കുറുക്കനെ കണ്ട് പൂച്ച തെങ്ങിലേക്ക് ഓടിക്കയറി; തിരിച്ചിറങ്ങാന്‍ കഴിയാതെ രണ്ടു ദിവസം തെങ്ങില്‍ കഴിച്ചുകൂട്ടി; രക്ഷകരായി അഗ്നിശമന സേനാംഗങ്ങള്‍

തൃശൂര്‍: കുറുക്കനെ കണ്ട് പേടിച്ചരണ്ട പൂച്ച തെങ്ങിലേക്ക് ഓടിക്കയറി. എന്നാല്‍, തിരിച്ചിറങ്ങാന്‍ കഴിയാതെ തെങ്ങില്‍ തന്നെ രണ്ടു ദിവസം കഴിച്ചുകൂട്ടേണ്ടി വന്ന പൂച്ചയ്ക്ക് രക്ഷകരായി എത്തിയത് അഗ്നിശമന സേനാംഗങ്ങള്‍. കൊടുങ്ങല്ലൂര്‍ അഴീക്കോട് പോണത്ത് അബ്ദുസ്സലാമിന്റെ വീട്ടിലെ പെണ്‍‌പൂച്ചയാണ് കുറുക്കനെ കണ്ട് 40 അടി ഉയരമുള്ള തെങ്ങിലേക്ക് ഓടിക്കയറിയത്.

വീടിനു പുറകിലുള്ള വിറകുപുരയില്‍ പ്രസവിച്ച് കുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്ന പൂച്ച ശനിയാഴ്ച രാത്രിയാണ് കുറുക്കനെ കണ്ട് പേടിച്ചരണ്ട് വീടിന് സമീപത്തെ തെങ്ങില്‍ ഓടിക്കയറിയത്. എന്നാല്‍, കയറിയ പോലെ തിരിച്ചിറങ്ങാന്‍ പൂച്ചയ്ക്ക് കഴിഞ്ഞില്ല.

പൂച്ചയുടെ തുടര്‍ച്ചയായുള്ള കരച്ചില്‍ കേട്ടപ്പോഴാണ് തെങ്ങിന്‍ മുകളിലിരിക്കുന്ന പൂച്ച വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തെങ്ങിന്‍റെ തലപ്പില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ മീന്‍ കാണിച്ചും മറ്റും വീട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാപ്പകലില്ലാതെ പൂച്ച കരച്ചില്‍ തുടര്‍ന്നതോടെ വീട്ടുകാര്‍ക്കും ഭക്ഷണവും ഉറക്കവുമില്ലാതായി.

തെങ്ങുകയറ്റക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും പൂച്ച ആക്രമിച്ചേക്കുമെന്ന ഭയത്താല്‍ പിന്‍മാറി. ഇതോടെ ഇവരുടെ അയല്‍വാസി തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ അഗ്നിശന സേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്‍റ് സ്​റ്റേഷന്‍ ഓഫിസര്‍ കെ.എന്‍. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ താഴെ വലവിരിച്ച ശേഷം ഇരുനില വീടിന് മുകളില്‍ മുകളില്‍ കയറി മുളത്തോട്ടി ഉപയോഗിച്ച്‌ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ പൂച്ച തനിയെ ഇറങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് തോട്ടി ഉപയോഗിച്ച്‌ തടഞ്ഞ് താഴേക്ക് ഇറക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment