍ തയ്യാറായില്ല. അവനിലെ പതിനൊന്നു വയസ്സുകാരന് അതിനുള്ള ധൈര്യമില്ലായിരുന്നു എന്നത് മാത്രമല്ല അതിൻറെ കാരണം. ഭൂമിയിൽ തനിക്കാകെയുള്ളത് ഈ മനുഷ്യൻ മാത്രമാണല്ലോ എന്ന ചിന്തയായിരുന്നു. അയാളിൽ നിന്നും ഓടിരക്ഷപ്പെട്ട് എങ്ങോട്ടെങ്കിലും പോയാലോ എന്നാലോചിക്കുമ്പോഴൊക്കെ, അവൻറെ കുഞ്ഞു മനസ്സ് പറയും. വേണ്ട. എല്ലാം സഹിക്കാം. ബാപ്പയോളം വലുതാകുമ്പോൾ ഉമ്മയെ തേടിപ്പോകാം. അതിന് ഉമ്മയെ കുറിച്ചുള്ള വിവരങ്ങൾ അറിയണം. എല്ലാം ബാപ്പയ്ക്ക് മാത്രമേ അറിയൂ. ഉമ്മയുടെ പേര് പോലും ബാപ്പ ഇത് വരെ പറഞ്ഞിട്ടില്ല. ആരും പറഞ്ഞിട്ടില്ല. എല്ലാർക്കും ബാപ്പാനെ പേടിയാണ്.

“നീയൊരാണ്‍ക്കുട്ടിയല്ലെ? നിനക്കെങ്ങോട്ടെങ്കിലും പൊയ്ക്കൂടെ? ഈ ആട്ടും തുപ്പും ചവിട്ടും കുത്തും ഇങ്ങിനെ സഹിക്കുന്നതെന്തിനാണ്‌?”

ഒത്തിരിയാളുകൾ ചോദിച്ചു. കര്‍ക്കിടക മേഘം പോലെ പെയ്യുന്ന കണ്ണുകളോടെ അവൻ തിരിച്ചു ചോദിച്ചു. “ഇച്ച് ഉമ്മാൻറെടുത്തേക്ക് പോണം. എവിടേന്ന് ഇങ്ങക്കറ്യോ?”

ഉത്തരം മുട്ടി നിൽക്കുന്ന അവരുടെ മനസ്സിൽ കനൽ കോരിയിട്ടവൻ മെല്ലെ പുറങ്കൈ കൊണ്ട് കണ്ണീർ തുടച്ചു നടന്നു പോകും. അത് കാണുന്നവർ നെടുവീർപ്പിടും. പാവം കുട്ടി എന്ന് മന്ത്രിക്കും.

നാല്‍ക്കവലയിൽ അയാൾക്കൊരു ചായക്കടയുണ്ട്. നാട്ടിലെ ഒരേയൊരു ചായക്കട. അതിന് പിറകിലെ കവുങ്ങിന്‍ തോട്ടത്തിൻറെ ഒരതിര്‍ത്തി പുഴയാണ്‌. കടയിലേക്ക് കഴുകാനും തുടക്കാനുമുള്ള വെള്ളം, ആ പുഴയില്‍ നിന്ന് അവനാണ് കൊണ്ടുവരുന്നത്. വലിയ അലൂമിനിയം കുടത്തില്‍, അരക്കുടം മാത്രമേ അവനു പൊന്തൂ. അത് മാത്രമല്ല, വിറകുകൾ അട്ടിവെക്കണം. ഗ്ലാസ്സുകളും പാത്രങ്ങളും കഴുകണം. മേശ തുടക്കണം. അങ്ങിനെയങ്ങിനെ പണികൾ ഒത്തിരിയുണ്ടവിടെ. വിശക്കുമ്പോൾ വല്ലതും കഴിക്കുന്നത് ബാപ്പ കണ്ടാൽ, മുറുമുറുക്കാനോ, തല്ലാനോ, അതുമല്ലെങ്കിൽ പാത്രം കയ്യിൽ നിന്നും തട്ടിത്തെറിപ്പിക്കാനോ മതി. അത് കൊണ്ട് ഒളിച്ചും പാത്തുമാണ് കഴിപ്പ്.

പുഴയിലേക്ക്‌ വെള്ളമെടുക്കാന്‍ പോകുമ്പോള്‍ കടവില്‍ കുളിച്ചും നനച്ചും കൊണ്ടിരിക്കുന്ന നാട്ടുപെണ്ണുങ്ങളില്‍ ചിലര്‍ അവനെ അര്‍ത്ഥം വച്ച്‌ നോക്കും. അവരുടെ മുന കൂര്‍ത്ത നോട്ടത്തിലും ചുണ്ടിലെ ഊറിയ ചിരിയിലും പരിഹാസത്തിൻറെ കൂരമ്പുകള്‍ ഒളിച്ചിരിക്കുന്നത്‌ അവനറിയില്ലായിരുന്നു. പൂച്ചയെക്കാള്‍ സാഡിസ്റ്റുകളായ മനുഷ്യരുണ്ടെന്ന്‌ തെളിയിച്ചു കൊണ്ട്‌, പറമ്പിലെ ഹംസാക്കാൻറെ ഭാര്യ സൈനാത്ത അവനെ കാണുമ്പോഴൊക്കെ ചോദിക്കും.

“അന്റുമ്മാൻറെ വല്ല വര്‍ത്താനോം ണ്ടോടാ ചെക്കാ…?”

ആ ചോദ്യം കേള്‍ക്കുന്നതേ അവനു ദേഷ്യമായിരുന്നു. ഒന്നും പറയാതെ തല താഴ്ത്തി നില്‍ക്കുന്ന അവന്‍ കേള്‍ക്കെ തന്നെ അവള്‍ മറ്റു സ്‌ത്രീകളോട്‌ പറയും.

“ഓളെ കടി മാറീട്ടുണ്ടാവില്ല. മാറ്യാ ഓള്‌ വരാതിരിക്ക്വോ…?”

അതും പറഞ്ഞൊരു അടക്കി ചിരി കൂടി ഉണ്ടവള്‍ക്ക്‌. ആ പറഞ്ഞതിൻറെ പൊരുളൊന്നും അവനു മനസ്സിലാവാറില്ല. എന്നാലും, ഇളം മനസ്സ്‌ വേദനിക്കും. പുണ്ണില്‍ കുത്തി പിന്നെയും പിന്നെയും വേദനിപ്പിക്കുക എന്നത്‌ അവള്‍ക്കൊരു വിനോദമാണ്. കൂടെ കൂടി ചിരിക്കാൻ ഒരു കൂട്ടം പെണ്ണുങ്ങളുണ്ട്. അപൂർവ്വം ചിലർ മാത്രം ചോദിക്കും.

“അനക്കൊന്ന് മുണ്ടാതിരുന്നൂടെ. ഇന്നാട്ടില് കെട്ട്യോനല്ലാതെ കെടന്നൊടുക്കുന്ന പെണ്ണുങ്ങള് വേറെ ഇല്ലാത്ത പോലെ. ആ ചെക്കനെ ഈ കോലം ചൊറിഞ്ഞിട്ട് അനക്കെന്ത് കിട്ടാനാ? എല്ലം എല്ലാർക്കും അറ്യാ.”

അവൻറെ മനസ്സില്‍ ഉമ്മ ഒരു സങ്കല്‍പ്പം മാത്രമാണ്‌. പുഴയോരത്ത്‌, പെണ്ണുങ്ങള്‍ അവരുടെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത്‌ കാണുമ്പോള്‍ അവൻറെ ഉള്ളില്‍ കിട്ടാതെ പോയ ഒരു താരാട്ടു പാട്ടിൻറെ തേങ്ങലുയരും. ഒരിക്കലും അവന്‍ കേട്ടിട്ടില്ലാത്ത ഒരു താരാട്ടു പാട്ടിൻറെ തേങ്ങല്‍. സ്നേഹവാത്സല്ല്യത്തിൻറെ ഒരു വിളി വിദൂരതയില്‍ നിന്നും, നേര്‍ത്ത ശബ്ദത്തില്‍ അന്തരംഗത്തിൽ അലയടിക്കും. കരയുന്ന കണ്ണുകളില്‍ സ്നേഹത്തിൻറെ ചുംബനങ്ങളേകി, മഞ്ഞുതുള്ളി പോലെ കുളിരേകുന്ന ഒരു സ്വപ്നമായി, ഉമ്മ എന്ന വികാരം, നെഞ്ചില്‍ തളം കെട്ടി നിന്നു. അവൻറെ ഉറക്കങ്ങളെ അലങ്കരിക്കാറുള്ള ഒരേ ഒരു സ്വപ്നം!

കവുങ്ങിന്‍ തോട്ടത്തിൻറെ പടിഞ്ഞാറേ അതിരിൽ, ഒരു കൊച്ചാഞ്ഞിലയും, അതിനോട് ചാരി ഒരു പേരക്കാമരവുമുണ്ട്. പഴുത്ത്‌ പാകമായ പേരക്കയുണ്ടോ എന്ന് നോക്കാന്‍ പോയപ്പോളാണ്, ഒരു കിളിയുടെ അസാധാരണമായ ചിലക്കൽ കേട്ടത്. നോക്കുമ്പോള്‍, ആഞ്ഞിലിയുടെ ചില്ലയിൽ, ഇലകള്‍ക്കുള്ളില്‍ ഒരു കൊച്ചു കിളിക്കൂട്. മെല്ലെ പറ്റിപ്പിടിച്ച് കയറിനോക്കി. കിളി ചിലച്ചു കൊണ്ട്‌, എവിടെയും ഇരിപ്പുറക്കാതെ, ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്ക്‌ പറന്നുകൊണ്ടിരിന്നു. മെല്ലെ ആ കിളിക്കൂട്ടിലേക്കെത്തി നോക്കി. പളുങ്ക്‌ പോലുള്ള നാലു കുഞ്ഞു മുട്ടകള്‍!

ആശ്ചര്യത്തോടെ അതും നോക്കി നിൽക്കെയാണ്, പെട്ടെന്ന് ബാപ്പയെ കുറിച്ചോർത്തത്. “പടച്ചോനെ.. നേരം വൈകി. ബാപ്പ ഇന്നെന്നെ കൊല്ലും”

അവന്‍ മരത്തില്‍ നിന്നും ഊർന്നിറങ്ങി. താഴെയെത്തി കുടവുമെടുത്ത് ഓടുന്നതിനിടയിൽ, പേരക്കാമരത്തിൻറെ താഴെ ചില്ലയില്‍ തൂങ്ങി നിന്ന ചള്ള്‌ പേരക്കകളിൽ രണ്ടെണ്ണം കൈനീട്ടി പറിച്ചു. ഒരു കടിക്കതിലൊരെണ്ണത്തിൻറെ പകുതി വായിലാക്കി, മറ്റേ പകുതി വലിച്ചെറിഞ്ഞു. കടവിനടുത്തെത്തിയപ്പോൾ ഒന്ന്‌ കൂവി ശബ്ദമുണ്ടാക്കി. കടവില്‍ ചിലപ്പോള്‍ സ്‌ത്രീകള്‍ മാറ് മറക്കാതെ കുളിക്കുന്നുണ്ടാവും. നേരെ അങ്ങോട്ട് ചെന്നാൽ ചില പെണ്ണുങ്ങൾ നല്ല പുളിച്ച ചീത്ത പറയും.

കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും പുഴയിലേക്ക്‌ വരിവെള്ളമൊലിച്ചുണ്ടായ ഒരു ചാലുണ്ട്. അതാണ് വഴി. ഒരല്‍പ്പ നേരം കാത്തിരുന്നപ്പോൾ, “പോന്നോളീം” എന്ന അനുവാദം കിട്ടി. അവിടേയ്ക്ക് ചെന്നപ്പോൾ ആദ്യം കണ്ടത്, പുഴയോരത്ത്‌ മണല്‍ വീട്‌ കെട്ടിക്കളിക്കുന്നൊരു കൊച്ചു പെണ്‍ക്കുട്ടിയെയാണ്. പുഴയിലെ വെള്ളത്തില്‍ മുങ്ങി തല മാത്രം പുറത്തേക്ക്‌ കാണുന്ന വിധത്തില്‍ ഇരിക്കുന്ന സ്‌ത്രീയെ അവനു പരിചയമുണ്ടായിരുന്നു. അവര്‍ ഒരു തോര്‍ത്തുമുണ്ട്‌ തോളിലൂടെ ചുറ്റിയിട്ടുണ്ട്‌, അവനെ കണ്ടപ്പോള്‍, പുഞ്ചിരിയോടെ ഒരു ചോദ്യം.

“ഹ.. ഇജ്ജായിരുന്നൊ? ഒച്ച കേട്ടപ്പൊ… ഞാങ്കര്‍തി… വല്ല്യ ആള്‍ക്കാരാണെന്ന്‌. അനക്കിങ്ങട്ട്‌ വന്ന്‌ വെള്ളം തൂക്കി പോയാ പോരെ?”

അവനൊന്നു ചിരിച്ചെന്നു വരുത്തി. ഒന്നും പറയാൻ നിന്നില്ല. കുടത്തിലേക്ക്‌ വെള്ളം നിറക്കാന്‍ തുടങ്ങി. ഒരു വല്ലാത്ത ശബ്ദത്തോടെ കുടത്തിലേക്ക്‌ വെള്ളം നിറയുമ്പോള്‍, അവൻറെ കൈമുട്ടിലെ തീ പൊള്ളിയ പാട്‌ കണ്ട്‌ അവർ ചോദിച്ചു.

“അന്നെ ഇന്നലെ… അൻറെ ബാപ്പ വെറകോണ്ട്‌ തച്ചൂല്ലെ? കയ്യൊക്കെ പൊള്ളീക്ക്ണ്‌. കാദര്‍ക്ക പറഞ്ഞു. വല്ലാത്തൊരു ജാത്യന്നേന്ന്‌ അയാള്‌. ഇങ്ങിനീം ണ്ടൊ… മനുഷ്യമ്മാര്‌?”

അവന്‍ മുഖമുയര്‍ത്തി അവരെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഇന്നലെ ബാപ്പ തല്ലിയതെന്തിനായിരുന്നു? ഓ… അല്ലെങ്കിലും… അതിനിപ്പോൾ കരണമെന്തെങ്കിലും വേണോ? ഒരു പിഞ്ഞാണം കയ്യിൽ നിന്നും വീണുടഞ്ഞു. അടി, അടുപ്പിൽ കത്തുന്ന വിറകുകൊള്ളി കൊണ്ടായിരുന്നു.

അവൻറെ മിഴിക്കോണിലൊരു നീര്‍ തുളുമ്പി നിന്നു. പിന്നെ മെല്ലെ നദിയിലെ വെള്ളത്തിലേക്ക്‌ വീണ്‌ അതില്‍ ലയിച്ച്‌ ചേര്‍ന്നു. കുടം പകുതി നിറയുന്നതിൻറെ മുമ്പേ അതും തോളിലേറ്റി തിരിച്ച്‌ മടങ്ങുമ്പോള്‍ ആ സ്‌ത്രീ ആത്മഗതം പറയുന്നത്‌ കേട്ടു.

“ഒക്കത്തിനും ഓളെ പറഞ്ഞാ മത്യോലൊ. ഒരുമ്പെട്ടോള്‌. അവനാന്‍ പെറ്റ കുട്ടിനെ ഇങ്ങിനെ ഇട്ടെറിഞ്ഞ്‌ പെണ്ണുങ്ങള്‍ക്കിങ്ങനെ പൊകാമ്പറ്റ്വൊ?”

ആ ആത്മഗതം കേള്‍ക്കാത്ത പോലെ അവന്‍ നടന്നു. അവനറിയാമായിരുന്നു. ആ “ഓള്‍” തൻറെ ഉമ്മയാണെന്ന്‌. എല്ലാ കുട്ടികളേയും അവരുടെ ഉമ്മമാര്‍ക്ക്‌ എന്തിഷ്ടമാണ്‌. പക്ഷെ എന്റുമ്മയ്ക്ക് മാത്രം എന്തേ… എന്നെ ഇഷ്ടമില്ലാഞ്ഞു? എന്നെ ഇഷ്ടമല്ലാത്തതോണ്ടായിരിക്കും ഉമ്മ പോയത്‌. ഉമ്മയെ എന്താ ആര്‍ക്കും ഇഷ്ടമല്ലാത്തത്‌? എല്ലാവരും ഉമ്മാനെ കുറ്റം പറയും. പൊല്യാട്ച്ചി എന്നേ പലരും വിളിക്കൂ.

പൊല്യാട്ച്ചി എന്ന് വച്ചാലെന്താണെന്ന് അവനറിയില്ല. ഒന്നറിയാം. ഉമ്മ എന്തോ ചെയ്തിട്ടുണ്ട്‌. ഉമ്മ മാത്രമല്ല. ഉമ്മയുടെ കൂടെ വേറെ ഒരാളു കൂടിയുണ്ട്‌.

ഇന്നാളൊരു ദിവസം മുക്രി അയ്മു പറഞ്ഞത്‌, ഉമ്മാനെ എറിഞ്ഞു കൊല്ലണം എന്നാണ്‌. എന്തിനാത്‌? എറിഞ്ഞു കൊല്ലാന്‍ തക്ക എന്തു തെറ്റാണ്‌ ഉമ്മ ചെയ്തത്‌?

അവനൊന്നും അറിയില്ല. അവനൊരു ചോദ്യത്തിനും ഉത്തരവും ഇല്ല. ആ പാവം ഇളം മനസ്സിലെപ്പോഴും, കനൽ പോലെ പൊള്ളുന്ന കുറെ ചോദ്യങ്ങൾ ചുട്ടുപഴുത്തു നിന്നു.

വെള്ളക്കുടവുമായി ചായക്കടയിലെത്തുമ്പോള്‍, അവിടെ നാസര്‍ ഉണ്ടായിരുന്നു. കുന്നുമ്പുറത്തെ നാസര്‍ . അവനോട്‌ അടുപ്പം കാണിച്ചിരുന്ന ഒരേ ഒരാള്‍ . വീപ്പ മുഴുവൻ വെള്ളം നിറഞ്ഞു. അണ്ണാച്ചി വിറക് കൊത്തിയിട്ടിട്ടുണ്ട്. അത് ചായിപ്പിലേക്ക് അടുക്കി വെക്കണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം.

അവൻ വിറകുകൾ അടുക്കിവെക്കുന്നത് നോക്കി കുറെ നേരം നാസർ അവിടെ നിന്നു. ഇടയ്ക്കിടയ്ക്ക് അവനും ചില വിറകു കഷ്ണങ്ങൾ എടുത്തു വെക്കും. ഇടയ്ക്ക് അവനൊരൊറ്റ ചോദ്യമായിരുന്നു.

“അനക്കൻറെ ഉമ്മാനെ കാണണോ?”

കയ്യിലൊരു കഷ്ണം വിറകുമായി അവന്‍ നാസറിൻറെ മുഖത്തേക്ക്‌ നോക്കി. ഉമ്മയെ കാണുക. ആ ചിന്ത പോലും ആ കുഞ്ഞു മനസ്സില്‍ വല്ലാത്തൊരു വികാരം നിറച്ചു. കയ്യിലെ വിറക്‌ താഴെയിട്ട്‌ നാസറിനോട്‌ ചോദിച്ചു.

“അതിന്‌ ഉമ്മാൻറെ വീടെവിടാന്ന്‌ അനക്കറ്യോ? ഇച്ചറീല.”

നാസര്‍ വെളുക്കനെ ഒന്നു ചിരിച്ചു. പിന്നെ അവൻറെ അടുത്ത്‌ വന്ന്‌ സ്വകാര്യം പറയുന്നത്‌ പോലെ പറഞ്ഞു.

“അതൊക്കെ ഞാനാരോടെങ്കിലും ചോദിച്ചോളാം. ഇജ്ജ്‌ വര്യോ?”

നാസര്‍ കുറച്ചു കൂടി അടുത്തേക്ക്‌ നീങ്ങി നിന്നു. പിന്നെ അവൻറെ ചന്തിയില്‍ ഒരു കൈ കൊണ്ട്‌ മെല്ലെ ഉഴിയാന്‍ തുടങ്ങിയപ്പോള്‍, അവന്‍ പിറകിലേക്ക്‌ മാറി. നാസറിനെ തുറിച്ചു നോക്കി. നാസര്‍ ഈർഷ്യയോടെ പറഞ്ഞു.

“ഔ… അന്റൊരു ടൈറ്റ്‌. പെണ്ണുങ്ങളെക്കാട്ടിലും വീര്യാണ്‌ അനക്ക്‌. അന്റുമ്മാൻറെ കാര്യക്കൊ ഇവിടെല്ലാര്‍ക്കും അറ്യ. ഇന്നിട്ടാപ്പോ… ഇജ്ജൊരു പൊന്നുങ്കട്ടി. ഇജ്ജ്‌ ഞാമ്പറിണ പോലെ കേട്ടാ… അന്നെ ഞാങ്കൊണ്ടാകും… അന്റുമ്മാൻറട്ത്തേക്ക്. മാണെങ്കി മതി.

അവന്‍ നാസറിനെ തുറിച്ചു നോക്കി നില്‍ക്കവെ, ഇടി വെട്ടുന്ന ശബ്ദത്തില്‍ “ടാ” എന്നൊരു വിളി ഉയര്‍ന്നു. ആ ശബ്ദം കേട്ടതും നാസര്‍ മെല്ലെ അവിടെ നിന്നും നടന്നകന്നു. തൻറെ പിറകില്‍ നിന്നും കേള്‍ക്കുന്ന കരച്ചില്‍, സത്യത്തില്‍ അവനെ വല്ലാതെ വേദനിപ്പിച്ചു. താന്‍ കാരണം ആ പാവത്തിന്‌ തല്ലു കിട്ടിയല്ലോ എന്നൊരു വിഷമം അവൻറെ നെഞ്ചിൽ ഉരുണ്ടുകൂടി. ഒന്ന് തിരിഞ്ഞുനോക്കാൻ തനിക്കാവുന്നില്ലല്ലോ എന്നവനോർത്തു.

ദിവസങ്ങൾ ചിലത്‌ കഴിഞ്ഞു. അവനെന്നും പേരക്കാ മരത്തിൻറെ ചുവട്ടിലെത്തും. ആഞ്ഞിലിമരത്തില്‍ പറ്റിപ്പിടിച്ച്‌ കയറും. ആ കൊച്ച്‌ കിളിക്കൂട്ടിലേക്ക്‌ നോക്കും. പളുങ്ക്‌ പോലുള്ള മുട്ടകള്‍ കാണുമ്പോള്‍ സന്തോഷം കൊണ്ടവൻറെ കണ്ണുകൾ വിടരും. ആദ്യമാദ്യം അവനെ ദൂരെ കാണുമ്പോഴേ ചിലച്ചു ബഹളമുണ്ടാക്കിയിരുന്ന അമ്മകിളി, പിന്നെപ്പിന്നെ ബഹളമുണ്ടാക്കാതെയായി.

ഒരു ദിവസം ആ കാഴ്ച കണ്ട് അവനത്ഭുതപ്പെട്ടു. ഒരു മുട്ട വിരിഞ്ഞിരിക്കുന്നു. കണ്ണു കീറാത്ത, കൊക്കിനു ചുറ്റും മഞ്ഞ വരയുള്ള, തൂവലുകളില്ലാത്ത, ഒരു മാംസക്കഷ്ണം. കൂടിനടുത്ത്‌ ആള്‍പ്പെരുമാറ്റമറിഞ്ഞാവാം കൊക്ക്‌ മേലോട്ടുയര്‍ത്തി വാ പൊളിച്ച്‌ ആ പക്ഷിക്കുഞ്ഞ്‌ ഭയങ്കര ബഹളമുണ്ടാക്കി!

തള്ളപ്പക്ഷിയെ കാണുന്നില്ല. അവന്‍ മരത്തില്‍ നിന്നും താഴേക്കിറങ്ങി കാത്തിരുന്നു. ഒരു മിനിറ്റോളം കഴിഞ്ഞപ്പോള്‍ തൻറെ കൊക്ക്‌ നിറയെ തീറ്റയുമായി തള്ളപ്പക്ഷി വന്നു. അത് കുഞ്ഞിന്‌ തീറ്റ കൊടുക്കുന്നത് കണ്ടപ്പോള്‍, അവൻറെ ഉള്ളില്‍ വിഷാദത്തിൻറെ ഒരു ചെറുകാറ്റ് ചൂളം കുത്തി. തനിക്കും ഒരു ഉമ്മയുണ്ടായിരുന്നു. ആ കിളിക്കതിൻറെ കുഞ്ഞിനോടുള്ള ഇഷ്ടം പോലും, ഉമ്മക്ക്‌ എന്നോടുണ്ടായില്ല. അവൻറെ കണ്ണുകള്‍ നിറഞ്ഞു. അവൻ മെല്ലെ കടവിലേക്ക് നടന്നു.

ഒരു ദിവസം കടവിലേക്ക്‌ പോകുമ്പോള്‍, തോട്ടത്തിലെ വഴിയിൽ നാസര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ നാസർ പറഞ്ഞു.

“ടാ. ഇജ്ജ്‌ വാ. ചുള്ളിക്കാട്ടിലൊരു കാര്യം കാണിച്ചര.”

“മറ്റേ പണിക്കല്ലെ? ഞാനില്ല.”

“അല്ലെടാ. അവിടെ ചുള്ളിക്കാട്ടിലൊരു കാര്യണ്ട്‌. നമ്മളെ തീരുമാനം പോക്കരും, ഹസാംക്കാൻറെ സൈനാത്തിം കൂടി അങ്ങട്ട്‌ പൊയ്ക്കണ്‌.”

“അയ്‌നെന്താ?”

“ഈ പൊട്ടനോടൊരു കാര്യം പറഞ്ഞാലും തിരിയൂല. ഇജ്ജ്‌ വാ… വന്നു കാണ്. ഇജ്ജിന്നാള് ചോയിച്ചില്ലേ… അന്റുമ്മ എന്താ ചെയ്തൂന്ന്? അതന്നേണ്‌ ഇപ്പോ ഓലും ചെയ്യുന്നത്.”

ഉമ്മ ചെയ്തത്‌! എല്ലാരും ഉമ്മാനെ കുറ്റം പറയുന്നത്‌!! സൈനാത്ത എപ്പോഴും കളിയാക്കുന്നതാണ്‌!!

എന്താത്‌? അവനു ജിഞ്ജാസയായി.

അവന്‍ മുന്നോട്ട്‌ നടന്നു തുടങ്ങിയ നാസറിന്റെ പിന്നാലെ ചെന്നു. കവുങ്ങിന്‍ തോട്ടത്തിൻറെ ഒരു കോണില്‍, ചുള്ളിക്കയും പുല്ലാനിയും കൂരിയുമൊക്കെ പടർന്നു പിടിച്ചൊരു സ്ഥലമുണ്ട്. അവിടെയുള്ള അത്തിമരത്തിൻറെ ചുവട്ടിൽ ആരുടേയും ശ്രദ്ധ എത്തിപ്പെടാത്തൊരിടത്ത്, വിരിച്ച തോര്‍ത്തു മുണ്ടില്‍ രണ്ടു മനുഷ്യ ശരീരങ്ങൾ പരസ്പരം ഉരഞ്ഞുലയുന്നതവർ കണ്ടു. അവരുടെ അരക്കെട്ടുകൾ കൂടിയടിക്കുമ്പോഴുണ്ടാകുന്ന നേർത്ത ശബ്ദം, പതുങ്ങിയ രതിതാളത്തിൽ കേൾക്കാം.

തുടി കൊട്ടുന്ന നെഞ്ചും, പിടയ്ക്കുന്ന കണ്ണുകളുമായി അവനത് നോക്കി നിന്നു. നാട്ടിലെ പ്രമാണിയും, തന്നെ എപ്പോഴും കുത്തി നോവിക്കുന്ന സ്‌ത്രീയും കൂടി, ഉമ്മ ചെയ്ത അതേ തെറ്റ്‌ ചെയ്യുന്നത്‌ അവന്‍ കുറച്ചു നേരം നോക്കി നിന്നു!

പിന്നെ മെല്ലെ തിരിഞ്ഞു. അവൻറെ കണ്ണുകളിൽ ഒരു നീർപ്പാട മൂടിയിട്ടുണ്ടായിരുന്നു. തിരിഞ്ഞു മടങ്ങുന്ന അവനെ നാസർ തോളിൽ പിടിച്ചൊന്ന് നിർത്താൻ നോക്കിയപ്പോൾ, കുതറിമാറിക്കൊണ്ട് അവൻ വേഗം നടന്നകന്നു. നാസർ അവനെ നോക്കി നിൽക്കവേ, ഭോഗമൂർച്ഛയുടെ മുരൾച്ചയുമായി ഇടകലർന്ന രതിസ്വനം അതിൻറെ ഉച്ചസ്ഥായിയിലേക്ക് നീങ്ങി. നാസർ വീണ്ടും അങ്ങോട്ട് തല തിരിച്ചു.

ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം, ആഞ്ഞിലിയിലെ ഒഴിഞ്ഞ കിളിക്കൂടിലേക്ക്, അവൻ സങ്കടത്തോടെ നോക്കി. തള്ളക്കിളിയോ കുഞ്ഞുങ്ങളോ ഇല്ല. പൊഴിഞ്ഞു വീണ ചില തുവലുകള്‍ മാത്രം. യാത്ര പറയാതെ പിരിഞ്ഞു പോയൊരു സന്തോഷത്തിൻറെ അടയാളങ്ങൾ മാത്രം. പേരറിയാത്തൊരു സങ്കടം നെഞ്ചില്‍ തുളുമ്പുന്നു!

ദിവസങ്ങളോളം ആ സങ്കടം നെഞ്ചിൽ അങ്ങിനെ നിന്നു. പിന്നെ മറവിയുടെ ആഴങ്ങളിലേക്ക് അത് ആണ്ടുപോയി. പതിവു ശകാരങ്ങളും, മർദ്ദനങ്ങളും, നിലവിളികളുമായി അവൻറെ ദിവസങ്ങൾ തേങ്ങിത്തേങ്ങി കടന്നുപോയി. ഒരു ദിവസം ആ ചായക്കടയിലെക്കൊരാൾ വന്നു. ഒരു അപരിചിതൻ.

നല്ല മഴയുണ്ടായിരുന്നു. വന്നയാൾ ചായ കുടിച്ചുകൊണ്ടിരിക്കെയാണ്, കലവറയുടെ ഭാഗത്ത് നിന്നും, കാതുകൾക്ക് അറപ്പു തോന്നിക്കുന്ന ശകാരവും, അടിയുടെ ശബ്ദവും, ഒരു ബാലൻറെ കരച്ചിലും കേട്ടത്. മെല്ലെ ചെന്ന് നോക്കിയപ്പോൾ, ഒരു കോണിൽ ഭയന്ന് ചൂളിയിരിക്കുന്ന, അവനെയാണയാൾ ആദ്യം കണ്ടത്. വർദ്ധിച്ച വിദ്വേഷത്തോടെ അവനെ നോക്കി മുരളുന്ന അയാളോട് ആ യാത്രക്കാരൻ ചോദിച്ചു.

“നിങ്ങളെന്താണ് ഹേ ചെയ്യുന്നത്. അതൊരു മനുഷ്യക്കുട്ടിയല്ലേ?”

തിരിഞ്ഞു നിന്നൊരു ആട്ടായിരുന്നു. തൻറെ മുഴുവൻ ദേഷ്യവും ആ അപരിചിതനോട് ഭള്ള് പറഞ്ഞയാൾ തീർത്തു. ശകാരവും കോലാഹലവും കേട്ടപ്പോൾ അങ്ങാടിയിൽ നിന്നും ആളുകൾ എത്തിനോക്കി. നാട്ടുപ്രമാണിയായൊരാൾ മാന്യനായ ആ അപരിചിതനെ മെല്ലെ അവിടന്ന് പുറത്തേയ്ക്ക് കൊണ്ട് വന്നു.

“എന്തിനാ ഓനോട്‌ വക്കാണത്തിന് പോയത്? ഓനൊരു പോത്താ. വെറും പോത്ത്.”

“ഇത്തരം പോത്തുകൾക്ക് പറ്റിയ മരുന്ന് എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. എന്നാലും നിങ്ങളീ നാട്ടുകാർ എന്തൊരു മനുഷ്യരാണ്? ആ കുട്ടിയെ ഈ വിധം ദ്രോഹിച്ചിട്ടും നിങ്ങളാരും ഇതുവരെ ഒന്നും ചെയ്തില്ലേ? നമ്മുടെ നാട്ടിൽ പോലീസുണ്ട്… ശിശു ക്ഷേമ വകുപ്പുണ്ട്…. അങ്ങിനെ എന്തെല്ലാമുണ്ട്. അതൊരു മനുഷ്യക്കുഞ്ഞല്ലേ?”

ആ ചോദ്യത്തിൻറെ മുൻപിൽ തലതാഴ്ത്തി നിൽക്കാനേ അവർക്കായുള്ളൂ. ഏതോ ഒരാളോട്, കഥകളുടെ നെല്ലും പതിരും വേർത്തിരിച്ച് പറയുന്നതെന്തിനാണെന്നവർ കരുതിക്കാണും. അയാൾ വാഹനമോടിച്ചു പോയി.

(തുടരും…. )

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment