ഡല്‍ഹിയില്‍ അറസ്റ്റിലായ പാക് ഭീകരന്‍ ഇന്ത്യൻ പാസ്പോർട്ടിൽ സൗദി അറേബ്യയിലേക്കും തായ്‌ലന്‍ഡിലേക്കും യാത്ര ചെയ്തു; ഗാസിയാബാദില്‍ യുവതിയെ വിവാഹം കഴിച്ചു

ന്യൂഡൽഹി: ഡൽഹിയില്‍ അറസ്റ്റിലായ പാക്കിസ്താന്‍ ഭീകരൻ കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്നതായി ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

ഇയ്യാള്‍ നിരവധി വ്യാജ ഐഡികൾ ഉണ്ടാക്കിയതായി ഡിസിപി സ്‌പെഷ്യൽ സെൽ പ്രമോദ് കുശ്വാഹ സ്ഥിരീകരിച്ചു. അത്തരത്തിലുള്ള ഒന്ന് അഹമ്മദ് നൂറി എന്ന പേരിലായിരുന്നു. ആ പേരില്‍ ഒരു ഇന്ത്യൻ പാസ്‌പോർട്ടും സ്വന്തമാക്കി. അതുപയോഗിച്ചാണ് തായ്‌ലൻഡിലേക്കും സൗദി അറേബ്യയിലേക്കും യാത്ര ചെയ്തത്.

വ്യാജ രേഖകളുണ്ടാക്കാന്‍ ഗാസിയാബാദിൽ നിന്ന് യുവതിയെ വിവാഹം കഴിച്ചു. പിന്നീട് ബീഹാറിൽ നിന്ന് ഒരു ഇന്ത്യൻ ഐഡിയും സ്വന്തമാക്കി.

ചോദ്യം ചെയ്യലില്‍ വിവാഹത്തെക്കുറിച്ച് നിഷേധിച്ചെങ്കിലും, താൻ ഒരു സ്ത്രീയോടൊപ്പമാണ് താമസിച്ചതെന്നും, പിന്നീട് വേര്‍പിരിഞ്ഞെന്നും പറഞ്ഞു. ഈ അവകാശവാദങ്ങൾ ഡൽഹി പോലീസ് പരിശോധിച്ചുവരികയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ഇയ്യാള്‍ ഒരു പ്രാസംഗികനായാണ് അറിയപ്പെട്ടിരുന്നതെന്നും ചില മന്ത്രവാദ പൊടിക്കൈകള്‍ നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയിൽ എവിടെ പോയാലും ഒരു ‘മൗലവി’യായിട്ടാണ് ജീവിച്ചത്.

പാക്കിസ്താനിലെ ഐഎസ്ഐയുടെ നിരവധി ഫോൺ നമ്പറുകൾ പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിൽ ഒരു വലിയ ആക്രമണം നടത്താൻ ഐ‌എസ്‌ഐ ഇയ്യാളെ നിയോഗിച്ചിരുന്നതായാണ് പറയുന്നത്.

വ്യാജ രേഖകളിലൂടെ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ നേടിയ ഇയ്യാള്‍ പാക്കിസ്താനിലെ പഞ്ചാബ് നിവാസി മുഹമ്മദ് അഷ്റഫ് എന്ന അലിയാണെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അറസ്റ്റിലായ സമയത്ത് രാജ്യ തലസ്ഥാനത്തെ ശാസ്ത്രി നഗറിൽ താമസിക്കുന്ന അലി അഹമ്മദ് നൂരി എന്ന പേരിൽ ഒരു ഇന്ത്യൻ പൗരനായി ജീവിക്കുകയായിരുന്നു.

ഇയ്യാളില്‍ നിന്ന് എകെ 47 തോക്കും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സ്പെഷ്യൽ സെൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ പറഞ്ഞു. എകെ 47 റൈഫിളിന് പുറമെ, 60 റൗണ്ടുകളുള്ള രണ്ട് മാസികകൾ, ഒരു ഹാന്റ് ഗ്രനേഡ്, 50 റൗണ്ട് വെടിയുണ്ടകളുള്ള രണ്ട് പിസ്റ്റളുകൾ എന്നിവയും കണ്ടെടുത്തു.

യു.എ.പി.എ ആക്ട്, സ്ഫോടകവസ്തു നിയമം, ആയുധ നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെപ്തംബർ 14-ന് പ്രത്യേക സെൽ ഒരു പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘത്തെ തുരത്തുകയും പാക്കിസ്താനിലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പരിശീലിപ്പിച്ച രണ്ടുപേർ ഉൾപ്പെടെ ഏഴ് ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment