സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയില്‍ ഉരുള്‍ പൊട്ടി ഏഴു പേര്‍ മണ്ണിനടിയില്‍ പെട്ടു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

തൊടുപുഴ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലെ കൊക്കയാറില്‍ ജനവാസമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മണ്ണിനടിയില്‍ പെട്ടു. പതിനേഴ് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. അഞ്ച് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം.

അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.

സംസ്ഥാനത്ത് ആറു ജില്ലകളില്‍ അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment