യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ കാണിച്ച് 2 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മുംബൈ : യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ഉത്തർപ്രദേശുകാരനായ 23-കാരനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

അർജുൻ റായ് എന്ന പ്രതിയെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നാണ് മലബാർ ഹിൽ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മലേഷ്യയില്‍ താമസമാക്കിയ മുംബൈയിൽ നിന്നുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഈ വർഷം മാർച്ചിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍, കോവിഡ്19 ലോക്ക്ഡൗൺ കാരണം അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് ഉടൻ യുപിയിലേക്ക് പോകാനായില്ല.

മലേഷ്യ ആസ്ഥാനമായുള്ള പരാതിക്കാരിക്ക് ‘സെക്‌സ് ചാറ്റ്’ ചെയ്യാന്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ചതായി പോലീസ് പറയുന്നു. എന്നാല്‍, യുവതി സന്ദേശം ഗൗനിച്ചില്ല. പിന്നീട്, യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയക്കുകയായിരുന്നു. ഇതേത്തുടർന്ന് യുവതി തന്റെ സഹോദരനെ വിവരമറിയിച്ചു. ഫോട്ടോകൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതി സഹോദരനിൽ നിന്ന് 8,000 രൂപ വാങ്ങിയെന്നു പറയുന്നു.

ഇന്ത്യൻ പീനൽ കോഡ്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റു ചെയ്ത പ്രതിയെ ഒക്ടോബർ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

“നിങ്ങൾ അശ്ലീലം കാണുകയായിരുന്നു, പിഴ അടയ്ക്കൂ” എന്ന വ്യാജ പോപ്പ്-അപ്പ് നോട്ടീസുകൾ അയച്ച് ഇന്റർനെറ്റ് ഉപയോക്താക്കളെ കബളിപ്പിച്ച              ഒരു സംഘത്തിലെ മൂന്ന് പേരെ ഡൽഹി പോലീസിന്റെ സൈബർ സെൽ അറസ്റ്റ് ചെയ്തത് മാസങ്ങൾക്ക് മുമ്പാണ്. നിയമവിരുദ്ധമായ അശ്ലീല ഉള്ളടക്കം കണ്ടുവെന്ന് അവകാശപ്പെട്ട് പിഴ അടയ്ക്കാൻ സംശയം തോന്നാത്ത വിധത്തില്‍ ഇന്റർനെറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി.

രാം കുമാർ സെൽവം, ഗബ്രിയൽ ജെയിംസ്, ബി ദിനുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. കംബോഡിയ ആസ്ഥാനമായുള്ള സൂത്രധാരനായ ബി ചന്ദർകാന്ത് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് മൂവരും പ്രവർത്തിച്ചത്. അശ്ലീല ഉള്ളടക്കം കാണുന്നുവെന്ന് ആരോപിച്ച് ഉപയോക്താക്കള്‍ക്ക് പോലീസിന്റേതെന്ന് തോന്നിക്കുന്ന നോട്ടീസ് നൽകി ഇരകളുടെ കമ്പ്യൂട്ടറിലെ എല്ലാ ഫയലുകളും തടഞ്ഞു വെച്ച് 3,000 രൂപ പിഴയായി നൽകാന്‍ ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment