പഞ്ചാബ്: ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യത

ചണ്ഡീഗഡ്: കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉടൻ തന്നെ പുതിയ പാർട്ടി രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, മൂന്ന് പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.

പല കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു ഡസനോളം കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തന്റെ അടുത്ത നീക്കത്തെക്കുറിച്ച് അനുയായികളുമായി ചർച്ച ചെയ്യുന്നുണ്ടെന്നും പറയുന്നു. പഞ്ചാബിലെ ചില കർഷക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബുധനാഴ്ച അമരീന്ദർ സിംഗും ആഭ്യന്തര മന്ത്രി ഷായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുൻ മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ അമരീന്ദർ സിംഗ് തന്നെ അത് നിഷേധിക്കുകയും ചെയ്തു.

ഡൽഹിയിലെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം, കാർഷിക നിയമങ്ങൾ ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്യാനാണ് താൻ ഇവിടെ വന്നതെന്ന് ക്യാപ്റ്റൻ പറഞ്ഞിരുന്നു. താൻ ഇനി കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതുമുതൽ കോൺഗ്രസ് നേതാക്കളുമായും നവജ്യോത് സിംഗ് സിദ്ദുവുമായും അദ്ദേഹം നീരസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദുവിനെ വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബുധനാഴ്ചയും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment