കേരളത്തിലേക്ക് പ്രവാസികളുടെ പണമൊഴുക്ക് നിലയ്ക്കുന്നു; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്

തിരുവനന്തപുരം: രാവും പകലും കേരള മോഡലിനെക്കുറിച്ച് പാടിപ്പുകഴ്ത്തി നടന്നവര്‍ ഇപ്പോള്‍ നിശ്ശബ്ദതയിലാണ്. വരവനുസരിച്ച് ചിലവാക്കാതെ ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കേരളീയരുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. രാപകല്‍ അധ്വാനിച്ച് നാട്ടിലേക്ക് പണമയച്ചിരുന്ന പ്രവാസികള്‍ കൊറോണ വ്യാപിച്ചതോടെ തിരിച്ചെത്തിയതും വീണ്ടും മടങ്ങിപ്പോകാനാകാതെ വന്നതും കേരളീയര്‍ക്ക് ഇരുട്ടടി പോലെയായി.

കഴിഞ്ഞ വർഷം മിക്കവരും ഗൾഫ് രാജ്യങ്ങളിലെ ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെങ്കിലും എൻആർഐ അക്കൗണ്ടുകളിൽ പണത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. ഈ വർഷം മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, പ്രവാസികളിൽ നിന്നുള്ള വരവില്‍ 10 ശതമാനം വർദ്ധനവുണ്ടായിരുന്നു. മൊത്തം വരവ് 229636 കോടി രൂപയായിരുന്നു. ഈ പണം വന്നത് ജോലി ഉപേക്ഷിച്ചു മടങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സ്‌പെഷല്‍ ഫണ്ട് അയച്ചതുകൊണ്ടാണ്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഇതുവരെ ലോകത്തുനിന്നും മാറിയിട്ടില്ല. സാധാരണ നിലയിലേക്ക് ലോകരാജ്യങ്ങള്‍ മടങ്ങിയെത്താന്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കും. ഇത് കാര്യമായി ബാധിക്കുന്നത് കേരളത്തിനെ മാത്രമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം 15 ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുള്ളതെന്ന് നോര്‍ക്ക അധികൃതര്‍ പറയുന്നു. ഇത്രയും പേര്‍ക്ക് കേരളത്തില്‍ ഒരു വരുമാനമാര്‍ഗം കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ മലയാളികള്‍ ഇനിയെന്തു ചെയ്യുമെന്നറിയാതെ ഇരിക്കുകയാണ്.

വരുമാനത്തിന്റെ ഇരട്ടി ചിലവ് ചെയ്ത് ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞ് തങ്ങളിലേക്ക് ഒതുങ്ങിക്കൂടാന്‍ പറ്റാത്ത അവസ്ഥയിലാണ്. ലോട്ടറിയും മദ്യവും വിറ്റുകിട്ടുന്ന വരുമാനത്തില്‍ നിന്നുമാത്രം കേരളത്തെ മുന്നോട്ടുനയിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. അധികം വൈകാതെ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലേക്കെത്തിയാല്‍ കേരളത്തിന്റെ നടുവൊടിയും.

ഇന്ത്യയിലേക്ക് വരുന്ന എൻആർഐ ഫണ്ടുകളുടെ 20 ശതമാനവും കേരളത്തിലേക്കാണ്. ഇത്രയും പണം വരുന്നതാണ് ഇപ്പോള്‍ നിലച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തെ എല്ലാ അർത്ഥത്തിലും പിന്നോട്ട് നയിക്കുമെന്നതിൽ സംശയമില്ല. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ ഉടൻ തയ്യാറാക്കിയില്ലെങ്കിൽ കേരളത്തിൽ പട്ടിണി മരണം വരെ സംഭവിക്കാനിടയുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment