പ്രേംചന്ദിന്റെ ശരീരത്തിൽ നെവിസിന്റെ ഹൃദയം മിടിക്കാൻ തുടങ്ങി

കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നെവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് മാറ്റിവച്ചു. കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിൽ എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. ശനിയാഴ്ച രാത്രി 7.30 ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് പുലർച്ചെ 3.30 ന് പൂർത്തിയായി. എറണാകുളം രാജഗിരി ആശുപത്രിയിൽ മരണപ്പെട്ട കോട്ടയം സ്വദേശി നെവിസിന്റെ (25) ഹൃദയം രാത്രി 7.15 ന് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയ ഉടൻ ആരംഭിച്ചു.

എറണാകുളം മുതൽ കോഴിക്കോട് വരെ റോഡിൽ ഒരു ഗ്രീൻ ചാനൽ സ്ഥാപിച്ചാണ് ആംബുലന്‍സിന് സുഗമമായി കടന്നുപോകാന്‍ വഴിയൊരുക്കിയത്. ആളുകൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചിരുന്നു. 172 കിലോമീറ്റർ ദൂരം മൂന്നു മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് പിന്നിട്ട് വൈകീട്ട് 7 മണിക്ക് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ
ആശുപത്രിയിൽ ഹൃദയം എത്തിച്ചു.

നെവിസ് ഫ്രാൻസിൽ മാസ്റ്റർ ഓഫ് അക്കൗണ്ടിംഗിന് പഠിക്കുകയായിരുന്നു. കോവിഡ് കാരണം ക്ലാസ് ഇപ്പോൾ ഓൺലൈനിലാണ്. 16 -ന് നെവിസിന് ഹൃദയാഘാതം സംഭവിച്ചു. ഒരു രാത്രി പഠനത്തിനു ശേഷം ഉണരാൻ വൈകി. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി ഉണർത്താൻ ചെന്നപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസാധാരണമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലാതിരുന്നതിനാല്‍ 20 -ന് എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്ക്ക മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ നെവിസിന്റെ അച്ഛനും അമ്മയും അവയവദാനത്തിന് സന്നദ്ധരായി.

നെവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂര്‍ സ്വദേശി പ്രേംചന്ദിന്റെ (59) ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റര്‍ മാനേജിംഗ് ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു. രോഗിയുടെ ശരീരത്തില്‍ പുതിയ ഹൃദയം പ്രവര്‍ത്തനം ആരംഭിക്കുകയും ബോധം തിരിച്ചുകിട്ടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കാര്‍ഡിയോ തൊറാസിക്​ സര്‍ജറി ഡയറക്​ടറും ട്രാന്‍സ്​പ്ലാന്‍റ്​ സര്‍ജനുമായ പ്രഫ. ഡോ. വി. നന്ദകുമാര്‍, ഡോ. അശോക്​ ജയരാജ്​, ഡോ. ലക്ഷ്​മി, ഡോ. വിനോദ്​ എന്നിവരടങ്ങുന്ന സംഘമാണ്​ ശസ്​ത്രക്രിയ നിര്‍വഹിച്ചത്​.

നെവിസിന്റെ ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തിട്ടുണ്ട്. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃത സഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടന്നത്. സാജന്‍ മാത്യുവും ഷെറിനുമാണ്​ നേവിസിന്‍റെ മാതാപിതാക്കള്‍​.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment