താരങ്ങള്‍ക്ക് മാത്രമല്ല നിങ്ങള്‍ക്കും കാരവനില്‍ ആഢംബര യാത്ര ചെയ്യാം – ‘കാരവന്‍ കേരള’യിലൂടെ

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളും ചില വിവിഐപികളും മാത്രം സ്വന്തമാക്കിയിരുന്ന കാരവനിലെ ആഡംബര യാത്ര ഇനി സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തേക്കും. കേരളത്തിന്റെ സ്വന്തം കാരവനുകൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത കാരവൻ ടൂറിസം എന്നൊരു പദ്ധതിയാണ് ‘കാരവൻ കേരള’. അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസ്റ്റ് കാരവൻ ആരംഭിക്കുന്നതിന്റെ ആദ്യപടിയാണിത്.

പ്രമുഖ വാഹന നിർമാതാക്കളായ ഭാരത് ബെൻസാണ് കാരവൻ നിർമ്മിച്ചത്. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമായി ആധുനിക സൗകര്യങ്ങളോടെയാണ് ഈ ടൂറിസ്റ്റ് കാരവൻ നിർമ്മിച്ചിരിക്കുന്നത്. പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പര്യവേക്ഷണം ചെയ്യാനും അവ പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പുതിയ പദ്ധതി.

2 മുതൽ 4 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് ആകൃതിയില്‍ മികച്ച സൗകര്യവും സുരക്ഷിതത്വവും നൽകുന്ന അന്തർനിർമ്മിത സവിശേഷതകൾ കാരവനുകളിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രകൃതിയോട് ഒത്തിണങ്ങിയ നയമാണിതെന്നാണ് ടൂറിസം വകുപ്പ് പദ്ധതിയെ പറ്റി പറയുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം. പകല്‍ യാത്രയും രാത്രി യാത്രയും വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാണ് പദ്ധതി. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങി ഒരു ആഡംബര കാരവാനില്‍ എന്തൊക്കെയുണ്ടോ അതൊക്കെയും സര്‍ക്കാരിന്റെ ഈ കാരവാനിലുമുണ്ടാകും.

അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും കാരവാനുകളില്‍ ഏര്‍പ്പെടുത്തും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും കാരവാനുകളുടെ പ്രവര്‍ത്തനം. കാരവാന്‍ പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തും.

സാധ്യത ഉണ്ടായിട്ടും ചില സ്ഥലങ്ങളില്‍ ആളുകള്‍ വരാത്തതിന് കാരണം അവിടെ താമസിക്കാനും മറ്റുമുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇവിടങ്ങളില്‍ കാരവാന്‍ പാര്‍ക്കുകള്‍ വരുന്നതോടെ ആപ്രശ്നം ഒഴിവാകുകയും ചെയ്യും. കൊറോണ തീര്‍ത്ത പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം മേഖല. കൊറോണയില്‍ നിന്നും പൂര്‍ണമായി മുക്തമായിട്ടില്ലെങ്കിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.

കാരവൻ ടൂറിസം കേരളത്തിൽ ഒരു പുതിയ തരംഗമായി മാറുമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് പ്രത്യേക ലോഗോ നൽകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. അത്തരം കാരവാനുകളുടെ യാത്ര തടസ്സരഹിതമായിരിക്കും. ടൂറിസം കാരവനുകളെ അനാവശ്യ പരിശോധനകളിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം, ഗതാഗത മേഖലയിൽ ഇതൊരു പുതിയ അദ്ധ്യായത്തിന് തുടക്കമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment