റവ.ഡോ. വില്യം കാളിയാടന്‍ മിഷണറീസ് ഓഫ് ലാസലറ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍: ഡോ. ജേക്കബ് കല്ലുപുര

ബോസ്റ്റണ്‍: ലാസലറ്റ് മിഷനറീസിന്റെ നോര്‍ത്ത് അമേരിക്കന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി മലയാളിയായ റവ.ഡോ വില്യം കാളിയാടന്‍ തെരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് അമേരിക്ക, അര്‍ജന്റീന, ബൊളിവീയ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ലാസലറ്റ് മിഷണറീസിന്റെ ‘മേരി മദര്‍ ഓഫ് അമേരിക്കാസ്’ പ്രൊവിന്‍സ്.

ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ ഒക്‌ടോബര്‍ 15-നു നടന്ന പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍ മീറ്റിംഗാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഏഷ്യന്‍ അമേരിക്കന്‍ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്.

സഭയുടെ നേതൃസ്ഥാനത്ത് എത്തിച്ചേരുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയും എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പ് അമേരിക്കന്‍ കുടിയേറ്റക്കാരുടെ ഇടയില്‍ സജീവ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഫാ. വില്യം ഇപ്പോള്‍ അമേരിക്കയിലെ ബോസ്റ്റന് സമീപമുള്ള പ്രശസ്തമായ കേപ്പ് കോട് ‘ഓവര്‍ ലേഡി ഓഫ് കേപ്പ്’ ഇടവകയുടെ വികാരിയും കൂടിയാണ്.

അമേരിക്കയിലേക്ക് കുടിയേറിയ ഏഷ്യന്‍ വംശജരുടെ, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ആത്മീയവും സമൂഹികവുമായ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങള്‍ക്ക് സജീവ സാന്നിധ്യവും ഉപദേശവും നല്കുന്ന ഡോ. കാളിയാടന്റെ നേതൃപാടവം മലയാളികള്‍ക്കും, ഇന്ത്യക്കാര്‍ക്കും മാത്രമല്ല, അമേരിക്കയിലെ ക്രിസ്തീയ സഭാ വിശ്വാസികള്‍ക്കും പ്രയോജനകരമായിരുന്നിട്ടുണ്ട്. അമേരിക്കയിലെ പൊതുജീവിതത്തില്‍ അനേകം സുഹൃത്തുക്കളെ സമ്പാദിച്ച റവ.ഫാ. വില്യം അനേകം കുടുംബങ്ങളുടെ ആത്മീയനേതാവും കൂടിയാണ്. മാസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട്, ന്യൂഹാംപ്‌ഷെയര്‍ സംസ്ഥാനങ്ങളിലെ അമേരിക്കന്‍ ദേവാലയങ്ങളില്‍ ശ്രദ്ധേയവും സ്തുത്യര്‍ഹവുമായ സേവനം നടത്തിയ ഈ മിഷണറി പുരോഹിതന്റെ നേതൃപാടവം നേരിട്ട് അനുഭവിച്ചിട്ടുള്ള എല്ലാവരും ഈ വാര്‍ത്ത അത്യധികം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.

ഫാ. വില്യം അദ്ദേഹത്തിന്റെ സന്യാസജീവിതം ആരംഭിച്ചത് ഫിലിപ്പീന്‍സിലെ സെന്റ് മാത്യൂ പാരീഷിലാണ്. 30,000 വിശ്വാസികളും 1,300-ല്‍ അധികം വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഇടവകയുടെ വികാരിയും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറുമായി സേവനം ചെയ്തതിനുശേഷമാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.

തൃശൂര്‍ ജില്ലയിലെ മാള പുളിപ്പറമ്പില്‍ കാളിയാടന്‍ കുടുംബത്തിലാണ് ഫാ. വില്യം ജനിച്ചത്. കുഞ്ചപ്പന്‍ കാളിയാടന്റേയും അന്നം കാളിയാടന്റേയും പുത്രനായി ജനിച്ച വില്യം ഇരിങ്ങാലക്കുട രൂപതയിലാണ് വൈദീക പഠനം തുടങ്ങിയത്. പിന്നീട് ലാസലറ്റ് മിഷണറി സഭയില്‍ ചേര്‍ന്ന് ഫിലിപ്പീന്‍സില്‍ വൈദീക പഠനം തുടര്‍ന്നു. ഫിലിപ്പീന്‍സിലെ ‘ദി ഡിവൈന്‍ മേരി’ സെമിനാരിയില്‍ വൈദീക പഠനം പൂര്‍ത്തിയാക്കി. ബോസ്റ്റണിലെ ആന്‍ഡോവര്‍- ന്യൂട്ടന്‍ തിയോളിക്കല്‍ കോളജില്‍ നിന്നും മാരിയേറ്റ് ആന്‍ഡ് ഫാമിലി കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News