കാറിടിച്ച് വിദ്യാർത്ഥികൾ മരിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് മോട്ടോർ വാഹന വകുപ്പ് താത്ക്കാലികമായി റദ്ദാക്കി

കൊല്ലം: ബൈക്കില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ കാറിടിച്ചു മരിക്കാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താത്ക്കാലികമായ് റദ്ദ് ചെയ്തു. തലവൂർ മഞ്ഞക്കാല ലക്ഷ്മിനിവാസിൽ ലാൽകുമാറിന്റെ ലൈസൻസാണ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തതെന്ന് പത്തനാപുരം ജോയിന്റ് ആർടിഒ ഷീബ രാജന്‍ പറഞ്ഞു.

ആഗസ്റ്റ് 12 ന് രാത്രി 9.30 ഓടെയാണ് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോടിനു സമീപമുണ്ടായ അപകടത്തില്‍ രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചത്. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷന് സമീപം വസന്തനിലയത്തിൽ വിജയന്റെ മകൻ ബി.എൻ.ഗോവിന്ദ് (20), സഹപാഠി കണ്ണൂർ പയ്യന്നൂർ പട്ടോളിവയൽ ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി തെന്മലയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗത്തിൽ എതിരേ വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗോവിന്ദ് അപകടസ്ഥലത്തു വെച്ചും ചൈതന്യ അടുത്തദിവസം പുലർച്ചെയും മരിച്ചു. അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവറും സഹയാത്രികനും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പോലീസിന്റെ വിശദമായ അന്വേഷണത്തിനു ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. രണ്ടു മാസം മുമ്പാണ് കാര്‍ ഡ്രൈവര്‍ ലാല്‍ കുമാര്‍ നാലു ചക്ര വാഹനത്തിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായത്. എന്നാല്‍, ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് കൈമാറിയിരുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment