പെൺകുട്ടികളുടെ ഒരു മുഴുവൻ തലമുറയുടെ അഭിലാഷങ്ങൾ തകർക്കപ്പെടുന്നു: ആംനസ്റ്റി ഇന്റര്‍നാഷണല്‍

കാബൂൾ | അഫ്ഗാനിസ്ഥാനിൽ ഒരു മുഴുവൻ തലമുറ പെൺകുട്ടികളുടെ അവകാശങ്ങളും അഭിലാഷങ്ങളും തള്ളിക്കളയുകയും തകർക്കുകയും ചെയ്യുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. പെൺകുട്ടികളെ ഉടൻ സ്കൂളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അവകാശ സംഘടന താലിബാനോട് ആവശ്യപ്പെട്ടു.

ആംനസ്റ്റി ഇന്റർനാഷണൽ ഒക്ടോബര്‍ 14 വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പെൺകുട്ടികളുടെ ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പെൺകുട്ടികളെ ഉടൻ സ്കൂളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട വിദ്യാർത്ഥിനികളുടേയും,അദ്ധ്യാപകരുടെയും അഭിപ്രായങ്ങളും ആവശ്യങ്ങളും റിപ്പോർട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡിന്റെ അഭിപ്രായത്തിൽ, രാജ്യത്തുടനീളം, ഒരു തലമുറയിലെ പെൺകുട്ടികളുടെ അവകാശങ്ങളും അഭിലാഷങ്ങളും തള്ളിക്കളയുകയും തകർക്കുകയും ചെയ്യുകയാണെന്ന് പറഞ്ഞു.

“വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികമായ മനുഷ്യാവകാശമാണ്. താലിബാൻ-രാജ്യത്തെ നയിക്കുന്ന യഥാർത്ഥ അധികാരികൾ എന്ന നിലയിൽ-അത് ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്. നിലവിൽ താലിബാൻ പിന്തുടരുന്ന നയങ്ങൾ വിവേചനപരവും അന്യായവും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതുമാണ്,” കല്ലമാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

അവകാശ ഗ്രൂപ്പിന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച്, രാജ്യവ്യാപകമായി ആൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിലേക്ക് മടങ്ങാൻ അനുവദിച്ചപ്പോൾ, പെൺകുട്ടികൾ മടങ്ങിവരുന്നതിന് മുമ്പ് “സുരക്ഷിതമായ പഠന അന്തരീക്ഷം” ആവശ്യമാണെന്ന് താലിബാൻ നിർബന്ധം പിടിക്കുകയാണ്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മതിയായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആംനസ്റ്റി ഇന്റർനാഷണൽ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി സ്കൂളുകൾ സർക്കാരിതര സംഘടനകളിലൂടെ പ്രവർത്തിക്കുന്നത് തുടരാനാകും.

എന്നാല്‍, ഇത് ചെയ്തില്ലെങ്കിൽ അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുമെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി.

ഓഗസ്റ്റ് 15 മുതൽ അപ്പർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ, ദശലക്ഷക്കണക്കിന് വിദ്യാർത്ഥിനികളെ സ്കൂളിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment