ക്രഷര്‍ തട്ടിപ്പു കേസില്‍ പിവി അൻവർ എംഎൽഎ വിശ്വാസവഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് ഇടക്കാല അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച്, കർണാടകയിൽ ക്രഷർ ബിസിനസിൽ ഏർപ്പെടാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി എഞ്ചിനീനീയറിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിവി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.

ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ. മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി വി അൻവറിന് വിറ്റ കാസർകോട് സ്വദേശി ഇബ്രാഹിമില്‍ നിന്ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു.

26 ഏക്കര്‍ ഭൂമിയും ഇതോടൊപ്പമുള്ള ക്രഷറും തന്‍റെ സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍, ക്രഷര്‍ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്‍റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്‍റെ മൊഴി.

ഹൈകോടതി ഉത്തരവ്​ പ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ അന്‍വര്‍ എം.എല്‍.എയെ അറസ്​റ്റ്​ ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്​തില്ലെന്നും വ്യാജ രേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരനായ മലപ്പുറം സ്വദേശി സലീം നൽകിയ കേസ് അന്വേഷിക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment