പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും

ബുദ്ധ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. മുൻകാലങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും ഇന്ത്യയിലെ അന്തർദേശീയ ബുദ്ധമത തീർത്ഥാടകരുടെ വിമാന യാത്രാ ആവശ്യകതകൾ സുഗമമാക്കാനും ഈ അന്താരാഷ്ട്ര വിമാനത്താവളം ഉപകരിക്കും. കൊളംബോയിൽ നിന്ന് 125 പ്രമുഖരേയും ബുദ്ധസന്യാസിമാരെയും വഹിച്ചുകൊണ്ടുള്ള ഉദ്ഘാടന വിമാനം വിമാനത്താവളത്തിലെത്തും.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, രാജ്യത്തെ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായായാണ് കുശിനഗർ എയർപോർട്ട് 3600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, പുതിയ ടെർമിനൽ കെട്ടിടത്തോടുകൂടിയ വിമാനത്താവളം നിര്‍മ്മിച്ചത്. ആഭ്യന്തര, അന്തർദേശീയ സന്ദർശകരുടെയും തീർത്ഥാടകരുടേയും ദീര്‍ഘകാല ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്.

തിരക്കേറിയ സമയങ്ങളിൽ 300 യാത്രക്കാരെ കൈകാര്യം ചെയ്യാൻ പുതിയ ടെർമിനൽ സജ്ജീകരിച്ചിട്ടുണ്ട്. കുശിനഗർ ഒരു അന്തർദേശീയ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ്. അവിടെയാണ് ഭഗവാൻ ഗൗതം ബുദ്ധൻ മഹാപരിനിർവാണം നേടിയത്.

ലുമ്പിനി, സാരനാഥ്, ഗയ എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ബുദ്ധമത സർക്യൂട്ടിന്റെ കേന്ദ്രബിന്ദു കൂടിയാണിത്. സ്വദേശത്തും വിദേശത്തുനിന്നും ബുദ്ധമതത്തിന്റെ കൂടുതൽ അനുയായികളെ കുശിനഗറിലേക്ക് ആകർഷിക്കുന്നതിനും, ബുദ്ധ തീം അധിഷ്ഠിത സർക്യൂട്ട് വികസിപ്പിക്കുന്നതിനും ഈ വിമാനത്താവളം സഹായിക്കും. ലുമ്പിനി, ബോധഗയ, സാരനാഥ്, കുശിനഗർ, ശ്രാവസ്തി, രാജ്ഗിർ, സങ്കിസ, വൈശാലി എന്നീ സ്ഥലങ്ങളിലെ യാത്ര കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാം.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മേഖലയിലെ വിവിധ ബുദ്ധമത സ്ഥലങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകിക്കൊണ്ട് സൗകര്യമൊരുക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ഈ വ്യോമയാന കണക്ഷൻ, ശ്രീലങ്ക, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന, തായ്‌ലൻഡ്, വിയറ്റ്നാം, സിംഗപ്പൂർ മുതലായ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുശിനഗറിലെത്താനും പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകം അനുഭവിക്കാനും എളുപ്പമാക്കും. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ ടൂറിസം വരവ് 20 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment