ഓട്ടോയുടെ വാതിലില്‍ ഘടിപ്പിച്ച ഗ്ലാസില്‍ തല കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: പിതാവിന്റെ ഓട്ടോയുടെ ഗ്ലാസ് ഡോറിനകത്ത് തലകുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം. പുന്നപ്ര കുറവൻതോട് മണ്ണാൻപറമ്പിൽ ഉമറുൽ അത്താബിന്റെ മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാന്‍ പിതാവ് വീട്ടിലേക്കു കൊണ്ടുവന്ന് മുറ്റത്ത് നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുൻചക്രത്തിൽക്കയറിയ ഹനാൻ, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോൾ കാൽവഴുതിപ്പോവുകയായിരുന്നു.

ആക്രിക്കട നടത്തുന്ന അത്താബ്, ഉച്ചഭക്ഷണം കഴിക്കാനാണ് പെട്ടി ഓട്ടോയുമായി വന്നത്. ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവർ പുറത്തിറങ്ങിയപ്പോൾ വണ്ടിയുടെ ചില്ലിനുമുകളിൽ തലകുടുങ്ങിയനിലയിൽ കണ്ടെത്തി.

ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അൻസില. സഹോദരൻ: മുഹമ്മദ് അമീൻ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment