ആസാം പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട മുഈനുല്‍ ഹഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് എസ്‌ഐഒ ഏറ്റെടുക്കും

ആസാമിലെ ദാരംഗ് ജില്ലയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശഹീദ്‌ മുഈനുല്‍ ഹഖ്, ശൈഖ് ഫരീദ് എന്നിവരുടെ കുടുംബങ്ങളെ എസ്‌ഐഒ ഭാരവാഹികള്‍ തിങ്കളാഴ്ച്ച സന്ദര്‍ശിക്കുകയും എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവുമറിയിക്കുകയും ചെയ്തു.

മുഈനുല്‍ ഹഖിന്റെ മൂന്നു മക്കളുടെയും വിദ്യാഭ്യാസച്ചെലവ് എസ്‌ഐഒ ഏറ്റെടുക്കുമെന്നും അറിയിച്ചു. ‘അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായാണ് ഞങ്ങള്‍ മനസിലാക്കുന്നത്. താല്‍പ്പര്യമുള്ള മേഖലയില്‍ അവര്‍ മൂവരും പഠിച്ചുമുന്നേറണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്. അവരുടെ പഠനച്ചെലവ് വഹിക്കാന്‍ ഞങ്ങള്‍ കുടുംബത്തോട് അനുവാദം ചോദിക്കുകയും അവരതിന് സമ്മതം മൂളുകയുമായിരുന്നു. അവരുടെ മുന്നോട്ടുള്ള ജീവിതം സമാധാനവും ഐശ്വര്യവും നിറഞ്ഞതാകാനും അവരോട് അക്രമം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാകാനും വേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ഥന’ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എസ്‌ഐഒ ദേശീയ പ്രസിഡന്റ് സല്‍മാന്‍ അഹ്മദ് പറഞ്ഞു.

പതിമൂന്നുവയസുകാരന്‍ മുഖ്‌സിദുല്‍, ഒമ്പതു വയസുകാരി മന്‍സൂറ ബീഗം, നാലു വയസുകാരന്‍ മുഖദ്ദസ് അലി ഒപ്പം ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മുഊനുല്‍ ഹഖ്.

ഭരണകൂടം എണ്ണുറോളം കുടുംബങ്ങളെ തങ്ങളുടെ വീടുകളില്‍ നിന്നും ബലംപ്രയോഗിച്ച് കുടിയിറക്കിയ സിപാഹ്ജാര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു എസ്‌ഐഒ പ്രതിനിധികള്‍. ഇരകളായ കുടുംബങ്ങള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ സംഘത്തോട് വിവരിച്ചു.

‘കുടിയിറക്കിയ കുടുംബങ്ങളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശം റോഡ് സൗകര്യം പോലുമില്ലാത്ത പ്രളയഭീഷണി നിലനില്‍ക്കുന്ന നദീ തീരത്താണ്. തകിട്ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര കെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് അവര്‍ കഴിയുന്നത്.  വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ ദുരിതാശ്വാസ നടപടികള്‍ ഉടന്‍ തന്നെ കൈക്കൊള്ളണം’ സല്‍മാന്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു.

ആസാം മുഖ്യമന്ത്രിയോട് പോലീസ് അതിക്രമം, കുടിയിറക്കല്‍ പ്രശ്‌നങ്ങളെക്കുറിച്ച് സംഘടനകള്‍ പരാതിബോധിപ്പിച്ചു

എസ്‌ഐഒ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജമിയത്ത് ഉലമാ-ഇ-ഹിന്ദ് എന്നിവരുടെ സംയുക്ത പ്രതിനിധി സംഘം ഞായറാഴ്ച രാവിലെ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ, ഡാരംഗ് പോലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബിശ്വ ശര്‍മ്മ, ഡറാങ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭതി തായോസെന്‍ എന്നിവരുമായി പോലീസ് ക്രൂരതയുടെയും മുസ്ലീങ്ങളുടെ കുടിയൊഴിപ്പിക്കലിന്റെയും പ്രശ്‌നം ഉന്നയിച്ചു കൊണ്ട് വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു.

കുടിയിറക്കപ്പെട്ട മുസ്ലീങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അക്രമത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ പോലീസുകാര്‍ക്കും സാധാരണക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഭരണകൂടത്താല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉടനെ പുനരധിവസിപ്പിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്റെ സഹായം ഉറപ്പുനല്‍കുകയും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും അദ്ദേഹത്തിന് എന്ത് അടിയന്തര നടപടികളാണ് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് ആരായാനും പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം സംഘടനകളോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഉടനെ തന്നെ എസ്‌ഐഒ മറ്റു സംഘടനകള്‍ക്കൊപ്പം അടുത്ത നടപടിയെക്കുറിച്ച് തീരുമാനങ്ങളെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment