അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും വോയ്സ് ഓഫ് ഏഷ്യയുടെ സ്ഥാപകനുമായ കോശി തോമസ് അന്തരിച്ചു.

ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും, വോയ്സ് ഓഫ് ഏഷ്യയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായിരുന്ന കോശി തോമസ് (87) അന്തരിച്ചു.

1987 ല്‍ വോയിസ് ഓഫ് ഏഷ്യ സ്ഥാപിതമായതു മുതല്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു “കോശിച്ചായന്‍” എന്ന് എല്ലാവരാലും അറിയപ്പെട്ടിരുന്ന കോശി തോമസ്. ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ തുടക്കം മുതല്‍ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ കാരണവര്‍ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ ദേശീയ സമ്മേളനത്തില്‍ അദ്ദേഹത്തിന് പ്രസ് ക്ലബ്ബ് പ്രത്യേക പുരസ്ക്കാരം നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യന്‍ സമൂഹത്തെ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടുത്താനും അതുവഴി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയെടുക്കാനും ദേശീയ രാഷ്ട്രീയ തലങ്ങളില്‍ അദ്ദേഹം നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.  ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ പേരെങ്ങാട്ടു കുടുംബാംഗമാണ്. പത്ര പ്രസിദ്ധീകരണത്തിലും സാമൂഹ്യ വേദികളിലും കോശി തോമസിന്റെ വലംകൈയായിരുന്ന ശ്രീമതി അന്നമ്മ തോമസ് (മോനി) ആണ് ഭാര്യ. മക്കള്‍ ഷെസി ഡേവിസ്, ഷേര്‍ലി ഫിലിപ്പ് (അറ്റോര്‍ണി), ഷെറിന്‍ തോമസ് എന്നിവരാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മാദ്ധ്യമ കുലപതിയും വോയിസ് ഓഫ് ഏഷ്യ എഡിറ്ററുമായ കോശി തോമസിന്റെ വേർപാടിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

പ്രസ് ക്ലബിൽ ഒരു കാരണവരുടെ സ്ഥാനം വഹിച്ചിരുന്ന ഉന്നത ശീര്ഷനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. മിക്ക പത്രങ്ങളും സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടുമ്പോൾ വിജയകരമായി വോയിസ് ഓഫ് ഏഷ്യ 37 വർഷമായി നടത്തന്നു എന്നത് അമേരിക്കയിലെ അപൂർവ സംഭവമാണ്.

ഇന്ത്യൻ സമൂഹം പ്രതിസന്ധികളിലാവുമ്പോൾ മുൻനിരയിൽ നിന്ന് സമൂഹത്തിന്റെ നന്മക്കായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു.

മികച്ച സംഭാവനകൾക്ക് ഇന്ത്യ പ്രസ് ക്ലബ് അദ്ദേഹത്തെയും പത്നിയെയും നാഷണൽ കോൺഫറൻസിൽ ആദരിച്ചിരുന്നു.

അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിനും പ്രസ് ക്ലബിനും ഉണ്ടാക്കിയ നഷ്ടം അപരിഹാര്യമാണെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ് എന്നിവർ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബിന്റെ ദുഃഖം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ആദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment