അഴകള്‍ (ചിന്താപ്രഭാതം): ജയശങ്കര്‍ പിള്ള

തറവാട്ട്‌ മുറ്റത്തിന് ചുറ്റും വെട്ടുകല്ലിൽ തീർത്ത ചെറിയ മതിൽ കെട്ട് ഉണ്ടായിരുന്നു. കുമ്മായം പൂശിയ ഈ അരമതിലിൽ പൂപ്പലും, പൊളിഞ്ഞു പൊട്ടിയ ഇടങ്ങളിൽ മഷിത്തണ്ടുകളും, അവിടവിടായി നേർത്തു മെല്ലിച്ച മുക്കൂറ്റി ചെടികളും. തെക്കേ തൊടിയിലേക്ക് ഇറങ്ങാനായി ഒരു പടിക്കെട്ടും അതിന്നരികിലായി പടർന്നു നിൽക്കുന്ന ചുവന്ന ചെമ്പരത്തിയും കുലച്ചു നിൽക്കുന്ന പടത്തി വാഴയും. കുലച്ചു നിൽക്കുന്ന വാഴ കാറ്റത്തു മറിയാതെ ഇരിയ്ക്കാൻ മുറ്റത്തു നിന്നും മുളവടി കൊണ്ടുകൊടുത്ത മുട്ടിന്റെ ചുവട്ടിൽ മുത്തങ്ങ പുല്ലുകൾ തഴച്ചു വളർന്നിരുന്നു.

നിരവധി ശിഖരങ്ങളായി വളർന്നു പന്തലിച്ച ഒരിയ്ക്കലും കായ്ക്കാത്ത പ്ലാവും, അണ്ണാറക്കണ്ണൻമാർ ഓടിക്കളിയ്ക്കുന്ന മൂവാണ്ടനും, കിളിചുണ്ടൻ മാവുകളും. ഇവ മുറ്റത്തിന്റെ നല്ലൊരു ഭാഗത്തിനു തണലും തണുപ്പും നൽകിയിരുന്നു. തെക്കിനിയുടെ കഴുക്കോലിൽ നിന്നും പ്ലാവും ആയി ബന്ധിപ്പിച്ച നല്ല അഞ്ചുതെങ് കയറിൽ ഉള്ള ‘അഴ’ അങ്ങിനെ ഒന്നോ രണ്ടോ അഴകൾ തന്നെ ഉണ്ടായിരുന്നു ആ വലിയ തറവാട്ടിൽ. അതിൽ തോരണം പോലെ രാവിലെ മുതൽ കുടുംബാംഗങ്ങള്‍ കുളി കഴിയുന്ന മുറയ്ക്ക് പഠിക്കാനും ജോലിക്കും ഒക്കെ പോകുന്നതിനു മുൻപ് തുണികൾ വിരിക്കാൻ തുടങ്ങും. ഇന്നത്തേതുപോലെ അണുകുടുംബങ്ങൾ അല്ലാത്തതിനാൽ പതിനൊന്നു മണിയാകുമ്പോൾ ഉത്സവപ്പറമ്പിലെ വർണ്ണക്കടലാസു തോരണങ്ങൾ പോലെ കാറ്റിലാടുന്ന തുണിത്തരങ്ങൾ കൊണ്ട് വർണ്ണാഭമായിരിക്കും ആ തറവാട്ടു മുറ്റം.

ഇടയ്ക്കു പൊട്ടിയ കയർ കൂട്ടികെട്ടിയും ഭാരം കൊണ്ട് അഴഞ്ഞു പോയ അഴയെ വലിച്ചു കെട്ടിയും ആ കുടുംബത്തിലെ എല്ലാവരും ഈ കയറിൽ തുണികഴുകി ഉണക്കി കൊണ്ടേ ഇരുന്നു. ചിലർ മഴ വരുമ്പോൾ അഴയുടെ ബലം പോലും നോക്കാതെ തുണികൾ വലിച്ചു എടുത്തു ഓടിയിരുന്നു. പലരുടെയും അഴുക്കു തുണികൾ കഴുകി ഉണക്കിയ ഈ ‘അഴ’ കാലക്രമത്തിൽ പൊട്ടിയും കൂട്ടി കെട്ടിയും ഭാരം ചുമന്നു കാറ്റും മഴയും വെയിലും സഹിച്ചും തന്റെ സേവനം തുടർന്ന് കൊണ്ടേയിരുന്നു. കാലം മാറിയപ്പോൾ കഴുകാതെ തന്നെ ചിലർ ഈ അഴയിൽ തുണികൾ വിരിച്ചു ഉണക്കി എടുത്തു. ഭാരം ചുമന്നു ഈ അഴയുടെ ശക്തി ക്ഷയിച്ചു കൊണ്ടേയിരുന്നു.

അങ്ങിനെ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ആണ് തറവാട്ടിലേക്ക് ഒരു അതിഥി കടന്നുവരുന്നത്. തുണികൾ കഴുകുന്ന യന്ത്രം (യന്ത്രവത്കൃത ജീവിതം). അതുവരെ എല്ലാവരെയും വൃത്തിയായി ഉടുപ്പ് ഉണക്കി ഒരുക്കി നടത്തിയ ‘അഴ’ ആരാലും ശ്രദ്ധിക്കാതെ പ്രകൃതിയുടെ മാറ്റങ്ങൾക്കു അനുസരിച്ചു ദ്രവിച്ചു കൊണ്ടേയിരുന്നു. കാലം കഴിയുന്തോറും കുടുംബത്തിന്റെ വിഴുപ്പു ഉണക്കിയ ഈ ‘അഴകൾ’ അപ്രത്യക്ഷമാക്കപ്പെട്ടു.

നിരവധി തറവാടുകളിൽ നമുക്ക് ഇങ്ങനെ ചുമടുതാങ്ങി അപ്രത്യക്ഷമായതോ, ആരാലും കാണാതെ അറിയാതെ പ്രകൃതിയോട് മല്ലടിയ്ക്കുന്നതോ, പൊട്ടി പൊട്ടി പോയവയെ കൂട്ടി ഇണക്കിയതോ ആയ ‘അഴകൾ’ കാണാം. ഒരു കുടുംബത്തിലെ എല്ലാവരെയും വൃത്തിയായി ഉടുത്തൊരുക്കി നടത്തിയ ഈ ‘അഴകൾ’ വീടിന്റെ കഴുക്കോലും, മുറ്റത്തിന് വെളിയിലെ തൊടിയും ഒക്കെ ആയി ബന്ധിപ്പിക്കുന്ന ഈ നേർത്ത നൂലുകളെ കാണാതെ പോകരുത്. ഇത് വായിക്കുമ്പോള്‍ ചിലർക്ക് ഓർമ്മവരുന്ന ‘അഴകളെ’ ചേർത്ത് പിടിക്കുക..

ശുഭദിനം നേരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment