ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസ്: എംകെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: ചന്ദ്രിക പണമിടപാട് കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം എംകെ മുനീറിനെ ഇന്നലെ ഉച്ചയോടെയാണ് ഇഡി ചോദ്യം ചെയ്തത്. ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തതിന് ശേഷമാണ് എംകെ മുനീറിനെയും ചോദ്യം ചെയ്തത്. ചന്ദ്രികയുടെ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിലാണ് ചെയ്തത്.

എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എംകെ മുനീർ കള്ളപ്പണം വെളുപ്പിക്കുന്നത് അറിഞ്ഞിരുന്നോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ ചന്ദ്രിക പത്രത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം നിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ വെളുപ്പിച്ചെന്നാണ് കേസിലെ പ്രധാന ആരോപണം.

അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്. എന്നാൽ, കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന ആരോപണം എം കെ മുനീർ നിഷേധിച്ചു. അക്കൗണ്ടിൽ ഉണ്ടായത് പത്രത്തിന്‍റെ വാർഷിക വരിസംഖ്യ ആണെന്നായിരുന്നു എം കെ മുനീറിന്‍റെ മൊഴി.

ദൈനംദിന കാര്യങ്ങളിൽ പത്രത്തിന്‍റെ ഡയറക്ടറായ താൻ ഇടപെടാറില്ലെന്നും ഫിനാൻസ് മാനേജറാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നും മുനീർ മൊഴി നൽകി. ഹൈദരലി ശിഹാബ് തങ്ങൾ ആരോഗ്യസംബന്ധമായ കാരണത്താൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും മുനീർ മൊഴി നൽകിയിട്ടുണ്ട്. കള്ളപ്പണ കേസിൽ നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള വരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment