കേസന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരോട് മോന്‍സണ്‍ മാവുങ്കല്‍ തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തോട് മോന്‍സണ്‍ മാവുങ്കല്‍ തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎസ്പി അടക്കമുള്ള അന്വേഷണ സംഘത്തെയാണ് മോന്‍സണ്‍ വിരട്ടാന്‍ ശ്രമിച്ചത്. നിലവിലെ തട്ടിപ്പ് പുറത്തുവരുന്നതിന് രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ശ്രീവൽസം ഗ്രൂപ്പ് നൽകിയ പരാതി അന്വേഷിക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം കലൂരിലെ മോൺസന്റെ വീട്ടിലെത്തിയപ്പോഴാണ് മോന്‍സണ്‍ അവരെ ഭീഷണിപ്പെടുത്തിയത്.

ആറരക്കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ശ്രീവൽസം ഗ്രൂപ്പ് നൽകിയ പരാതി. ഇത് അന്വേഷിക്കാൻ എത്തിയപ്പോഴാണ് മോൺസൻ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചത്. സംഭാഷണം മുഴുവൻ താൻ ചിത്രീകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയില്ലെന്നും മോൻസൺ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. ഡിജിപിക്കും ഹൈക്കോടതിയിലും പരാതി നൽകുമെന്നും ചേർത്തലയിലെ വീട്ടിൽ പോയി പരിസരവാസികളോട് തന്നേക്കുറിച്ച് അന്വേഷിച്ചത് എന്തിനാണെന്നും മോൻസൺ ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

തന്റെ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും മോൻസൺ പറഞ്ഞു. തന്റെ വീട്ടിൽ പോകാനും ഭാര്യയോട് താനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കാൻ എന്ത് കാര്യമെന്നും ചോദിക്കുന്നുണ്ട്. വീട്ടിൽ വരാറുണ്ടോയെന്നും പെരുന്നാൾ നടത്തിയത് സംബന്ധിച്ചും അന്വേഷിക്കേണ്ട കാര്യമെന്താണെന്നും മോൻസൺ ചോദിക്കുന്നുണ്ട്. പിന്നീട് മോൻസണുമായി ബന്ധമുള്ള ഒരു എസ്ഐ വീഡിയോയിൽ എത്തുന്നുണ്ട്. തന്റെ ഉന്നത ബന്ധങ്ങൾ കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് പോലും മോൻസൺ ഉപയോഗിച്ചുവെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

അതേസമയം, ഡിവൈഎസ്പി മോന്‍സണ് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. ഒരു കേസിനെക്കുറിച്ച് പരാതി ലഭിച്ചാൽ എല്ലാം അന്വേഷിക്കുമെന്നും ഡിജിപിയെന്നല്ല ആര് പറഞ്ഞാലും താൻ കേസ് അന്വേഷിക്കുമെന്നും അന്വേഷണം സത്യസന്ധമായി നടക്കുമെന്നും ഡിവൈഎസ്പി മോൺസണ് മറുപടി നൽകുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News