ഹൈടെക് കോപ്പിയടി: രാജസ്ഥാന്‍ യോഗ്യതാ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ബ്ലൂടൂത്ത് ഘടിപ്പിച്ച ഷൂസുമായെത്തി; അഞ്ചു പേരെ അറസ്റ്റു ചെയ്തു

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിലേക്കുള്ള രാജസ്ഥാൻ യോഗ്യതാ പരീക്ഷയിൽ (REET) കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഷൂസിനുള്ളില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചായിരുന്നു ശ്രമം.

അജ്മീറിൽ നിന്നാണ് ആദ്യത്തെ അറസ്റ്റ്. ബാക്കിയുള്ളവർ സംസ്ഥാന വ്യാപകമായി നടത്തിയ തിരച്ചിലിനിടെ അറസ്റ്റിലായി. അറസ്റ്റിലായവരിൽ മൂന്ന് പേർ തൊഴിലന്വേഷകരാണ്, മറ്റ് രണ്ട് പേർ അവരെ സഹായിക്കാനെത്തിയവരായിരുന്നു. ബ്ലൂടൂത്തും മൊബൈൽ ഉപകരണങ്ങളും ഘടിപ്പിച്ച ഷൂസ് ബിക്കാനീറിൽ നിന്നും സീക്കറിൽ നിന്നും കണ്ടെടുത്തു.

ഫോണും ബ്ലൂടൂത്തും ഷൂസിനുള്ളില്‍ ഘടിപ്പിച്ചിരുന്നു. പരീക്ഷാര്‍ത്ഥിയുടെ ചെവിയിൽ ഒരു ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി പുറത്തുനിന്നുള്ളവർക്ക് പരീക്ഷയിൽ സഹായിക്കാനാകും. പരിശോധനയുടെ തുടക്കത്തിൽ അജ്മീറിൽ നിന്നുള്ള ഒരാളെ പിടികൂടിയതായി അജ്മീർ പോലീസ് ഓഫീസർ ജഗദീഷ് ചന്ദ്ര ശർമ്മ പറഞ്ഞു. അടുത്ത പരീക്ഷയിൽ ചെരിപ്പും ഷൂസും സോക്സും ധരിച്ച് പരീക്ഷ എഴുതാൻ ഉദ്യോഗാർത്ഥികളെ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

തട്ടിപ്പിനെ തുടർന്ന് രാജസ്ഥാനിലെ 16 ജില്ലകളിലും മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ 12 മണിക്കൂർ നിർത്തിവച്ചു.
രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ റീറ്റ് പരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment