സിപി‌എമ്മിന്റെ ദുര്യോഗം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും സംഘവും വൈരുദ്ധ്യാത്മക വാദവുമായി കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതാക്കൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പകരമായി ഒരു പുതിയ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെടുക്കുകയാണ്. നിയമസഭയിൽ ഗുണ്ടകളെപ്പോലും വെല്ലുന്ന രീതിയില്‍ നിയമസഭയില്‍ അഴിഞ്ഞാടിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സിപി‌എമ്മിന്റെ ഉറക്കം കെടുത്തുന്നത്. പൊതുമുതല്‍ നശിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ആലോചിക്കാതെ അവര്‍ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് കോടതിയില്‍ ഉത്തരം നല്‍കേണ്ടി വന്നപ്പോള്‍ ആ ദൃശ്യങ്ങളെല്ലാം ‘വ്യാജ’മാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ശിവന്‍‌കുട്ടിയും സംഘവും.

ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, മുൻ എംഎൽഎമാരായ സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ്, കെ.അജിത്ത് തുടങ്ങിയവരാണ് ഈ വാദവുമായി കോടതിയിൽ വിടുതൽ ഹർജി നൽകിയിരിക്കുന്നത്. ഭാവിയില്‍ താനൊരു മന്ത്രിയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതാതിരുന്ന വി. ശിവന്‍‌കുട്ടിയ്ക്കാണ് ഇപ്പോള്‍ അക്കിടി പറ്റിയിരിക്കുന്നത്.

കേസ് പിൻവലിക്കാൻ സുപ്രീംകോടതിയെ വരെ സമീപിച്ച സർക്കാർ ഒടുവിൽ പ്രതികൾക്കെതിരെ വാദിക്കേണ്ട ഗതികേടിലായി. ഈ ദുരന്തം സിപി‌എം ചോദിച്ചു വാങ്ങിയതാണ്. ഇന്നുവരെ മറ്റൊരു സർക്കാരിനും അവരുടെ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട ഗതികേടുണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ എം. മാണിക്കെതിരെ സിപി‌എം നടത്തിയ സമരമാണ് നിയമ സഭയില്‍ കൈയ്യാങ്കളിക്ക് കളമൊരുക്കിയതും പൊതുമുതല്‍ തകര്‍ക്കുന്നതിലേക്കും നീങ്ങിയത്. ‘ഞങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങള്‍ക്കും വേണ്ട’ എന്ന രീതിയിലായിരുന്നു അന്ന് നിയമസഭ തല്ലിത്തകര്‍ത്തത്.

അന്ന് മാണിയെ കോഴ മാണിയെന്നു വിശേഷിപ്പിച്ച എല്‍ഡിഎഫിനൊപ്പമാണ് അദ്ദേഹത്തിന്റെ മകനും പാര്‍ട്ടിയും. ഈ കേസില്‍ എന്തുനിലപാടാണ് സ്വീകരിക്കേണ്ടത് എന്നറിയാതെ നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് (എം). കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായ വിമര്‍ശനവുമായാണ് സുപ്രീംകോടതി തള്ളിയത്. പ്രതികളേക്കാള്‍ അതു മുറിവേല്‍പ്പിച്ചത് അവരെ രക്ഷിച്ചെടുക്കാന്‍ വാദിച്ച സര്‍ക്കാരിനെയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് വി. ശിവന്‍കുട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇതു തള്ളി. ഇതോടെ സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അവിടെയും തോറ്റപ്പോള്‍ സുപ്രീംകോടതിയിലെത്തി. അവിടെ കേസ് തോല്‍ക്കുകയും കനത്ത വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിനായി പൊതുഖജനാവില്‍നിന്നു ദശലക്ഷങ്ങളാണ് മുടക്കിയത്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും പരാമര്‍ശവും വിധിയും സര്‍ക്കാരിനും പ്രതികള്‍ക്കും വന്‍ തിരിച്ചടിയായി. പരമോന്നത കോടതിയില്‍നിന്നു ചോദിച്ചു വാങ്ങിയ ഈ വിമര്‍ശനങ്ങള്‍ വിചാരണ ഘട്ടത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക പ്രതിഭാഗത്തിന് സ്വാഭാവികം.

വിധിയില്‍ വ്യക്തിപരമായ വിമര്‍ശനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും നിലപാട് സ്വീകരിച്ചത്. ശിവന്‍കുട്ടി മന്ത്രിയാവുന്നതിനു മുന്‍പെയാണ് ഈ കേസില്‍ നിന്നും തലയൂരാന്‍ സിപിഎം ശ്രമം തുടങ്ങിയത്. സുപ്രീം കോടതിയില്‍ കേസ് തോറ്റതോടെ വിടുതല്‍ ഹര്‍ജിയുമായി പ്രതികള്‍ വിചാരണ കോടതിയെ സമീപിച്ചു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമോ എന്നതു മാത്രമാണ് വിടുതല്‍ ഹര്‍ജികളില്‍ കോടതി പരിശോധിക്കുക.

വിടുതല്‍ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുഖ്യതെളിവായ ദൃശ്യങ്ങള്‍ വ്യാജമാണെന്നു പ്രതികള്‍ വാദിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡികളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമസഭ സെക്രട്ടറിയില്‍നിന്നു സാക്ഷ്യപ്പെടുത്തിയല്ല വാങ്ങിയതെന്നു ചൂണ്ടിക്കാട്ടിയാണ് ദൃശ്യം വ്യാജമെന്നുള്ള വാദം. നിയമസഭ ടിവിതന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് കോടതിയിലുള്ളത്. അതിനൊപ്പം അന്ന് സ്വകാര്യ ടിവി ചാനലുകളും ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. എല്ലാം നാടാകെ തത്സമയം കണ്ട ദൃശ്യങ്ങളാണ്. പത്ര ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം പകര്‍ത്തിയ ചിത്രങ്ങളിലും അതിക്രമങ്ങള്‍ വ്യക്തമായുണ്ട്. അതാണു വ്യാജമെന്നു പ്രതികള്‍ ഇപ്പോള്‍ വാദിക്കുന്നത്.

കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ പോയപ്പോഴും ആ ദൃശ്യങ്ങള്‍ കണ്ടു സുപ്രീംകോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴുമൊന്നും ദൃശ്യങ്ങള്‍ വ്യാജമെന്ന വാദം ഉയര്‍ന്നിരുന്നില്ല. സുപ്രീംകോടതിയില്‍ ഏറ്റവും വിചിത്രമായ വാദം സര്‍ക്കാര്‍ വകയായിരുന്നു. നിയമസഭയില്‍ പ്രതികള്‍ തല്ലി തകര്‍ത്തതൊന്നും പൊതുമുതല്‍ അല്ലെന്നായിരുന്നു അത്. അതിനെ കോടതി രൂക്ഷമായ വിമര്‍ശനത്തോടെയാണ് തള്ളിയത്. അന്ന് പ്രതിപക്ഷ എംഎല്‍എമാരായിരുന്ന തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ബി. സത്യന്‍ എന്നിവരും സ്പീക്കറുടെ വേദിയില്‍ കയറിയെങ്കിലും തങ്ങള്‍ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് പ്രതികള്‍ വിലപിക്കുന്നുണ്ട്. നാടാകെ ടിവിയിലൂടെ ആവര്‍ത്തിച്ചു കണ്ട സംഭവത്തില്‍ സുരക്ഷാജീവനക്കാരുടെ മേല്‍ കുറ്റം ചാരാനാണ് ഇവരുടെ ശ്രമം.

പ്രതിപ്പട്ടികയില്‍ ചേര്‍ത്തതില്‍ പക്ഷപാതമുണ്ടെന്നും അവർ ആരോപിക്കുന്നു. അതിനായി സ്വന്തം മുന്നണിയിലെ സഹ എംഎൽഎമാരെയാണ് വാദത്തിലേക്ക് വലിച്ചിഴച്ചത്. സി.പി.എം ഇപ്പോൾ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന തത്വത്തിൽ നിന്ന് വിരോധാഭാസമായ തിന്മയിലേക്ക് മാറിയെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment