മാപ്പിളപ്പാട്ടുകളുടെ ‘സുല്‍ത്താന്‍’ വി എം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ടുകളുടെ ‘സുല്‍ത്താന്‍’ എന്നും മാപ്പിളപ്പാട്ടിനെ ‘ജനകീയമാക്കിയ കലാകാരന്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന വിഎം കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ്കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാനവും സുദീര്‍ഘവുമായ കാലമാണ് വിടപറയുന്നത്. കല്യാണപന്തലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിള കലാകാരനാണ് വിഎം കുട്ടി. പഴയതും പുതിയതുമായ തലമുറകള്‍ക്ക് ഒരുപോലെ സുപരിചിതനായ വിഎം കുട്ടിയെ വെറുമൊരു മാപ്പിള പാട്ടുകാരനായി മാത്രം ഒതുക്കി നിര്‍ത്താനാകില്ല. മാപ്പിളപ്പാട്ട് ശാഖയെ കുറിച്ചും ചരിത്രത്തെ കുറിച്ചും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ വിഷയത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു.

മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടുമുറ്റത്ത് ഒത്തുകൂടിയിരുന്ന അയല്‍പക്കക്കാര്‍ ആലപിച്ച സബീനപ്പാട്ടുകളും നാടന്‍പാട്ടുകളും കേട്ടുപഠിച്ചാണ് കുഞ്ഞ് വിഎം കുട്ടി വളര്‍ന്നത്. ബന്ധുവായ ഫാത്തിമകുട്ടി പാണ്ടികശാല വിഎം കുട്ടിയ്ക്ക് ഗുരുവായി. 1954ല്‍ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ കലാജീവിതം ആരംഭിച്ചു.

മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രശസ്തനാകാന്‍ വിഎം കുട്ടിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. 1957ല്‍ അദ്ദേഹം ഒരു ഗായകസംഘം തുടങ്ങി. മാപ്പിളപ്പാട്ടിന് വേണ്ടി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഗാനമേള ട്രൂപ്പായിരുന്നു അത്. ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലും വിഎം കുട്ടിയുടെ നേതൃത്വത്തില്‍ സംഘം മാപ്പിളപ്പാട്ട് ഗാനമേളകള്‍ അവതരിപ്പിച്ചു.

മാപ്പിളപ്പാട്ടുകളെ സാമുദായിക കെട്ടുപാടുകളില്‍ നിന്നും അറബിമലയാളത്തില്‍ നിന്നും മോചിപ്പിച്ച് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കാന്‍ വിഎം കുട്ടി ശ്രമിച്ചു. ഭാവപൂര്‍ണമായ ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ടുകളെ കൂടുതല്‍ ജനപ്രിയമാക്കി. കുട്ടികള്‍ക്ക് പാടാനായി അദ്ദേഹം ഗാനങ്ങള്‍ രചിച്ച് ഈണമിട്ട് നല്‍കി. അദ്ദേഹം രൂപം നല്‍കിയ കുട്ടികളുടെ മാപ്പിളപ്പാട്ട് സംഘം ആകാശവാണിയില്‍ കുട്ടികളുടെ പരിപാടികളില്‍ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചു. ആകാശവാണിയിലെ സ്ഥിരം ഗായകനായിരുന്നു വിഎം കുട്ടി.

1964ല്‍ വിഎം കുട്ടിയുടെ ആദ്യത്തെ ഗ്രാമഫോണ്‍ റെക്കോഡ് പുറത്തിറങ്ങി. അതിന് ശേഷം നൂറ് കണക്കിന് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തിട്ടുണ്ട്. 1970ല്‍ കേരളത്തിലെ മറ്റൊരു പ്രമുഖ മാപ്പിളപ്പാട്ട് കലാകാരിയായ വിളയില്‍ ഫസീല വിഎം കുട്ടിയുടെ ട്രൂപ്പില്‍ എത്തിയതോടെ സംഘത്തിന്റെ പ്രശസ്തിയേറി. മലപ്പുറം ജില്ലയില്‍ മാത്രം ഒതുങ്ങിയിരുന്ന സംഘത്തിന്റെ പരിപാടികള്‍ കേരളത്തിനകത്തും പുറത്തേക്കും നീങ്ങി.

ആദ്യകാലത്ത് തബലയും ഹാര്‍മോണിയവും മാത്രമായിരുന്നു സംഗീതോപകരണങ്ങളായി ഉപയോഗിച്ചിരുന്നത്. 1975 മുതല്‍ 1978 വരെ എംഎസ് ബാബുരാജ് വിഎം കുട്ടിയുടെ ട്രൂപ്പിന് വേണ്ടി സ്ഥിരമായി ഹാര്‍മോണിയം വായിച്ചിരുന്നു. ഗായകന്‍ ഉദയഭാനു അദ്ദേഹത്തിലെ സംഘത്തിലെ സ്ഥിരം ഗായകനായിരുന്നു.

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയും കേരള സംഗീത നാടക അക്കാദമി അംഗമായും വിഎം കുട്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവയില്‍ അദ്ദേഹം അംഗമായിരുന്നു. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

മലയാള സിനിമാ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പ്പത്തി, സമ്മാനം, മാന്യമഹാജനങ്ങളേ, സമ്മേളനം, 1921, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പിന്നണി ഗായകനായി. 1921 എന്ന ചിത്രത്തില്‍ മൊയ്തീന്‍ കുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് വിഎം കുട്ടി സംഗീതം നല്‍കി. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മൂന്ന് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല ഈ അതുല്യപ്രതിഭയ്ക്ക് ഡിലീറ്റ് ബഹുമതി നല്‍കി ആദരിച്ചു. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment