കൂട് കൂട്ടാത്ത സ്വപ്നങ്ങൾ (ഭാഗം – 2): അബൂതി

വരി വന്ന്‌ കലങ്ങിയ, പുഴ നിറഞ്ഞൊഴുകുകയാണ്‌. പുഴയിലേക്ക്‌ നോക്കി, പുഴ വക്കിലവന്‍ നിന്നു. ആ കണ്ണുകൾ, പുഴ പോലെ കുത്തിയൊലിക്കുന്നുണ്ട്. കാൽ തുടകളിൽ, മീൻ വരിഞ്ഞത് പോലെ, അടി കൊണ്ട്‌ ചുവന്ന പാടുകൾ.

പെട്ടെന്ന്‌ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. ചരല്‍ വാരിയെറിയുന്നത്‌ പോലെ മഴത്തുള്ളികള്‍ അവൻറെ മേലേക്ക്‌ വീണു. അവൻറെ കണ്ണുനീരും മഴവെള്ളവും ഒന്നായിച്ചേര്‍ന്ന്‌ കവിളിലൂടെ ഒലിച്ചിറങ്ങി. എത്ര നേരം ആ നില്‍പ്പ്‌ തുടര്‍ന്നു എന്നറിയില്ല. തണുത്ത്‌ വിറച്ച്‌ പല്ലുകള്‍ കൂട്ടിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. മഴയുടെ ആര്‍ത്തിരമ്പലിനും, പുഴയുടെ രൗദ്ര താളത്തിനും മീതെ അവനെ തേടി നാസറിൻറെ വിളിയെത്തി.

തിരിഞ്ഞു നോക്കുമ്പോള്‍ ഒരു തൊപ്പിക്കുടയും തലയില്‍ വച്ച്‌ നില്‍ക്കുന്ന നാസര്‍, അവനെ കൈമാടി വിളിക്കുനുണ്ടായിരുന്നു. അവന്‍ അനങ്ങാതെ, ഒന്നും ഉരിയാടാതെ നില്‍ക്കെ നാസര്‍ വരമ്പുകള്‍ ചാടിക്കടന്ന്‌ അവൻറെ അടുത്തെത്തി. നാസർ കിതക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ടു തന്നെ അവന്‍ പറഞ്ഞു.

“ടാ… അൻറെ ബാപ്പാനെ പോലീസുകാര്‍ പിടിച്ചോണ്ട്‌ പോണ്‌. ഓലന്നെ ചോയ്ച്ചീനു.”

വീശിയടിക്കുന്ന കാറ്റില്‍ ആടിയുലയുന്ന കവുങ്ങുകള്‍ പോലെ, അവൻറെ മനസ്സൊന്ന് ആടിയുലഞ്ഞു. കാറ്റില്‍, തൊപ്പിക്കുട രണ്ടു കയ്യും കൊണ്ട്‌ തലയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ നാസര്‍ പെടാപാട്‌ പെടുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ അവന്‍ നാസറിനെ മറികടന്ന്, ഓടിത്തുടങ്ങി. ഒന്നുരണ്ടു നിമിഷം അന്തം വിട്ടുനിന്ന നാസർ, അവനു പിന്നാലെ ഓടി. ഇടയ്ക്ക് തലയിൽ നിന്നും പാറിവീണ തൊപ്പിക്കുട എടുത്ത് വീണ്ടും തലയിൽ വെക്കുമ്പോൾ, നാസർ വിളിച്ചു പറഞ്ഞു.

“ടാ… ഒന്ന് നിക്കെടാ. ഞാനും ണ്ട്.”

അവൻ അത് കേട്ടില്ല. ഓടിക്കിതച്ച് കടയുടെ മുന്നിലെത്തിയപ്പോൾ, അകന്നു പോകുന്ന പോലീസ് ജീപ്പും, കടയുടെ മുൻപിലെ ചെറിയ ആൾക്കൂട്ടവുമാണ് കണ്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.

“ഇജ്ജ് കയ്ച്ചിലായല്ലോ. അന്നെ കൊണ്ടാകാൻ വേറെ ആള് വരുട്ടോ. ഇജ്ജ് ഇബടെ തന്നെ നിന്നോ.”

അവന്‍ അയാളെ ഒന്നു നോക്കി. പിന്നെ അകലുന്ന പോലീസ്‌ ജീപ്പിന്റെ നേരെ കൈനീട്ടി ഒരൊറ്റ വിളിയായിരുന്നു.

“ബാപ്പാ……. ”

മഴയുടെ ശബ്ദത്തിൻറെ കൂടെ ഇഴ ചേര്‍ന്ന് ആ വിളി അയാളുടെ കാതിലെത്തി. അയാളുടെ ആത്മാവിൻറെ ഉള്ളിലെവിടെയോ ആ വിളി, ഒരു കൊളുത്തിട്ട്‌ വലിച്ചു. ഞെട്ടിപ്പിടഞ്ഞുകൊണ്ടായാൾ നോക്കി. മഴ നൂലുകള്‍ മറക്കുന്ന കാഴ്ച്ചയുടെ അങ്ങേ തലക്കല്‍, ഒരു നിഴലു പോലെ, ജീപ്പിന്റെ നേരെ ഒരു കൈനീട്ടി ഓടി വരുന്ന ഒരു പേക്കോലം.

പെട്ടെന്ന്‌ ഒരു കല്ലില്‍ തട്ടി അവന്‍ മുഖം കുത്തി വീണു. അയാൾ അറിയാതെ ഞെട്ടിപ്പോയി. അയാളുടെ ഉള്ളിൻറെ ഉള്ളിൽ നിന്നും, ദുർബലനായ പിതാവ്, മോനെ എന്ന് നിലവിളിച്ചുവോ? അതോ അതയാൾക്ക് തോന്നിയതാണോ? ഒരു പോലീസുകാരന്‍ മഴച്ചീതല്‍ കൊള്ളാതിരിക്കാനായി ജീപ്പിൻറെ കര്‍ട്ടന്‍ വലിച്ചിട്ടപ്പോള്‍, അയാളുടെ മനസ്സ്‌ പോലെ കാഴ്ച്ചയും ശൂന്യമാവുകയായിരുന്നു!

ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു പോലീസ്‌ സ്റ്റേഷനിലെ പാറാവുകാരന്‍. പെട്ടന്നാണ്‌ മുമ്പിലേക്ക്‌ നനഞ്ഞു കുതിര്‍ന്ന്‌ അവന്‍ വന്നത്‌. നായയെ പോലെ കിതപ്പണച്ച്‌ തൻറെ മുമ്പില്‍ നിന്ന്, ദയനീയമായി നോക്കുന്ന ആ ബാലനെ, പാറാവുകാരനൊന്ന്‌ നോക്കി. നെറ്റി പൊട്ടി കിനിഞ്ഞ ചോര, മഴവെള്ളത്തോട്‌ ചേര്‍ന്ന്‌ കീറിപ്പിഞ്ഞിയ ഉടിപ്പിലേക്ക് വ്യാപിച്ചിട്ടുണ്ട്. കൈമുട്ടിലും, കാൽമുട്ടിലും തൊലിയുരിഞ്ഞ വെളുത്ത നിറം കാണാം. മൂക്കും മേൽചുണ്ടും മുഖത്തിൻറെ വലതു വശവും കല്ലിച്ച നീലനിറം. അവനെന്തോ മന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതെന്താണെന്ന് വ്യക്തമല്ല.

“നീയേതാടാ? ഇവിടെയെന്താ കാര്യം?” പാറാവുകാരന്‍ ചോദിച്ചു. ചോദ്യം കേട്ടിട്ടും അവനൊന്നും പറഞ്ഞില്ല. തമ്മിൽ തല്ലുന്ന പല്ലുകളുടെ ശബ്ദത്തിനിടയിലൂടെ അവ്യക്തമായ മന്ത്രിക്കൽ മാത്രം പുറത്തേയ്ക്ക് വന്നു. അകത്തു നിന്നും, കയ്യിലൊരു ചായഗ്ലാസ്സുമായി പുറത്തു വന്നൊരു കോണ്‍സ്റ്റബിള്‍ അവനെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു.

“ഹ… നീയാ ചായക്കടക്കാരൻറെ മോനല്ലേ. നീയല്ലേ ജീപ്പിൻറെ പിന്നാലെ ഓടിയത്. നിന്നെ കൊണ്ട് പോകാൻ ആള് വന്നില്ലേ? നീയെങ്ങിനെയാ ഇവിടെയെത്തിയത്? അഞ്ചാറു കിലോമീറ്റര്‍ ഈ മഴയത്ത്‌… നീയാള് കൊള്ളാമല്ലോ”

അവനെന്തോ പറയാൻ വേണ്ടി ശ്രമിച്ചു. ആയില്ല. നെഞ്ചിൽ നിന്നൊരു വിറയൽ ശിരസ്സിലേക്ക് പിടഞ്ഞു കയറി. കണ്ണുകൾ പിന്നോട്ട് മറിഞ്ഞു. ഒരു പഴന്തുണിക്കെട്ട് പോലെ ഒരു വശം ചെരിഞ്ഞു വീണു. അന്ധാളിച്ച പോലീസുകാർ അവൻറെ അരികിലിരുന്ന് കുലുക്കി വിളിച്ചുനോക്കി. അപ്പോൾ മാത്രമാണ്, അവൻറെ ആ പിറുപിറുക്കൽ “ബാപ്പ… ബാപ്പ” എന്നാണെന്ന് അവർക്ക് മനസ്സിലായത്.

ബഹളം കേട്ട് വേറെയും പോലീസുകാർ ഇറങ്ങി വന്നു. ഹൗസ് ഓഫീസർ കാര്യമന്വേഷിച്ചപ്പോൾ ചായഗ്ലാസ് കയ്യിലുള്ള പോലീസുകാരൻ പറഞ്ഞു.

“ആ ചായക്കടക്കാരൻറെ മോനാണ് സാർ. ഇവൻ ബാപ്പയെ അന്വേഷിച്ച് വന്നതാണെന്ന് തോന്നുന്നു. ഇത് ഫിറ്റ്സാവും. അവിടന്ന് ഇവിടം വരെ ഒരേയോട്ടമാവും. കണ്ടില്ലേ… അവിടെയും ഇവിടെയുമൊക്കെ വീണതിൻറെ പാടുകൾ. സാർ… എന്താ വേണ്ടത്? ഇത് നമുക്ക് പണിയാകും.”

S.I ഈർഷ്യയിൽ എരി വലിച്ചു. “പണ്ടാരം. വേഗം ആശുപതിയിലേക്കെടുത്തോ? ജില്ലയിലേക്ക്. ഇവിടെ കിടന്ന് ചത്താൽ… നമ്മൾ തല്ലിക്കൊന്നെന്നേ വരൂ. ഓരോരോ മാരണങ്ങൾ.”

അവനെയും ജീപ്പിൽ കയറ്റി ചില പോലീസുകാർ പോയി. അകത്തേയ്ക്ക് പോകുമ്പോൾ S.I ലോക്കപ്പിലേക്ക് ക്രൂദ്ധനായൊന്ന് നോക്കി. അയാൾ ലോക്കപ്പിൻറെ ഉള്ളിൽ തറയിൽ മുട്ടുകാലുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു.

ജീപ്പിൻറെ പിന്നാലെയോടുന്ന അവൻറെ ചിത്രം, അയാളുടെ മനക്കണ്ണിൽ പിന്നെയും പിന്നെയും തെളിഞ്ഞു വന്നു. അവൻ മുഖമടച്ച് വീഴുന്ന രംഗം ഓരോ പ്രാവശ്യം തെളിയുമ്പോഴും ഞെട്ടിക്കൊണ്ടിരുന്നു. എന്തെന്നറിയാത്ത ഒരു ഭാരം നെഞ്ചിൽ കരിമ്പുക പോലെ പടർന്നു കയറി. ചോരമണമുള്ള ഒരു കുഞ്ഞ്, മോണ കാട്ടി, തൻറെ കൈക്കുമ്പിളിൽ കിടന്നു കരയുന്നത്, അയാൾ കണ്ടു. ആ കരച്ചിൽ അയാൾക്ക് അസഹ്യമായി തോന്നി.

അയാൾ കണ്ണുകൾ ഇറുക്കെ അടച്ചുനോക്കി. കാതുകൾ പൊത്തി നോക്കി. അകക്കണ്ണിൻ അപ്പോഴും കാണാം. പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളോടെ, കൗതുകത്തോടെ തന്നെ നോക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ! തൻറെ മകൻറെ കണ്ണുകൾ!!

കാതുകളിലിപ്പോഴും മുഴങ്ങുന്നു. അവൻറെ കരച്ചിൽ!!!

അയാളുടെ മനസ്സിലേക്ക് അവനെ വേദനിപ്പിച്ച ഓരോ നിമിഷങ്ങളും കടന്നുവന്നു. താൻ… താനൊരു മനുഷ്യനായിരുന്നോ? അല്ല. താനൊരു മൃഗമായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നൊരു കാട്ടുജീവി.

അതൊരു മനുഷ്യൻറെ പരിവര്‍ത്തനത്തിൻറെ തീവ്രനിമിഷങ്ങളായിരുന്നു. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഫോണ്‍ബെല്ലടിക്കുന്ന ശബ്ദം കേട്ടു. S.I ഫോണിലാരോടോ സംസാരിക്കുന്നു. അധികം വാക്കുകളൊന്നുമില്ല. മുക്കലും മൂളലുമായി അത്‌ കൂറേ നേരം നീണ്ട്‌ നിന്നു. പിന്നെ തൻറെ ക്യാബിനിൽ നിന്നും പുറത്തേയ്ക്ക് വന്ന അദ്ദേഹം ലോക്കപ്പിലേക്ക് രൂക്ഷമായൊന്ന് നോക്കുകയും കനത്തിലൊന്ന് മൂളുകയും ചെയ്തു. പിന്നെ നേരെ പുറത്തേയ്ക്ക് പോയി. ജീപ്പിൻറെ ശബ്ദം അകന്നകന്ന് പോയി.

കുറേ നേരം കഴിഞ്ഞപ്പോള്‍ ജീപ്പ്‌ വന്ന്‌ നില്‍ക്കുന്ന ശബ്ദം കേട്ടു. ഒരു പോലീസുകാരന്‍ വന്ന്‌ സെല്ല്‌ തുറന്നു കൊണ്ട്‌ അയാളോട്‌ പറഞ്ഞു.

“വാ… ഒരു സ്ഥലം വരെ പോകാനുണ്ട്‌.”

അയാൾക്കൊന്നും മനസ്സിലായില്ല. ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ, ആ പോലീസുകാരൻറെ പിന്നാലെ പോയി. ജീപ്പ്‌ ജില്ലാ ആശുപത്രിയുടെ ഗേറ്റ്‌ കടന്ന്‌ കാഷ്വാലിറ്റിയുടെ മുമ്പിൽ ഒരിരമ്പലോടെ നിന്നു. അയാള്‍ മെല്ലെ ജീപ്പില്‍ നിന്നും ഇറങ്ങി. തങ്ങളുടെ വിഷമങ്ങളും പേറി വിഷണരായി അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ജനങ്ങള്‍ . പോലീസ്‌ ജീപ്പ്‌ കണ്ടപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചിലരൊക്കെ വട്ടം കൂടി.

പോലീസുകാര്‍ അയാളേയും കൊണ്ട്‌ കാഷ്വാലിറ്റിയിലേക്ക്‌ ചെന്നു. അവിടെ താല്‍ക്കാലിക വാര്‍ഡിലെ ഒരു കട്ടിലില്‍ ജീവച്ഛവമായി കിടക്കുന്ന അവൻ. അയാളുടെ കണ്ണുകൾ അവനിൽ തറച്ചു നിന്നു.

ആ കാഴ്ച്ച അയാളെ വേദനിപ്പിക്കുക തന്നെ ചെയ്‌തു. വെറുപ്പ് ഒരു രോഗം പോലെ അയാളിൽ കുടിയിരുന്നതിൻറെ ശേഷം, ഇന്നാദ്യമായി അവനെ ഓർത്ത് അയാളുടെ മനസ്സ് പിടഞ്ഞു. അയാള്‍ മെല്ലെ മെല്ലെ അവൻറെ വിറയ്ക്കുന്ന ശരീരത്തിലൊന്നു തൊട്ടു. തീ പോലെ പൊള്ളുന്ന പനിയല്ല അയാൾക്കനുഭവപ്പെട്ടത്. പകരം ഉള്ളിൻറെയുള്ളിൽ എവിടെയോ ഒളിച്ചിരുന്ന, പിതൃത്വമെന്ന വികാരം ഉടലാകെ പടർന്നു പിടിക്കുന്നതിൻറെ അനുഭൂതിയാണ്.

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പെയ്തു തോര്‍ന്ന മഴയുടെ കുളിരില്‍ ഭൂമി വിറച്ചു വിറച്ച്‌ നില്‍ക്കുമ്പോള്‍ അയാളുടെ ഹൃദയവും വിറ കൊണ്ടു. ചതിച്ചവളോടുള്ള വെറുപ്പും വൈരവും അന്ധനാക്കിയ താന്‍, തന്നെ തന്നെയായിരുന്നല്ലൊ ഇത്രയും കാലം വേദനിപ്പിച്ച്‌ കൊണ്ടിരുന്നത്‌ എന്നയാള്‍ ഓര്‍ത്തു. വെറുപ്പും പകയും ചിതലുകൾ പോലെ കുടികൊള്ളുന്ന മനസ്സുകൾ തിന്നു തീർക്കുന്നു.

“വലിയ പ്രതീക്ഷയൊന്നും വേണ്ട. നല്ല ജ്വരമുണ്ട്‌. ശരീരത്തിന്‌ നല്ല ക്ഷതവുമുണ്ട്‌.”

അങ്ങോട്ട്‌ വന്ന ഡോക്ടർ പോലീസുകാരോട്‌ പറയുന്നത്‌ കേട്ടപ്പോൾ, അയാളുടെ ഉള്ളില്‍ ഒരഗ്നി പര്‍വ്വതം പുകഞ്ഞു. വെളുത്ത തുണിയില്‍ പൊതിഞ്ഞ അവനെ ആദ്യമായി കണ്ടപ്പോള്‍ ഹൃദയത്തില്‍ പതപൊങ്ങിയ പിതൃസ്നേഹം, അയാളുടെ നെഞ്ചില്‍ ആര്‍ത്തിരമ്പി. എവിടെ വച്ചോ അയാള്‍ക്ക്‌ നഷ്ട്ടപെട്ട ആ നന്മ, അയാളില്‍ വീണ്ടും കൂട് കൂട്ടി. സന്തതിയെ ഓർത്ത് വേദനിക്കുന്ന പിതാവിൻറെ ഹൃദയം വിങ്ങി. ഒരേങ്ങലോടെ അയാൾ മുഖം ആ കുഞ്ഞു കാല്‍പാദത്തോട്‌ ചേര്‍ത്തു വച്ചു. മകനേ… മാപ്പ്.

സ്ഥലകാല ബോധമൊന്നുമില്ലാതെ, എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ചുമലിലൊരു കൈ അമര്‍ന്നപ്പോള്‍ അറിയാതെ, ചലിക്കുന്ന ഒരു യന്ത്രമെന്ന പോലെ തലയുയര്‍ത്തി. കൂടെ വന്ന ഒരു പോലീസുകാരനാണ്‌. മെല്ലെ എഴുനേറ്റപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു.

“ശ്രീധരൻ വക്കീലിനെ അറിയില്ലേ. വല്ല്യ ആളാണ്. മൂപ്പരാണ് നിങ്ങൾക്കെതിരെ കേസ് കൊടുത്തത്. S.I സാറ്‌… വക്കീലിൻറെ കയ്യും കാലും പിടിച്ച് പറഞ്ഞിട്ടാണ്… മൂപ്പർ കേസ് സസ്‌പെൻഡ് ചെയ്യാൻ സമ്മതിച്ചത്. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് വന്നു നോക്കും. ഇനിയും നിങ്ങളിവനെ ഉപദ്രവിച്ചാൽ… ഒരു ദയയും പ്രതീക്ഷിക്കണ്ട. ഇനി ഇങ്ങിനെ വല്ലോമുണ്ടായി എന്നറിഞ്ഞാല്‍… നിനക്കറില്ല സാറിനെ… ലോക്കപ്പിലിട്ട് തല്ലിക്കൊന്ന് കെട്ടിത്തൂക്കിക്കളയും. പറഞ്ഞില്ലെന്ന് വേണ്ട.”

ഒരു നന്ദി പറയാന്‍ പോലുമാവാതെ അയാള്‍ പ്രതിമ കണക്കെ നിന്നു. തിരികെ പോകാനായി തിരിഞ്ഞ ആ പോലീസുകാരൻ അയാളിലേക്ക് വീണ്ടും തിരിഞ്ഞു.

“ഇനിയെങ്കിലും മനുഷ്യരെ പോലെ ജീവിക്കാന്‍ നോക്ക്‌. ചതിച്ച്‌ പോയവളെ ഓര്‍ത്ത്‌… സ്വന്തം മകനെ ദ്രോഹിക്കുന്നതിന്‌ പകരം… വേറൊരുത്തിയെ കെട്ടിയിരുന്നെങ്കില്‍… എത്ര സുഖമായി… സന്തോഷത്തോടെ ജീവിക്കാമായിരുന്നു?”

നിറഞ്ഞ കണ്ണുകൾ തുടക്കാൻ മറന്നയാൾ നിന്നു. പോലീസുകാർ പോയിക്കഴിഞ്ഞപ്പോൾ, അയാൾ അവൻറെ കട്ടിലിൽ, തലഭാഗത്തിരുന്നു. അറിയാതെ വിറയ്ക്കുന്ന കരങ്ങൾ കൊണ്ട് അവൻറെ ശിരസ്സിലൊന്ന് തലോടി. അപ്പോൾ മനസ്സിനൊരു സുഖം തോന്നി. പിന്നെയും പിന്നെയും അയാളുടെ പരുക്കൻ വിരലുകൾ അവൻറെ ശിരസ്സിലൂടെ ഒഴുകിനടന്നു.

കുറെ കഴിഞ്ഞപ്പോൾ, പനി കാരണം വിറച്ചുതുള്ളി അവൻ പിച്ചുംപേയും പറയാൻ തുടങ്ങി. ഉമ്മയെ വിളിച്ചു കരഞ്ഞു. ബാപ്പയോട് തല്ലല്ലേ എന്ന് വിളിച്ചു കരഞ്ഞു. അയാളുടെ ഹൃദയം ചില്ല് കൊണ്ടത് പോലെ മുറിഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ അയാൾ ഉഴറി. ഒരു കുഞ്ഞിനെ പരിചരിച്ച് അയാൾക്ക് തീരെ പരിചയമില്ലായിരുന്നല്ലോ?

കാഷ്വാലിറ്റി വാർഡിലെ, തൊട്ടടുത്ത കട്ടിലിൽ അപകടം പറ്റിയ ഒരാളായിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ കൂടെ ഉണ്ടായിരുന്ന ഭാര്യ, അങ്ങോട്ട് വന്നു. പരിഭ്രമിച്ചു നിൽക്കുന്ന അയാളെ ഒന്ന് നോക്കി. പിന്നെ അവനെ തൊട്ടു നോക്കി ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു.

“ഈശ്വരാ… നല്ല പനിയുണ്ടല്ലോ.”

അയാൾക്കെന്തെങ്കിലും പറയാനാവുന്നതിൻറെ മുൻപേ, അവരോടിപ്പോയി ഡോക്ടറെ വിളിച്ചു. അല്പസമയമെടുത്തു ഡോക്ടറും നഴ്സും വരാൻ. ഡോക്ടർ വേഗം ഇഞ്ചക്ഷൻ കൊടുത്തു. തുണി നനച്ച് നെറ്റിയിലിടാനും, നനഞ്ഞ തുണി കൊണ്ട് ദേഹം തുടച്ചു കൊടുക്കാനും, കട്ടിയുള്ള പുതപ്പ് കൊണ്ട് പുതച്ച് കൊടുക്കാനും പറഞ്ഞു.

കയ്യിൽ ഒരു കഷ്ണം തുണി പോലുമില്ല. അയാൾ അന്ധാളിച്ചു നിൽക്കെ, ഒരു കഷ്ണം നനഞ്ഞ പഞ്ഞിയും, I.V ഡ്രിപ്പിനുള്ള സാധനങ്ങളുമായി നഴ്സ് തിരികെ വന്നു. പഞ്ഞി അവൻറെ നെറ്റിയിൽ വച്ച് കൊടുത്തു. ഡ്രിപ്പിടുന്ന അവരെ, അയാൾ നന്ദിയോടെ നോക്കിനിൽക്കെ, അവർ പറഞ്ഞു.

“ഒരു തോർത്തുമുണ്ട് വാങ്ങി… നനച്ച്… കുട്ടിയുടെ മേനിയാകെ തുടച്ചു കൊടുക്ക്. ഒരു കമ്പിളി വാങ്ങിക്കോ. വേഗം വേണം.”

അയാൾ ഇതികര്‍ത്തവ്യതാമൂഢനായി നിൽക്കുകയാണ്. പോലീസുകാർ കൊണ്ട് വന്നതാണ് തന്നെ. കയ്യിലഞ്ചിൻറെ പൈസയില്ല. ഇവിടെ പരിചയക്കാരാരുമില്ല. എന്തെങ്കിലും കിട്ടണമെങ്കിൽ നാട്ടിലേക്ക് പോകണം. അത് നടന്ന് പോകാമെന്നു വെക്കാം. പക്ഷെ ഇവനെയെങ്ങിനെ ഇവിടെ ഒറ്റയ്ക്കിട്ടു പോകും?

“എന്താ ആലോചിക്കുന്നത്?” ആ സ്ത്രീ ചോദിച്ചു. അയാളൊരു വിഡ്ഢിയെ പോലെ അവരെ നോക്കി.

“കയ്യിലഞ്ചിൻറെ പൈസയില്ല.” വാക്കുകൾ അയാളുടെ തൊണ്ടയിൽ ഇടറി. ആ സ്ത്രീ രണ്ടുമൂന്ന് നിമിഷങ്ങൾ അയാളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ കട്ടിലിലുണ്ടായിരുന്ന വാനിറ്റി ബാഗിൽ നിന്നും, നൂറ് രൂപയെടുത്ത് അയാളുടെ നേരെ നീട്ടി. പുഞ്ചിരിച്ചുയോടെ പറഞ്ഞു.

“വേഗം വാങ്ങീട്ട് വന്നോളീം. പൈസയെനിക്ക് പിന്നെ തന്നാ മതി.”

അയാളുടെ ഹൃദയം പിന്നെയും പിന്നെയും നനഞ്ഞു കൊണ്ടിരുന്നു. പടച്ചവനെ… ഈ ദുനിയാവിൽ എത്ര മൊഞ്ചുള്ള കാര്യങ്ങളുണ്ടായിരുന്നു. ഞാനൊന്നും കണ്ടില്ലല്ലോ. കേട്ടില്ലല്ലോ.

പണം വാങ്ങാൻ മടിച്ചു നിന്ന അയാളുടെ കൈകളിലേക്ക് അവരത് ബലമായി വച്ച് കൊടുത്തു. മോനെ ഞാൻ നോക്കിക്കോളാം, നിങ്ങൾ വേഗം വാങ്ങി വരൂ എന്നയാളോട് പറഞ്ഞു. പിന്നെയും ഒന്ന് മടിച്ചു നിന്നെങ്കിലും അയാൾ മെല്ലെ പുറത്തേയ്ക്ക് നടന്നു. ആശുപത്രിയുടെ മുൻപിലെ ഒരു കടയിൽ നിന്നും ഒരു തോർത്തുമുണ്ടും ഒരു കമ്പിളിപ്പുതപ്പും വാങ്ങി. തൊട്ടടുത്തൊരു ഫോൺബൂത്ത് കണ്ടപ്പോഴാണ്, നാട്ടിലെ അടുത്ത ബന്ധുവിനെ കുറിച്ചോർത്തത്. ആരുമായും ഇപ്പോൾ നല്ല ബന്ധമില്ല. മകൻറെ കാര്യത്തിൽ പലരും വന്നു തന്നോട് കാര്യം പറഞ്ഞപ്പോൾ മുഷിപ്പിച്ച് തിരിച്ചയച്ചതാണ്. അവരുടെ വീട്ടിൽ ഫോണുണ്ട്. നാട്ടിൽ ആദ്യമായി ഫോൺ കിട്ടിയത് അവർക്കായിരുന്നു. ആ നമ്പർ കല്ലിൽ കൊത്തിയ പോലെ ഇപ്പോഴും മനസ്സിലുണ്ട്.

അയാൾ മെല്ലെ ഫോൺബൂത്തിലേക്ക് നടന്നു. അവിടെയുള്ള ചെറുപ്പക്കാരനോട് നമ്പർ പറഞ്ഞു കൊടുത്തു. അയാൾ ഡയൽ ചെയ്ത് റിസീവർ അയാളുടെ കയ്യിൽ കൊടുത്തു. കുറച്ചു നേരം ബെല്ലടിച്ചാണ് അപ്പുറത്ത് ഫോൺ എടുത്തത്.

“ഹസ്സനിക്കാ…. ഇത് ഞാനാ.”

ഒരല്പ നേരത്തെ മൗനത്തിന് ശേഷം ആരെന്ന ചോദ്യമുണ്ടായപ്പോൾ അയാൾ പേര് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞപ്പോൾ അപ്പുറത്ത് നിന്നും അത്ഭുതത്തോടെ, ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ.

“എന്താടാ…? എന്താ പറ്റി? അന്നെ പോലീസ് പിടിച്ചൂന്ന് കേട്ടല്ലോ? ആ ചെക്കനെന്തേ?”

“കാക്കാ… പോലീസൊക്കെ ന്നെ വിട്ടു. ഓന് നല്ല സുഖല്ല. ഇവിടെ ജില്ലേലുണ്ട്. ഇച്ച് കൊറച്ച് പൈസ വേണ്ടീന്നു.”

അയാൾ വിക്കിവിക്കിയാണ് പറഞ്ഞത്. അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ, കൂട്ടത്തിലൊരാളുടെ വിളിമാത്രം മതിയാകും എന്നയാൾക്കറിയില്ലായിരുന്നല്ലോ!

“അയ്‌നെന്താ… ഇജ്ജവ്ടെ നിക്ക്. ഞാനിതാ എത്തി.”

ഹസ്സനിക്കയുടെ കൂടെ മൂപ്പരുടെ ഭാര്യയുമുണ്ടായിരുന്നു. ഹസ്സനിക്ക നീട്ടിയ പൈസ വിറയ്ക്കുന്ന കൈകളോടെ അയാൾ വാങ്ങുമ്പോൾ, ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഒന്ന് മാപ്പ് ചോദിയ്ക്കാൻ പോലും തനിക്കാവുന്നില്ലല്ലോ എന്നയാളോർത്തു. ഞാൻ നിൽക്കണോ എന്ന ഹസ്സനിക്കയുടെ ഭാര്യയുടെ ചോദ്യത്തിന്, അയാൾ വേണ്ടെന്ന് പറഞ്ഞു. കുറെ നേരം അവിടെ ചിലവഴിച്ചതിൽ പിന്നെ പോകാന്നേരം ഹസ്സനിക്ക അയാളോട് പറഞ്ഞു.

“ടാ… ചോരക്ക് ചോര തന്നെ വേണം. ട്ടൊ. മനുഷ്യന്മാർക്ക് മനുഷ്യന്മാര് തന്നെ വേണം. ഒരു മയ്യത്ത് കട്ടിലും… താനേ പള്ളിക്കാട്ടിലെത്തൂല. അത് എടുത്തോണ്ട് പോകാനാള് വേണം. അത് മറക്കണ്ട. പോട്ടെ. ഞാൻ നാളെ വരാം.”

അവർ പോകുന്നതും നോക്കി അയാൾ നിന്നു. അവർ കണ്ണിൽ നിന്നും മറഞ്ഞതിൻറെ ശേഷം, ആ സ്ത്രീക്ക് നേരെ നൂറുരൂപ നീട്ടി. അത് വാങ്ങിക്കുന്നതിനിടയിൽ അവർ ചോദിച്ചു.

“ഈ കുട്ടിൻറെ ഉമ്മയെന്ത്യേ?”

അയാൾ വിഷാദത്തോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി കുറെ നേരം നിന്നു. എന്താണ് പറയേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു. അവസാനം പതുക്കെ പറഞ്ഞൊപ്പിച്ചു.

“ഓളെ മനസ്സില്… ഞാനൂണ്ടായില്ല. ഓനൂണ്ടായില്ല.”

പിന്നെ അവരൊന്നും ചോദിച്ചില്ല. കാര്യം കൃത്യമായി മനസ്സിലായില്ലെങ്കിലും ഏറെക്കുറെ ഊഹിക്കാനായി. അത് പറയാൻ, അയാൾക്ക് ബുദ്ധിമുട്ടാണെന്നും മനസ്സിലായി.

അവൻറെ പനി കുറഞ്ഞിരുന്നു. തലഭാഗത്തു തന്നെ അയാളിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അയാൾ അരികിലെ കട്ടിലിലേക്ക് നോക്കി അവരോട് ചോദിച്ചു.

“തെന്താ പറ്റി?”

കണ്ണടച്ചു കിടക്കുകയായിരുന്ന ആ മനുഷ്യൻ മെല്ലെ കണ്ണ് തുറന്നു അയാളെ നോക്കി. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.

“വണ്ടിയിടിച്ചതാ. ഞാൻ സൈക്കിളിലായിരുന്നു. വളവ് തിരിഞ്ഞപ്പോൾ ഒരു ജീപ്പ്. ചെറുതായിട്ടൊന്ന് തട്ടി. ഭാഗ്യം കൊണ്ടിത്രയെ പറ്റിയുള്ളു. നിങ്ങളുടെ കൂടെ കുറെ പോലീസുകാരുണ്ടായിരുന്നല്ലോ? എന്തേനു?”

അയാളുടെ ചുണ്ടിൽ പതറിപ്പൊടിഞ്ഞൊരു നിർജീവമായ പുഞ്ചിരി വിടർന്നു. അത്രമാത്രം. പറയാൻ അയാളാഗ്രഹിക്കുന്നില്ലെന്ന് അവർക്ക് മനസ്സിലായി. അവർ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല. രാത്രി ഉറങ്ങാതെ അയാൾ അവനു കാവലിരുന്നു. മൂന്ന് മണിയാകാൻ നേരം അറിയാതെ കണ്ണൊന്ന് ചിമ്മിപ്പോയി. ചുമലിൽ മൃദുവായൊരു കൈത്തലം സ്പർശിച്ചപ്പോൾ ഞെട്ടിയുണർന്നു കണ്ണുമിഴിച്ച് നോക്കി. ആ സ്ത്രീയായിരുന്നു.

“ഇങ്ങിനെ തൂങ്ങിയുറങ്ങിയാൽ കട്ടിലിൽ നിന്നും വീഴില്ലേ? വേണമെങ്കിലൊന്നുറങ്ങിക്കൊള്ളൂ. മോനെ ഞാൻ നോക്കിക്കോളാം. അവനുറങ്ങുകയല്ലേ? ഇപ്പോൾ പനി നല്ല കുറവുണ്ട്.”

അയാൾ അത്ഭുതത്തോടെ അവരെ നോക്കി. പിന്നെ ഒരു നെടുവീർപ്പോടെ തലവെട്ടിച്ചു.

“മാണ്ട. ഞാനൊറങ്ങുന്നില്ല. കണ്ണൊന്ന് മാളിപ്പോയതാണ്. ഇങ്ങള് ഒറങ്ങീലെ?”

“ഉറക്കം വന്നില്ല. ചേട്ടന് നല്ല വേദനയുണ്ടെന്ന് തോന്നുന്നു. ഉറക്കത്തിൽ അറിയാതെ ഞരങ്ങുന്നുണ്ട്. പാവം. ഞാൻ വിഷമിക്കണ്ടാന്ന് കരുതി… വേദന കാണിക്കാതിരിക്കുന്നതാ. പാവത്തിന് ഉറക്കത്തിൽ അഭിനയിക്കാനാവില്ലല്ലോ. എനിക്കുറക്കമൊന്നും വന്നില്ല.”

വികാരമെന്തെന്ന് തിരിച്ചറിയാനാവാത്തൊരു പുഞ്ചിരിയോടെ അയാൾ ആ സ്ത്രീയുടെ കണ്ണുകളിൽ നോക്കി. അവിടെ ഒരു നേർത്ത നീർപാടയുണ്ട്. ഭർത്താവിൻറെ പരിക്കുകൾ അവർക്കും വേദനിക്കുന്നുണ്ടെന്ന് ആ കണ്ണുകളിൽ നിന്നും, അയാൾക്ക് മനസിലായി. അയാൾ മെല്ലെ പറഞ്ഞു.

“സാരല്ലട്ടൊ. മൂപ്പര് കയ്ച്ചിലായല്ലോ. അതന്നെ വല്ല്യ ഭാഗ്യാണ്. ഒടിഞ്ഞതും മുറിഞ്ഞതുമൊക്കെ ദാന്ന് മാറും.”

വിഷമത്തിനിടയിലും അവരൊന്ന് പുഞ്ചിരിച്ചു. പിന്നെ കട്ടിലിൻറെ അടിയിലെ തൂക്കുപാത്രത്തിൽ ഉണ്ടായിരുന്ന കടുപ്പമുള്ള ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അയാളുടെ അരികിലേക്ക് തിരികെയെത്തി. അവർ നീട്ടിയ ഗ്ലാസ്സിലേക്കും അവരുടെ മുഖത്തേയ്ക്കും അയാൾ മാറിമാറി നോക്കി. പിന്നെ മെല്ലെ ഗ്ളാസ് വാങ്ങി. ചായയ്ക് നല്ല ചൂടുണ്ടായിരുന്നു. അയാൾ അത് മെല്ലെ മെല്ലെ ഊതിക്കുടിക്കുന്നത് അവർ നോക്കിയിരുന്നു.

ഇടയ്ക്കൊന്ന് നോക്കിയപ്പോൾ അത് കണ്ട അയാൾ അവരോട് ചോദിച്ചു. “ഇങ്ങൾക്ക് കുട്ട്യാളൊന്നൂല്ലെ?”

അവർ പുഞ്ചിരിയോടെ പറഞ്ഞു. “മൂന്നാളുണ്ട്. മൂത്തത് പെണ്ണാ. പിന്നെ രണ്ടാണും. അവർ വീട്ടിലുണ്ട്. വീട് നോക്കാൻ മോള് മതി.”

അയാളൊന്ന് തലകുലുക്കിക്കൊണ്ട് പുഞ്ചിരിച്ചു. ഒരല്പ നേരത്തെ മൗനത്തിന് ശേഷം അവർ ചോദിച്ചു. “പിന്നെയെന്തേ വേറെ കല്ല്യാണമൊന്നും കഴിക്കാഞ്ഞു. അല്ല… വയസ്സിപ്പോഴും കൂടിട്ടൊന്നുമില്ല. ഇങ്ങിനെ ഒറ്റയ്ക്ക് ജീവിച്ചാൽ മനസ്സിന് ഭ്രാന്ത് പിടിക്കും.”

അയാളൊന്ന് നെടുവീർപ്പിട്ടു. “തോന്നീല്ല. ഒരുജാതി വെറുപ്പായിരുന്നു. സകല പെണ്ണുങ്ങളോടും. ഒരെണ്ണത്തിനേം വിശ്വസിക്കാമ്പറ്റൂല്ലാന്നൊരു തോന്നല്.”

അവരൊന്ന് വിശാലമായി ചിരിച്ചു. “അങ്ങിനെയൊന്നും കരുതണ്ടാട്ടോ. നല്ല നല്ല ആളുകൾ… ആണുങ്ങളുടെ കൂട്ടത്തിലും… പെണ്ണുങ്ങളുടെ കൂട്ടത്തിലും… ഇഷ്ടം പോലെയുണ്ട്. ഒരാളെ കണ്ടെത്തണം. എന്നിട്ട് കൂടെ കൂട്ടണം. നമ്മളൊന്ന് തളർന്നു പോയാൽ… നമുക്കൊരു താങ്ങ് വേണ്ടേ. അതാണിന് പെണ്ണും, പെണ്ണിന് ആണുമേ ഉള്ളൂ.”

അയാളൊന്നും പറഞ്ഞില്ല. കേട്ടതിൽ വിരോധമില്ല എന്ന രീതിയിൽ അവരെ ഒന്ന് നോക്കി. കാലിയായ ഗ്ലാസ്സ് തിരികെ കൊടുത്ത് അയാൾ ഓരോന്നാലോചിച്ചിരുന്നു. അവർ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല. അയാളുടെ ചിന്തകളിലേക്ക് അയാളെ വിട്ടുകളഞ്ഞു.

രാവിലെ ആദ്യം വന്നത് അവരുടെ ഡോക്ടർ ആയിരുന്നു. അവരെ വാർഡിലേക്ക് മാറ്റി. പിന്നെ കാണാം എന്ന യാത്രാ മൊഴിയോടെ അവർ പോയി. എന്തോ ഒരു ശൂന്യത അയാൾക്കനുഭവപ്പെട്ടു.

അവന് പനി നന്നായി കുറഞ്ഞിരുന്നെങ്കിലും ഡോക്ടർ അഡ്മിറ്റ് പറഞ്ഞു. കുട്ടികളുടെ വാർഡിൽ ഒരു കിടക്ക കിട്ടിയത് വലിയ ആശ്വാസമായി. ഇതിന്നിടയിൽ അയാളൊരു തൂക്കുപാത്രം വാങ്ങി അതിൽ തണുപ്പിച്ച വെള്ളച്ചായ വാങ്ങിക്കൊണ്ടു വന്നു. അവന് അതിൽ മുക്കി ബണ് കൊടുത്തു.

ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ തൻറെ മുന്നിൽ അയാളെ കണ്ട അവൻ, ആദ്യം ഭയന്ന് പോയിരുന്നു. പക്ഷെ ആദ്യമായി അയാളുടെ കണ്ണുകളിൽ അവൻ കനിവ് കണ്ടു. സ്നേഹം കണ്ടു. വാത്സല്ല്യം കണ്ടു. മെല്ലെ മെല്ലെ ആ ഭയം, അവനിൽ നിന്നും അലിഞ്ഞില്ലാതെയായി.

അവനു ഭക്ഷണം കൊടുത്ത് കഴിഞ്ഞപ്പോൾ, തൊട്ടടുത്തെ രോഗിയായ കുട്ടിക്ക് കൂട്ടിരിക്കുന്ന സ്ത്രീയോട്, അവനെ ഒന്നു നോക്കിക്കൊള്ളാൻ പറഞ്ഞു. നാട്ടിലൊന്ന് പോയി വേഗം വരാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതത്തോടെ തല കുലുക്കി.

ചായക്കടയുടെ മുൻപിൽ ഓട്ടോയിറങ്ങിയ അയാൾ ചുറ്റുമൊന്ന് നോക്കി. അവിടിവിടെ നിന്നും ചിലരൊക്കെ എത്തിനോക്കുന്നുണ്ട്. ആരും അടുത്തേയ്ക്ക് വരുന്നില്ല. കടയുടെ നിരപ്പലക ആരോ ചാരിവച്ചിട്ടുണ്ട്. കടയിലേക്ക് നായ്ക്കൾ കയറാതിരിക്കാനാവും. അയാൾ അതെല്ലാം നേരെയാക്കി. പിന്നെ ആരെയും ശ്രദ്ധിക്കാതെ നടന്നുതുടങ്ങി.

മദ്രസയിൽ കുട്ടികൾക്ക് പാഠം പറഞ്ഞുകൊടുക്കുകയായിരുന്നു മജീദ് മുസ്ല്യാർ. ക്ലാസ് മുറിയുടെ വാതിൽക്കൽ ചടച്ച വേഷവിധാനങ്ങളോടെ അയാളെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മദ്രസയുടെ വരാന്തയിലേക്കിറങ്ങി വന്ന മജീദ് മുസ്ല്യാരുടെ കൈകൾ, രണ്ടു കൈകളുംകൊണ്ട് കൂട്ടിപ്പിടിച്ചയാൾ പറഞ്ഞു.

“ഉസ്താദേ… ൻറെ കുട്ടിനീം കൂടി… ഇങ്ങളിവിടെ ചേർക്ക്വോ?”

മുസ്ല്യാർക്കൊന്നും മനസ്സിലായില്ല. എന്നാലും പുഞ്ചിരിയോടെ ചോദിച്ചു.

“അതിനെന്താ… ഇങ്ങളോനീം കൊണ്ടിങ്ങ് പോരീം.”

പിന്നെ അയാൾ നേരെ പോയത് സ്‌കൂളിലേക്കായിരുന്നു. ഹെഡ്മാസ്റ്റർ പവിത്രൻ മാഷ് ഓഫീസിലുണ്ടായിരുന്നു. അയാളുടെ വേഷവിധാനങ്ങൾ കണ്ട്, മാഷും അന്ധാളിച്ചു. കഥയെന്താണെന്നറിയാതെ നിൽക്കുന്ന മാഷിനോട് അയാൾ ചോദിച്ചു.

“മാഷെ… ൻറെ ചെക്കനെ ഇസ്‌കൂളിൽ ചേർക്കാൻ… ഇങ്ങളിന്നോട് കൊറേ പർഞ്ഞതാണ്. ഞാങ്കേട്ടില്ല. ഓനെ ഇഞ്ഞിവടെ ചേർക്കാമ്പറ്റ്യോ?”

മാഷ് വിശ്വാസം വരാത്ത പോലെ അയാളെ നോക്കി. മാഷിൻറെ ചുണ്ടിൽ പുലരിയെക്കാൾ സുന്ദരമായൊരു പുഞ്ചിരി വിടർന്നു. അതിലുണ്ടായിരുന്നു എല്ലാം. സന്തോഷത്തോടെ തിരികെ മടങ്ങുന്ന അയാളെയും നോക്കി, മാഷ് ആ സ്‌കൂൾ വരാന്തയിൽ നിന്നു.

തിരികെ ആശുപത്രിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, അയാളുടെ കയ്യിൽ കുറെ ഓറഞ്ചും, ആപ്പിളും മുന്തിരിയുമൊക്കെ ഉണ്ടായിരുന്നു. അന്നാദ്യമായി അയാളെ കണ്ടപ്പോൾ അവൻറെ കണ്ണുകളിൽ ഭയത്തിനു പകരം സന്തോഷം സ്ഫുരിച്ചു.

അയാളൊരു ഓറഞ്ചെടുത്തു. തൊലി പൊളിച്ചു. പിന്നെ ഓരോ അല്ലികളായി അടർത്തിയെടുത്ത് അവൻറെ ചുണ്ടിലേക്ക് വച്ചുകൊടുത്തു. അമ്മക്കിളി തൻറെ കൊക്കില്‍ കൊണ്ടു വരുന്ന തീറ്റ, ചിറകു മുളക്കാത്ത കുഞ്ഞുങ്ങള്‍ ആര്‍ത്തിയോടെ പകര്‍ന്ന്‌ വാങ്ങുന്നത്‌ പോലെ, അവന്‍ അയാളുടെ കയ്യില്‍ നിന്നും ആ അല്ലികൾ സ്വന്തം വായിലേക്ക്‌ വാങ്ങി. ഇടയിലെപ്പോഴോ, അവൻറെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍, കവിളിലേക്ക് ഒലിച്ചിറങ്ങി!

ആശുപത്രിയുടെ ജനാലയ്ക്കൽ വന്നിരുന്ന് കുറുകുന്നൊരു പ്രാവിനെ കാണിച്ച്‌ കൊടുത്ത്‌, കരയുന്ന തൻറെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന ഒരമ്മയെ അതിനിടയിലും, അവന്‍ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. ആത്മാവിലിഴുകിച്ചേര്‍ന്നൊരു കൊതിയോടെ!

ശുഭം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment