ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ഉപദേശക സമിതി അംഗവും ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചനം രേഖപ്പെടുത്തി. 2019 ഇല്‍ ഹൂസ്റ്റണില്‍ വെച്ച് പ്രൗഡ ഗംഭീരമായി നടത്തിയ ഇന്റര്‍നാഷ്ണല്‍ മീഡിയാ കോണ്‍ഫറന്‍സിന്റെ വൈസ് ചെയര്‍മാനായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണം ഐഎപിസിക്ക് കനത്ത നഷ്ടമാണെന്ന് ചെയര്‍മാന്‍ പ്രഫ. ജോസഫ് എം.ചാലില്‍ പറഞ്ഞു.

റിസ്‌ക് മാനേജുമെന്റ് ഫോര്‍ ജേര്‍ണലിസ്റ്റ്‌സ് എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍, വിവിധ ജേര്‍ണലിസം വര്‍ക്ഷോപ്പുകള്‍, പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് തുടങ്ങിയ നിരവധി ആനുകാലിക വിഷയങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികള്‍ സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഈശോ ജേക്കബിന്റെ അനിതര പാടവം പ്രശംസനീയമായിരുന്നു. ഈശോ ജേക്കബിന്റെ ആകസ്മികമായ വേര്‍പാട് മാധ്യമലോകത്തിനാകെ തീരാനഷ്ടമാണെന്ന് ഐഎപിസി പ്രസിഡന്റ് ഡോ.എസ്.എസ്. ലാല്‍ പറഞ്ഞു.

ഐഎപിസിയുടെ രൂപീകരണ കാലഘട്ടം മുതല്‍ ഈ സംഘടനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഈശോ ജേക്കബിന്റെ നിര്യാണം അപ്രതീക്ഷിതവും ദുഖകരവുമാണെന്ന് ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. ഐഎപിസിയുടെ വളര്‍ച്ചയ്ക്കായി ഈശോ ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാവുന്നതല്ല. കൂടാതെ അദ്ദേഹം ഏഷ്യന്‍ഈറയുടെ റസിഡന്റ് എഡിറ്ററും അക്ഷരം മാസികയുടെ മാനേജിംഗ്് എഡിറ്ററും ആയിരുന്ന കാലഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ പ്രഫഷണലിസം അടുത്തറിയാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് ഐഎപിസിക്കും അമേരിക്കയിലെ മാധ്യമസമൂഹത്തിനും മലയാളികള്‍ക്കും തീരാനഷ്ടമാണെന്നും ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു.

ഈശോ ജേക്കബിന്റെ വേര്‍പാട് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം നികത്താനാകാത്ത നഷ്ടമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. മാത്യു ജോയിസ് പറഞ്ഞു. 2019 ല്‍ ഹ്യൂസ്റ്റണില്‍ നടന്ന കോണ്‍ഫ്രന്‍സിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച സമയത്താണ് ഈശോ ജേക്കബുമായി അടുത്ത് ഇടപഴുകിയതെന്നും ആ സമയത്ത് അദ്ദേഹത്തിനിലെ നേതാവിനെയും മാധ്യമപ്രവര്‍ത്തകനെയും അടുത്തറിയാന്‍ സാധിച്ചുവെന്നും മാത്തുക്കുട്ടി ഈശോയും റെജി ഫിലിപ്പും അനുസ്മരിച്ചു.

ഹ്യൂസ്റ്റനില്‍ നിന്ന് 1988 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാര്‍ത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ചാണ് അരങ്ങൊഴിയുന്നത്. ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു അന്ത്യം. കോട്ടയം വാഴൂര്‍ ചുങ്കത്തില്‍ പറമ്പില്‍ കുടുംബാംഗമായ ഈശോ ജേക്കബ് 37 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും നിന്നും ബിരുദാനനന്തരബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയ ഇദ്ദേഹം കോട്ടയം സിഎംഎസ് കോളജിലെയും വാഴൂര്‍ എന്‍എസ്എസ് കോളജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment