മതപരിവർത്തനം നടത്തുന്നു എന്ന് സംശയിച്ച് ആൾക്കൂട്ടം മുസ്ലിം പള്ളി ആക്രമിച്ചു; പുരോഹിതനടക്കം രണ്ട് പേർക്ക് പരിക്കേറ്റു

ഭോപ്പാൽ: മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒരു മുസ്ലിം പള്ളിയില്‍ ആക്രമണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. അജ്ഞാതരായ അക്രമികൾ ഈ സ്ഥലത്ത് മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഒരു കുറിപ്പും സംഭവസ്ഥലത്ത് ഇട്ടിരുന്നു.

ശനിയാഴ്ച രാത്രി 11 മണിയോടെ സ്ഫോടകവസ്തുക്കളും വടികളുമായി ആയുധധാരികളായ ഒരു സംഘം പള്ളിയ്ക്കകത്ത് പ്രവേശിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ജവാദ് തെഹ്‌സിലിലെ ഈ പള്ളിയില്‍ പ്രവേശിച്ച അക്രമികള്‍ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയും പുരോഹിതൻ നൂർ ബാബയെയും പള്ളിയ്ക്കകത്തുണ്ടായിരുന്ന അബ്ദുൾ രാജ്ജാക്കിനെയും മര്‍ദ്ദിക്കുകയും ചെയ്തു.

നാലുമണിക്കൂർ നീണ്ടുനിന്ന ആക്രമണം പുലർച്ചെ 3 മണിയോടെയാണ് അവസാനിച്ചത്. ഹിന്ദുക്കളെ ഇസ്ലാം മതം സ്വീകരിക്കുന്നതിൽ ആരാധനാലയത്തിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ലഘുലേഖ അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന് പോലീസ് പറഞ്ഞു.

പുരോഹിതനെയും ഭക്തനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്പി സൂരജ് കുമാർ വർമ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

നൂർ ബാബ പോലീസിൽ പരാതി നൽകിയതിനെത്തുടര്‍ന്ന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കലാപം, ആരാധനാലയത്തിന് കേടുപാട് വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 24 അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രഥമദൃഷ്ട്യാ, ചില സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് ആരാധനാലയത്തിന് കേടുപാടുകൾ വരുത്തിയത്. ഉപയോഗിച്ച സ്ഫോടകവസ്തുവിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഫോറൻസിക് വിശകലനത്തിന് ശേഷം അറിയാമെന്ന് എസ്പി പറഞ്ഞു.

ലഘുലേഖയെക്കുറിച്ച് ചോദിച്ചപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനും സംഭവത്തിന് മറ്റൊരു വഴിത്തിരിവ് നൽകാനും ഇത് ഉപേക്ഷിച്ചിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

സംഭവത്തിനെതിരെ പ്രതിഷേധിച്ച് മുസ്ലീം സമുദായ അംഗങ്ങൾ നീമുച്ച് നഗരത്തില്‍ പ്രകടനം നടത്തി. അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അവർ പോലീസിന് ഒരു മെമ്മോറാണ്ടവും കൈമാറി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News