ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനികരും ഭീകരരുമായി ഏറ്റുമുട്ടി; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ തിങ്കളാഴ്ച നാല് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴും തുടരുന്ന വെടിവെപ്പിൽ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്, കൂടാതെ മൂന്ന് പേര്‍ക്കു കൂടി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സുരാന്‍കോട്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം തെരച്ചിലിനിറങ്ങിയത്. ഭീകരരുള്ള മേഖല സൈന്യം വളയുകയും ചെയ്തു.

ഇതിനിടെ ഭീകരരുടെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടാകുകയായിരുന്നു. നാല് ജവാന്മാര്‍ക്കും ഒരു സൈനിക ഓഫിസര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടന്‍ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ വളഞ്ഞിരിക്കുകയാണെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

നിയന്ത്രണരേഖയിൽ (എൽഒസി) കടന്നുകയറിയ ഒരു കൂട്ടം തീവ്രവാദികൾ ചാമ്രർ വനത്തിൽ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രക്ഷപ്പെടാനുള്ള എല്ലാ വഴികളും വളയുകയും ഭീകരരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നതിന് പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment