മോന്‍സണിന്റെ വീട്ടില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും നിത്യ സന്ദര്‍ശകരായിരുന്നു; 2020-ലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തിയില്ല

തിരുവനന്തപുരം: 2020 ൽ മോൺസൺ മാവുങ്കൽ ഒരു തട്ടിപ്പുകാരനാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയിരുന്നതായി ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2019 മെയ് മാസത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോൺസന്റെ വീട് സന്ദർശിച്ചതിനു ശേഷം 22-നാണ് ബെഹ്റ അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയതെന്നാണ് വിവരം.

ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മോൺസന്റെ ഇടപാടുകളെ ചുറ്റിപ്പറ്റി ദുരൂഹതയുണ്ടെന്നും, നിരവധി ഉന്നത വ്യക്തികളുമായി മോന്‍സനുള്ള ബന്ധം, പുരാവസ്തു ഗവേഷണവും ബിസിനസ്സും, അങ്ങനെ ബിസിനസ് നടത്താനും കൈമാറ്റം നടത്താനുമുള്ള ശരിയായ ലൈസൻസ് ഉണ്ടോ എന്ന സംശയം എന്നിവയൊക്കെയായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതെന്ന് പറയുന്നു.

വിദേശ രാജ്യങ്ങളില്‍ മോണ്‍സന് സാമ്പത്തിക ഇടപാടുകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അന്വേഷണം ആവശ്യപ്പെട്ടാണ് സംസ്ഥാന പോലീസ് മേധാവി എൻഫോഴ്‌സ്‌മെന്റിന് കത്തെഴുതിയത്. എന്നാൽ എന്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അന്വേഷണത്തിൽ മോൺസൺ ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും സ്വാധീനിച്ചിരുന്നോ എന്ന സംശയവും ഇപ്പോള്‍ ബലപ്പെടുകയാണ്.

മോൻസണെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ രഹസ്വാന്വേഷണ റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോൻസ് ഇതറിയാതെ തന്റെ തട്ടിപ്പുകൾ തുടർന്നുവെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.

അതേസമയം മോൻസൺ മാവുങ്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖർ, പോലീസ് ഉന്നതർ അടക്കമുള്ളവർ മോൻസൺ മാവുങ്കലുമായി ചേർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നു. മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർ മറ്റു ഉന്നത സ്ഥാനത്തിരിക്കുന്നവർ തുടങ്ങി നിരവധി പേരുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം.

ഉന്നത സ്ഥാനത്തിരിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുക, പുരാവസ്തുശേഖരം എന്ന് അവകാശപ്പെടുന്ന വസ്തുക്കൾ കാണിച്ച് ഞെട്ടിക്കുക, അവരുടെ ഫോട്ടോകളെടുത്ത് പിന്നീട് തട്ടിപ്പിന് ഉപയോഗിക എന്നതായിരുന്നു രീതി. ഉന്നത ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിനാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലിരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്ന ലോക്നാഥ് ബെഹ്റ, തൊട്ടടുത്ത് രാജകീയ വാളുമായി നിൽക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമ്പന്നനാണെന്ന് കാണിക്കാൻ വേണ്ടി കോടികൾ വിലമതിക്കുന്ന കാറുകളായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. ആർക്കും ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.

ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും തന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു പണം കൈകക്കലാക്കാൻ ശ്രമിച്ചിരുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് മോൻസൺന്റെ മറ്റു രാഷ്ട്രീയ ബന്ധങ്ങളും ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ഇപ്പോൾ ചർച്ചയാകുന്നത്.

കെ സുധാകരനുമായി മോൻസണ് അടുത്ത ബന്ധമുണ്ടെന്നും സുധാകരനെ ചുകിത്സിച്ചത് മോൻസണായിരുന്നു എന്നായിരുന്നു പരാതിക്കാരനായ ഷെമീർ ആരോപിക്കുന്നത്. കോസ്മെറ്റിക് ചികിത്സയിൽ എംഡി ബിരുദം ഉണ്ട് എന്നായിരുന്നു ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.

സ്വന്തം പ്രചാരണത്തിന് വേണ്ടി മന്ത്രിമാരുടെ ചിത്രങ്ങളും മോൻസൺ ഉപയോഗിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരുമായുള്ള ചിത്രങ്ങൾ ഇയാൾ ഉപയോഗിച്ചുവെന്നും റോഷി അഗസ്റ്റിന് പണം നൽകിയാൽ ഇടുക്കിയിലുള്ള റോഡ് കരാർ നൽകുമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരൻ ഷെമീർ പറയുന്നു.

നിരവധി നേതാക്കൾ മോൻസണിന്റെ വീട്ടിൽ നിത്യ സന്ദർശകരായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടേയും സാന്നിധ്യത്തിലാണ് മോൻസൺ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അത് കൊണ്ട് തന്നെ ഇയാളുടെ വാക്കുകളിൽ വിശ്വാസത്തിലെടുത്തുവെന്നാണ് പരാതിക്കാരൻ്റെ വാദഗതി.

പ്രമുഖരായ നടീനടന്മാരുടെ കൂടെ മോൻസൺ നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ പോലീസ് ഉന്നതബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇയാൾ ഇത്രയും കാലം തട്ടിപ്പ് നടത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment