സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒക്ടോബര്‍ 4 മുതല്‍ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒക്ടോബര്‍ 4 മുതല്‍ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഓൺലൈൻ ചികിത്സ, അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. നിരവധി സമരങ്ങൾ നടത്തിയിട്ടും റിസ്ക് അലവൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാത്തതിൽ ഡോക്ടർമാർ പ്രകോപിതരാണ്.

എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊറോണ പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് പൊതുവികാരം. പലഘട്ടങ്ങളിലായി നടന്ന സൂചനാ സമരങ്ങളിൽ ചർച്ചകളില്ലാത്തനിലാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സമരത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

പതിനായിരക്കണക്കിന് കൊറോണ ബ്രിഗേഡുകളെയും താൽക്കാലിക എൻ‌എച്ച്‌എം ജീവനക്കാരെയും കൊറോണ ചികിത്സയിൽ നിന്ന് നീക്കം ചെയ്യുന്ന സമയത്ത്, സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം ഒരു വെല്ലുവിളിയാണ്. സർക്കാർ ഒപി സേവനങ്ങൾ ഇപ്പോൾ പ്രധാനമായും ഓൺലൈനിൽ ചെയ്യുന്നത് ഇ സഞ്ജീവനി വഴിയാണ്. ഇന്നത്തെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും ഐ.എം.എ.യും രംഗത്തെത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment