അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു: ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കയിലെ 45 സംസ്ഥാനങ്ങളിലും കോവിഡ് 19 കേസുകള്‍ കുറഞ്ഞുവരുമ്പോള്‍, 5 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗചി പറയുന്നു.

കൊറോണ വൈറസിനുമേല്‍ നാം പൂര്‍ണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ലെന്നും, അര്‍ഹരായ 68 മില്യണ്‍ അമേരിക്കക്കാര്‍ ഇനിയും വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ വ്യാപനം ഇപ്പോള്‍ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

45 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന തോത് സാവകാശം കുറഞ്ഞു വരികയോ വര്‍ദ്ധിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, മൊണ്ടാന, കൊളറാഡൊ, മിനസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ച 10 ശതമാനം വര്‍ദ്ധനവുണ്ടായത് ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷിഗണില്‍ 52 ശതമാനം പേര്‍ മാത്രമാണ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് ദേശീയ ശരാശരിയേക്കാള്‍ (56.4%) കുറവാണ്. ഇപ്പോള്‍ അമേരിക്കയില്‍ പ്രതിദിനം ശരാശരി 100,000 ത്തില്‍ കുറവ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മരണവും ശരാശരി പ്രതിദിനം 1600 ആയി കുറഞ്ഞതായും ഫൗചി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment