മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുവീരനെ ലോകത്തിന് കാണിച്ചുകൊടുത്തതാണോ തന്റെ തെറ്റ്?: അനിത പുല്ലയില്‍

ആലപ്പുഴ: മോന്‍സണ്‍ മാവുങ്കല്‍ എന്ന ലോക തട്ടിപ്പുവീരനെ പുറംലോകത്തെത്തിച്ച് നിയമത്തിനു മുന്നില്‍ ഹാജരാക്കിയതാണോ താന്‍ ചെയ്ത തെറ്റെന്ന് അനിത പുല്ലയില്‍ ചോദിക്കുന്നു. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അനിത. താന്‍ ഏത് അന്വേഷണം നേരിടാനും സഹകരിക്കാനും തയ്യാറാണെന്നും അവര്‍ പറഞ്ഞു. ശരിയായ രീതിയിലാണ് ഈ കേസ് അന്വേഷിക്കുന്നതെങ്കില്‍ താന്‍ സഹകരിക്കാന്‍ തയ്യാറാണെന്നും, അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പ്രവാസി മലയാളിയായ അനിത പുല്ലയില്‍ പറഞ്ഞു.

‘മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോ​ഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണ്’, അനിതാ പുല്ലയില്‍ പറഞ്ഞു.

‘തനിക്ക് സത്യം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാം. അങ്ങനെ ഒന്നുണ്ടെങ്കില്‍ നമുക്ക് കാത്തിരുന്നു കാണാം. മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചൊരാളെ ഒരു രാജാവിനെ പോലെ വാഴുന്ന സമയത്താണ് നെറികേടിന്റെ മറനീക്കി ഈശ്വരന്‍ പുറത്തു കൊണ്ട് വന്നതെങ്കില്‍ ദൈവത്തിനും മടുത്തിട്ടുണ്ടാവില്ലേ?.

പിന്നെ അവന്റെ അനര്‍ഹതയില്‍ സമ്പാദിച്ച പണം കൊണ്ട് ജീവിച്ചിരുന്ന ആളുകളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍ ആരെങ്കിലും? ആ ആളുകള്‍ ഇപ്പോഴും പുറത്തുണ്ട്. ആ റിസള്‍ട്ടാണ് ഇതുപോലെ തനിക്കെതിരെ നെഗറ്റിവായി കണ്ടു കൊണ്ടിരിക്കുന്നത്’, അനിത പുല്ലയില്‍ പറഞ്ഞു.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment