മഴദുരന്തം കുട്ടനാട്ടിലെ ജനജീവിതം സ്തംഭിപ്പിക്കുന്നു; കക്കി ഡാം തുറന്നത് ജലനിരപ്പ് ഉയരുമെന്ന് ആശങ്ക

ആലപ്പുഴ: സംസ്ഥാത്തെ ശക്തമായ മഴ തുടരുന്നത് കുട്ടനാടന്‍ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുമെന്ന ആശങ്ക രൂക്ഷമാകുന്നു. കക്കി ഡാം തുറന്ന ശേഷം ഒഴുകുന്ന വെള്ളം നാളെ രാവിലെ മുതൽ കുട്ടനാട്ടിൽ എത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ, തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും വെള്ളം കടലിലേക്ക് ഒഴുകുന്നതിനാൽ 2018 ലെ പോലെ പ്രളയക്കെടുതി രൂക്ഷമാകില്ലെന്നാണ് സൂചന.

അതേസമയം, ദുരന്തനിവാരണ നിയമപ്രകാരം, ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എ.കെ. അലക്സാണ്ടർ ഉത്തരവിറക്കി. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുട്ടനാട്ടിലെ പ്രളയക്കെടുതി കര്‍ഷകരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പാടശേഖരങ്ങളുടെ പുറം ബണ്ട് കവിഞ്ഞ് വെള്ളം കയറുമോ എന്ന ആശങ്കയിലാണ് എല്ലാവരും.

വെള്ളപ്പൊക്കം രൂക്ഷമായതോടെ കുട്ടനാട്ടിലെ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കതും വെള്ളത്തിനടിയിലാണ്. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി തിങ്കളാഴ്ച രാവിലെ മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആർ.സി സർവീസുകൾ നിർത്തിയിരുന്നു.

പമ്പയാർ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഇവിടങ്ങളിൽ വാഹനഗതാഗതവും തടസ്സപ്പെട്ടു. തലവടി കുതിരച്ചാൽ പുതുവൽ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോളനിയിലെ മിക്ക വീടുകളും മുട്ടോളം വെള്ളത്തിലാണ്. അപ്പർകുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽമുങ്ങുന്ന പ്രദേശമാണു കുതിരച്ചാൽ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും സമാന അവസ്ഥയാണു നിലനിൽക്കുന്നത്.

കുട്ടനാട് മേഖലയിൽ നിന്ന് മാറ്റുന്നവരെ അമ്പലപ്പുഴ, ചങ്ങനാശ്ശേരി താലൂക്കുകളിലെ കേന്ദ്രങ്ങളിൽ താമസിപ്പിക്കാന്‍ കളക്റ്റര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ വികസന കമ്മീഷണർ അഞ്ജു (ഫോൺ -7306953399), സബ് കളക്ടർ സൂരജ് ഷാജി (9447495002), എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ (8547610046), ഡെപ്യൂട്ടി കളക്ടർ ആന്റണി സ്കറിയ (9447787877) എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ഈ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment