പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തി. ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 11:30നാണ് കോളേജിനെ ഞെട്ടിച്ച സംഭവം നടന്നത്. വൈക്കം തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിതിനമോൾ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയ്ക്കല്‍ അഭിഷേക് ബൈജു എന്ന വിദ്യാര്‍ത്ഥിയാണ് സഹപാഠിയായ നിതിന മോളെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കോളേജില്‍ മൂന്നാം വര്‍ഷ ഫുഡ് പ്രോസസിംഗ് ടെക്‌നോളജി വിദ്യാര്‍ഥികളായിരുന്നു ഇരുവരും. വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയുമായി അഭിഷേക് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ പെട്ടെന്ന് വാക്കേറ്റം ഉണ്ടാവുകയും നിതിനയെ അഭിഷേക് ബലമായി അമര്‍ത്തിപ്പിടിച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ വിദ്യാര്‍ഥികളും സുരക്ഷാ ജീവനക്കാരും കോളേജ് അധികൃതരെ വിവരമറിയിക്കുകയും നിതിനയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിതിനയെ കൊലപ്പെടുത്തണം എന്ന് മുന്‍ നിശ്ചയിച്ച പ്രകാരമാണ് അഭിഷേക് കോളേജിലെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. നിതിനയെ കൊലപ്പെടുത്തണം എന്ന് ഉദ്യേശിച്ചിരുന്നില്ല എന്നാണ് അഭിഷേക് നേരത്തെ പോലീസിന് മൊഴി നല്‍കിയത്. അതേസമയം നിതിനയെ കൊലപ്പെടുത്താനായി ഉപയോഗിച്ച പേപ്പര്‍ കട്ടറില്‍ പുതിയ ബ്ലേഡ് ഇട്ടതായും പൊലീസ് കണ്ടെത്തി. ഇതിനായി അഭിഷേക് ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ ഒരു കടയില്‍നിന്നും പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. പഴയ ബ്ലേഡിന് മൂര്‍ച്ഛ പോരെന്ന് തോന്നിയതിനാലാണ് പുതിയ ബ്ലേഡ് വാങ്ങിയതെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിതിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസ് നൽകിയിരിക്കുന്നത്. “അവര്‍ ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ടാണ് അങ്ങോട്ടെക്ക് നടന്നത്. പെട്ടെന്നാണ് പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിക്കുകയായിരുന്നു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. ഞാൻ ഭയന്നുപോയി. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ചു,”- ജോസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കൊല്ലപ്പെട്ട നിഥിനയുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി അഭിഷേക് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയുണ്ടായ അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണം. ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാനാണെന്നാണ് പറഞ്ഞത്.

നിതിന അഭിഷേകുമായി അകന്നു നില്‍ക്കുന്ന സമയത്ത് നിതിനയുടേയും അമ്മയുടേയും ഫോണിലേക്ക് അഭിഷേക് ഭീഷണി സന്ദേശങ്ങളും അസഭ്യ വാക്കുകളും അയച്ചിരുന്നതായി നിതിനയുടെ അമ്മ പറഞ്ഞു. അതേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. അഭിഷേകിനെ ഇന്ന് (ശനിയാഴ്ച) കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളില്‍ കൂത്താട്ടുകുളത്ത കടയിലത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും.

കോട്ടയം മെഡിക്കല്‍ കോളേജിലാണ് നിതിനയുടെ പോസ്റ്റ്മാര്‍ട്ടം നടക്കുക. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്റെ സംഘം പോസ്റ്റ്മാര്‍ട്ടത്തിന് നേതൃത്വം നല്‍കും. പോസ്റ്റുമാര്‍ട്ടം നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ കൂടുതല്‍ സൗകര്യം ഇല്ലാത്തതിനാല്‍ തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരിക്കും സംസ്‌ക്കാരം നടക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment