കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിന്റെ പങ്കാളി പ്രവാസിയായ അനിത പുല്ലയിലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടക്കമുള്ള പല പ്രമുഖരെയും മോന്സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. അവര്‍ തന്നെയാണ് ലോക്നാഥ് ബെഹ്റയെ മോന്സണ് നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തട്ടിപ്പ് കേസില്‍ പരാതിക്കാരെ അനിത സഹായിച്ചിരുന്നു. അനിത പുല്ലയില്‍ കൊച്ചിയിലെത്തുമ്പോഴെല്ലാം മോന്‍സണുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മോന്‍സണെ അനിതയ്ക്ക് അടുത്തറിയാം.
മോന്സണ് നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അനിതയ്ക്ക് അറിയാമെന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് എന്നത്തേയ്ക്ക് ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news