സ്ത്രീധന പീഡനത്തിനിരയായ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ജാമ്യം നിരസിച്ചു

സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയ വി നായരുടെ ഭർത്താവ് എസ് കിരൺ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ ഒക്ടോബർ 8 ന് കേരള ഹൈക്കോടതി തള്ളി. കൊല്ലം നിലയ്ക്കൽ സ്വദേശിയായ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയെ ഈ വർഷം ജൂൺ 21 നാണ് ശാസ്താംനടയിലുള്ള കിരൺ കുമാറിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 22 ന് മരണവുമായി ബന്ധപ്പെട്ട് കിരൺ അറസ്റ്റിലാവുകയും ചെയ്തു. വിസ്മയയുടെ മരണദിവസം തന്നെ കിരൺ കുമാർ പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.

ഹർജിക്കാരനെതിരെ ഗുരുതരമായ സ്ത്രീധന പീഡന കുറ്റം ചുമത്തിയിട്ടുണ്ടെന്നും, ഇത് ഒരു സാമൂഹിക തിന്മയാണെന്നും, ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് എം ആർ അനിത ജാമ്യാപേക്ഷ തള്ളി.

ഹർജിക്കാരനെതിരായ ആരോപണങ്ങളുടെ സ്വഭാവവും ആരോപണത്തിന്റെ ഗൗരവവും കോടതി വിലയിരുത്തി. വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, സർക്കാർ ഉദ്യോഗസ്ഥൻ അല്ല, സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ല, വിസ്മയ ടിക് ടോക്, ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് അടിമ ആയിരുന്നു, ഫെയ്സ്ബുക്ക് അക്കൗണ്ട് അവസാനിപ്പിച്ച് ഫോൺ വാങ്ങിവച്ചത് പരീക്ഷാസമയത്ത് പഠിക്കാൻ വേണ്ടിയായിരുന്നു തുടങ്ങിയ പ്രതിഭാഗം വാദങ്ങൾ കോടതി തള്ളി.

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. പ്രതിയും വിസ്മയുടെ ഭർത്താവുമായ കുമാറിനെതിരെ സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ കിരൺ കുമാറിന്റെ പീഡനം മൂലമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും ആരോപിച്ചിരുന്നു. വിസ്മയയുടെ മരണത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന കിരണിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നീട്, ഓഗസ്റ്റിൽ കേരള സിവിൽ സർവീസ് ചട്ടങ്ങൾ 1960 പ്രകാരം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment