ഭര്‍തൃവീട്ടിലെ പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍

കണ്ണൂര്‍: പ്രണയിച്ച് വിവാഹം കഴിച്ച് ഒടുവില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. സുനീഷയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനാണ് ഭര്‍ത്താവ് വിജീഷിന്റെ അച്ഛന്‍ രവീന്ദ്രനെ അറസ്റ്റു ചെയ്തത്.

ഒന്നര വർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വിജീഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ആഗസ്റ്റ് 29-നാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന സുനിഷയുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷന്‍റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്. വിജീഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം കുറ്റങ്ങള്‍ ചുമത്തിയാണ്
അച്ഛനെ അറസ്റ്റ് ചെയ്തത്. വിജീഷിന്‍റെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ഭർത്താവ് വിജീഷിൽ നിന്നും മർദ്ദനം നേരിട്ടതായി വ്യക്‌തമാകുന്ന സുനിഷയുടെ ഓഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. വിജീഷിന്റെ മാതാപിതാക്കളും സുനിഷയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്ന് സുനിഷയുടെ ഓഡിയോയിൽ വ്യക്‌തമാണ്‌.

കൂടാതെ സുനിഷ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകിയും രംഗത്തെത്തിയിരുന്നു. സുനിഷയ്‌ക്ക് സ്‌ഥിരമായി ഭർതൃ വീട്ടിൽ നിന്ന് മർദ്ദനം ഏറ്റിരുന്നതായി അവർ വെളിപ്പെടുത്തി. സുനിഷയ്‌ക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നും ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് കഴിച്ചിരുന്നതെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം വീട്ടിലേക്ക് വിളിക്കാനോ പോകാനോ സുനിഷയെ അനുവദിച്ചിരുന്നില്ലെന്നും അവർ വിളിപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment