ഇന്ത്യൻ ആർമി വനിതാ ലെഫ്റ്റനന്റ് കേണൽ ആത്മഹത്യ ചെയ്തു

മുംബൈ: പൂനെയിലെ വാനോവാരിയിൽ കമാൻഡ് ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന ആർമി റെസിഡൻഷ്യൽ ക്വാർട്ടേഴ്സിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു വനിതാ ലെഫ്റ്റനന്റ് കേണൽ ബുധനാഴ്ച രാവിലെ ആത്മഹത്യ ചെയ്തു.

ലഫ്റ്റനന്റ് കേണൽ രശ്മി അശുതോഷ് മിശ്ര (43) യെ ഷാളുകൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ ജീവനക്കാർ ചായ കൊടുക്കാന്‍ ചെന്നപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. 17 വയസ്സുള്ള മകനും ഭർത്താവ് കേണൽ അശുതോഷ് മിശ്രയുമുണ്ട്. മകൻ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് താമസിക്കുന്നത്.

വാനോവാരി പോലീസ് സംഭവം അപകടമരണമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. വനിതാ സൈനിക ഉദ്യോഗസ്ഥ കേണൽ അശുതോഷ് മിശ്രയെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുകയാണ്.

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ചില തെളിവുകളുടെ അടിസ്ഥാനത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ സേനയില്‍ ആത്മഹത്യ ചെയ്തതായി സംശയിക്കുന്ന ഒരു കേസ് സംബന്ധിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിക്കുകയും അതിന്റെ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സോണ്‍ 5) നമ്രത പാട്ടീല്‍ പറഞ്ഞു.

ജയ്പൂരിൽ നിയമിതയായ വനിതാ ആർമി ഓഫീസർ പൂനെയിലെ വാനോവാരിയിലെ മിലിട്ടറി ഇന്റലിജൻസ് ട്രെയിനിംഗ് സ്കൂളിലും ഡിപ്പോയിലും (MINTSD) പരിശീലനം നടത്തുകയായിരുന്നു. മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആറ് മാസത്തെ സൈനിക പരിശീലനത്തിനാണ് അവര്‍ വന്നത്. 1950 ൽ സ്ഥാപിതമായ MINTSD, ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, അർദ്ധസൈനിക സേന, സിവിൽ ഇന്റലിജൻസ് ഏജൻസികൾ, സൗഹൃദ വിദേശ രാജ്യങ്ങൾ എന്നിവയുടെ ഇന്റലിജൻസ് പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നു.

“ഒരു ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം പൂനെയിലെ മിലിട്ടറി ഇന്റലിജൻസ് ട്രെയിനിംഗ് സ്കൂളിന്റെയും ഡിപ്പോയുടെയും പരിസരത്ത് സംഭവിച്ചിട്ടുണ്ട്. പൂനെയിലെ മിലിട്ടറി ഇന്റലിജൻസ് ട്രെയിനിംഗ് സ്കൂളിലും ഡിപ്പോയിലും കോഴ്സിന് പഠിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥ. സിവിൽ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു. അന്വേഷണത്തിന്റെ കാര്യത്തിൽ സൈന്യം എല്ലാ സഹായവും നൽകുന്നുണ്ട്,” ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ ആർമി അധികൃതർ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment