ഒന്നര മാസം മുമ്പ് പാലക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെക്കുറിച്ച് യാതൊരു വിവരവുമില്ല

പാലക്കാട്: ആലത്തൂരിൽ നിന്ന് ഒന്നര മാസം മുമ്പ് കാണാതായ ഡിഗ്രി വിദ്യാർത്ഥിനിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പോലീസിനോ കുടുംബക്കാര്‍ക്കോ കിട്ടിയിട്ടില്ല. പാലക്കാട് മെഴ്സി കോളേജിലെ വിദ്യാര്‍ത്ഥിനി സൂര്യകൃഷ്ണയാണ് ഒന്നര മാസം മുമ്പ് വീടുവിട്ടിറങ്ങിയത്. പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാൻ ഗോവ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ സൂര്യകൃഷ്ണയ്ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണത്തിൽ തുമ്പൊന്നും കണ്ടെത്താത്തതിനെ തുടർന്ന് പോലീസ് വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൂര്യകൃഷ്ണയുടെ തമിഴ്നാട്ടിലെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഗോവയില്‍ വീട് വെച്ച്‌ താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാല്‍ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് ഗോവ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്‌സി കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യ കൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയില്‍ കാത്തു നിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment