ലോകത്തിനും ഇന്തോ-പസഫിക്കിനും ‘ശാന്തിയും സമാധാനവും സമൃദ്ധിയും’ ഉറപ്പാക്കും: നരേന്ദ്ര മോദി

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ എന്നിവർ വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ആദ്യ വ്യക്തിഗത ക്വാഡ് മീറ്റിംഗിൽ പങ്കെടുത്തു.

ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള സമാധാനവും സ്ഥിരതയും ക്വാഡ് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രാരംഭ പ്രസംഗത്തിൽ പറഞ്ഞു.

തന്റെ ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു – “ഞങ്ങളുടെ സഹകരണം ലോകത്തും ഇന്തോ -പസഫിക് മേഖലയിലും ശാന്തിയും സമാധാനവും സമൃദ്ധിയും സ്ഥാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ക്വാഡ് ആഗോള നന്മയ്ക്കുള്ള ശക്തിയായി പ്രവർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 2004-ലെ സുനാമിക്ക് ശേഷം ഇന്തോ-പസഫിക്കിലെ പ്രാദേശിക സഹകരണത്തിനായി ഞങ്ങള്‍ ആദ്യമായി ഒന്നിച്ചു. ഇന്ന്, ലോകം കോവിഡ് -19 നെതിരെ പോരാടുമ്പോൾ, ഞങ്ങള്‍ ക്വാഡിന്റെ ഭാഗമായി മനുഷ്യത്വത്തിനായി വീണ്ടും ഒന്നിച്ചു. ഞങ്ങളുടെ ക്വാഡ് വാക്സിൻ സംരംഭം ഇൻഡോ-പസഫിക് രാജ്യങ്ങളെ വളരെയധികം സഹായിക്കും.”

ജപ്പാൻ, ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ എന്നീ നാല് ജനാധിപത്യ രാജ്യങ്ങൾ ഭാവിയെക്കുറിച്ച് ഒരു പൊതു കാഴ്ചപ്പാട് പങ്കിടുന്നുവെന്നും, കോവിഡ് -19 മുതൽ കാലാവസ്ഥ വരെയുള്ള പൊതുവായ വെല്ലുവിളികളെ കൈകാര്യം ചെയ്യുമെന്നും പ്രാദേശിക ഗ്രൂപ്പിംഗിന്റെ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച ബൈഡന്‍ പറഞ്ഞു. ശ്രദ്ധേയമായ ഒരു നീക്കത്തിൽ, അമേരിക്കയിലെ പ്രമുഖ സ്റ്റെം പ്രോഗ്രാമുകളിൽ നൂതന ബിരുദങ്ങൾ നേടുന്നതിന് ഓരോ ക്വാഡ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ബൈഡന്‍ ഒരു പുതിയ ക്വാഡ് ഫെലോഷിപ്പും പ്രഖ്യാപിച്ചു.

സഹകരണ സംവിധാനം ഒരു മൂന്നാം കക്ഷിയെ ലക്ഷ്യം വയ്ക്കരുത്: ചൈന

ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനായി നാല് രാജ്യങ്ങളും ഒത്തു ചേർന്നത്. മീറ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നാല് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് മറ്റൊരു രാജ്യത്തെയും ലക്ഷ്യമിടുകയില്ല എന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ചു.

“ഏതെങ്കിലും പ്രാദേശിക സഹകരണ സംവിധാനം ഒരു മൂന്നാം കക്ഷിയെ ലക്ഷ്യമിടുകയോ താൽപ്പര്യങ്ങൾ ഹനിക്കുകയോ ചെയ്യരുതെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഒരു മൂന്നാം രാജ്യത്തിനെതിരെ പ്രത്യേകമായ രഹസ്യ കൂട്ടുകെട്ടുകള്‍ തേടുന്നത് മേഖലയിലെ രാജ്യങ്ങളുടെ കാലഘട്ടത്തിന്റെയും അഭിലാഷങ്ങളുടെയും പ്രവണതയ്ക്ക് എതിരാണ്. അതിന് പിന്തുണയും ലഭിക്കില്ല, പരാജയം സംഭവിക്കും, ”ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഉച്ചകോടിക്ക് മുന്നോടിയായി, പ്രധാനമന്ത്രി മോദി ഗ്രൂപ്പിലെ ഓരോ നേതാക്കളെയും വെവ്വേറെ കാണുകയും സമുദ്ര സുരക്ഷയുടെ പ്രാധാന്യം ആവർത്തിക്കുകയും ‘സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്’ സംബന്ധിച്ച ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.

Print Friendly, PDF & Email

Related posts

Leave a Comment